KeralaLatest NewsNews

ആയുസ്സ് തീര്‍ന്നെന്ന് മാത്രമല്ല ഏതു നിമിഷവും പൊട്ടുമെന്ന നിലയിലാണ് മുല്ലപ്പെരിയാര്‍ ഡാം: പി.സി ജോര്‍ജ്

35 ലക്ഷത്തോളം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കണം.

കോട്ടയം: മുല്ലപ്പെരിയാര്‍ ഡാം പൊളിച്ച് പണിയണമെന്ന ആവശ്യവുമായി പി.സി ജോര്‍ജ്. അല്ലാത്തപക്ഷം നമ്മുടെയെല്ലാം ഉറക്കം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാർ പൊളിച്ച് പണിയില്ലെന്ന് പറയുന്ന ഭരണാധികാരി നാടിന്റെ ശത്രുവാണെന്നും പി.സി. ജോർജ്ജ് ഉന്നയിച്ചു. പുതിയ ഡാം പണിയാൻ തയ്യാറായില്ലെങ്കിൽ ഹർത്താൽ അടക്കുള്ള പ്രക്ഷോഭങ്ങൾ ഉണ്ടാകുമെന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ഏത് സമരമാർഗ്ഗവും സ്വീകരിക്കുമെന്നും പി.സി ജോർജ് പറഞ്ഞു.

‘ഏതു ഡാമിനും 50 വര്‍ഷത്തില്‍ കൂടുതല്‍ ആയുസില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. മുല്ലപ്പരിയാര്‍ ഡാമിന് 126 കൊല്ലം പഴക്കമുണ്ട്. ആയുസ്സ് തീര്‍ന്നെന്ന് മാത്രമല്ല ഏതു നിമിഷവും പൊട്ടുമെന്ന നിലയിലാണ് മുല്ലപ്പെരിയാര്‍ ഡാം. ഡാമിന് ബലക്ഷയം സംഭവിച്ചെന്നാണ് എല്ലാ പഠന റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത്. പൊളിച്ച് പണിയണമെന്നാണ് എല്ലാ പഠനങ്ങളും പറയുന്നത്. അതി തീവ്ര ഭൂകമ്പങ്ങളെ ഡാമിന് അതിജീവിക്കാനാവില്ല, അത്തരത്തില്‍ ഭൂചലനങ്ങളെ അതിജീവിക്കാനാവുന്ന ഡാമാണ് പുതുതായി നിര്‍മിക്കേണ്ടത്’- പിസി ജോർജ് വ്യക്തമാക്കി.

Read Also: സ്വര്‍ണക്കടത്തിന് പണം നല്‍കിയത് കാരാട്ട് ഫൈസൽ: നിർണായക മൊഴിയുമായി ഒന്നാം പ്രതി സരിത്ത്

‘ഡാം തകരുമെന്ന് ഭീതിപരത്തുന്നവരെ പിടിച്ച് ജയിലിലിടുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അദ്ദേഹം ഒരു തമാശക്കാരനാണെന്ന് ഞാന്‍ ആദ്യമായാണ് അറിയുന്നത്. ജനകീയ വിഷയം ഉന്നയിച്ചാല്‍ അറസ്റ്റ് ചെയ്യുമെങ്കില്‍ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് പിണറായി വിജയനെയാണ്. പിണറായി വിജയൻ തന്നെയാണ് മുല്ലപ്പെരിയാർ വിഷയം ആദ്യം പറഞ്ഞത്. 35 ലക്ഷത്തോളം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കണം. അതിനു ബാധ്യതപ്പെട്ട സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചിരുന്നാല്‍ ജനം സമരത്തിലേക്ക് കടക്കും’- അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

‘ഒന്നുകില്‍ പുതിയ ഡാം ഉണ്ടാക്കണം, അല്ലെങ്കില്‍ പഴയ ഡാം ഇക്കൊല്ലം പൊട്ടുമെന്നത് ഉറപ്പാണ്. വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ വേണമെന്നും പരിഹാരം കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെടണം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി ചര്‍ച്ച ചെയ്ത് ഉടനടി നടപടി സ്വീകരിക്കണം’- പി.സി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button