KeralaLatest NewsIndia

പിണറായിയുടെ കെ റെയില്‍പദ്ധതി: കേന്ദ്രം കൈയൊഴിഞ്ഞതോടെ സമരം ശക്തമാക്കാൻ ബിജെപി

വിദേശ ഏജന്‍സികളില്‍ നിന്നുള്ള വായ്പ ബാധ്യത സംബന്ധിച്ച്‌ വ്യക്തത വരുത്താനും കേന്ദ്രം കേരളത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.

കണ്ണൂര്‍: കെ റെയില്‍ പദ്ധതി എന്തുവില കൊടുത്തും നടപ്പിലാക്കുമെന്ന പിണറായി സര്‍ക്കാരിന്റെ തീരുമാനത്തിനേറ്റ അടിയായിരുന്നു കേന്ദ്ര നിലപാട്. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റയില്‍വേമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. അതുവരെ ബിജെപിയെ സമരമുഖത്തേക്കിറക്കാതിരിക്കാൻ കേന്ദ്ര പദ്ധതിയാണിതെന്ന തെറ്റിദ്ധാരണ ഉണ്ടാക്കാൻ സിപിഎമ്മിന് കഴിഞ്ഞു. എന്നാൽ കേന്ദ്രം കയ്യൊഴിഞ്ഞതോടെ സമരം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം.

ഇതോടെ യു.ഡി. എഫിനും സമരസമിതിക്കും താല്‍ക്കാലിക ആശ്വാസം.കെ.റെയില്‍ പദ്ധതി മൂലമുണ്ടാകുന്ന വന്‍കട ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വെട്ടിതുറന്നു പറഞ്ഞതാണ് പിണറായി സര്‍ക്കാരിന് കടുത്ത തിരിച്ചടിയായി മാറിയത്. ഇത്തരം വന്‍ പദ്ധതികള്‍ തനിച്ചു സംസഥാന സര്‍ക്കാരിനു നടത്താന്‍ കഴിയില്ലെന്നിരിക്കെ പിണറായിയുടെ സ്വപ്നപദ്ധതി ഉപേക്ഷിക്കേണ്ടിവരുമെന്നാണ് സൂചന.

വിദേശ ഏജന്‍സികളില്‍ നിന്നുള്ള വായ്പ ബാധ്യത സംബന്ധിച്ച്‌ വ്യക്തത വരുത്താനും കേന്ദ്രം കേരളത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. 63941 കോടി രൂപയാണ് സില്‍വര്‍ലൈന്‍ പദ്ധതിക്ക് ആകെ ചെലവ്. ഇതില്‍ 33700 കോടി രൂപയാണ് രാജ്യാന്തര ഏജന്‍സികളില്‍ നിന്നും വായ്പ എടുക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതിന്റെ നിശ്ചിത ശതമാനം ബാധ്യത കേന്ദ്രവും സംസ്ഥാനവും വഹിക്കുമെന്നായിരുന്നു ധാരണ. ഇതിലാണ് വ്യക്തത വരുത്താന്‍ കേന്ദ്രം ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയത്.

മാത്രമല്ല കേന്ദ്രപരിസ്ഥിതി മന്ത്രാലയം, റെയില്‍വെ എന്നിവയുടെ തടസവാദങ്ങള്‍ കടന്നുവേണം ലക്ഷ്യത്തിലെത്താന്‍. പരിസ്ഥിതി ആഘാത റിപ്പോര്‍ട്ടുകോടതി തള്ളിയതിനെ തുടര്‍ന്ന് കോടികള്‍ ചെലവഴിച്ചു വീണ്ടും കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. ഇതൊക്കെ അപ്രായോഗികമാണെന്നു കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തിയ നിലയ്ക്കു കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നടക്കുന്ന സാധ്യതാ സര്‍വേ ഉപേക്ഷിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

ഇതുവരെ സര്‍വേയ്ക്കും കുറ്റിയിടലിനുമായി തൊണ്ണൂറ് ലക്ഷം ചെലവഴിച്ചു കഴിഞ്ഞു. പദ്ധതിയിൽ കേന്ദ്ര സർക്കാരിന് യാതൊരു പങ്കുമില്ലെന്ന നിലപാട് പുറത്തു വന്നതോടെ ബിജെപിയും സമരമുഖത്തേക്കിറങ്ങുകയാണ്. ശാസ്ത്രസാഹിത്യപരിഷത്തിന്റെതുള്‍പ്പെടെ വിമര്‍ശനമേറ്റുവാങ്ങേണ്ടി വന്ന സര്‍ക്കാരും സി.പി. എമ്മും കൂടുതല്‍ രാഷ്ട്രീയ പ്രതിരോധത്തിലായേക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button