PalakkadKeralaNattuvarthaLatest NewsIndiaNews

പാലക്കാട് അംബേദ്കർ കോളനിയിൽ കടുത്ത ജാതീയത, പെൻഷന് പോലും ജാതിയുണ്ട്, ചായയിലും പച്ചവെള്ളത്തിലും വരെ ജാതി: വി ടി ബൽറാം

പാലക്കാട്‌: ഗാന്ധിപുരം അംബേദ്കർ കോളനിയിൽ കടുത്ത ജാതീയതയുണ്ടെന്ന് വി ടി ബൽറാം. മുൻപ് എഴുതിയ ഒരു ലേഖനത്തിലൂടെയാണ് ബൽറാം ഇക്കാര്യം പങ്കുവച്ചത്. സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന പന്തിഭോജനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന നവോത്ഥാനാനന്തര കേരളത്തിന് ചിന്തിക്കാന്‍ കഴിയുന്നതിലപ്പുറമുള്ള ജാതിവിവേചനമാണ് പാലക്കാട് മുതലമട പഞ്ചായത്തിലെ ഗോവിന്ദാപുരം അംബേദ്ക്കര്‍ കോളനിയില്‍ ഇന്നും നിലനില്‍ക്കുന്നതെന്ന് വി ടി ബൽറാം പറയുന്നു.

Also Read:2025 വരെ ജനങ്ങള്‍ വളരെ കുറച്ച് ഭക്ഷണം കഴിച്ചാല്‍ മതിയെന്ന ഉത്തരവുമായി കിം ജോങ് ഉന്‍

‘തമിഴ് സംസാരിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ചക്ലിയ സമുദായക്കാരാണ് കോളനിവാസികളില്‍ ഭൂരിപക്ഷവും. സാമൂഹികാടിച്ചമര്‍ത്തലുകളുടേയും ദാരിദ്ര്യത്തിന്റേയും രൂക്ഷത കണക്കിലെടുത്താല്‍ ദലിതരില്‍ത്തന്നെ ഏറ്റവും വള്‍നറബിള്‍ ആയി കണക്കാക്കപ്പെടേണ്ടവരാണ് ഇവര്‍. കൗണ്ടര്‍മാരും ഈഴവരുമൊക്കെയാണ് ഇവിടത്തെ ‘മേല്‍’ജാതിക്കാര്‍’, ബൽറാം ലേഖനത്തിൽ പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം:

സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന പന്തിഭോജനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന നവോത്ഥാനാനന്തര കേരളത്തിന് ചിന്തിക്കാന്‍ കഴിയുന്നതിലപ്പുറമുള്ള ജാതിവിവേചനമാണ് പാലക്കാട് മുതലമട പഞ്ചായത്തിലെ ഗോവിന്ദാപുരം അംബേദ്ക്കര്‍ കോളനിയില്‍ ഇന്നും നിലനില്‍ക്കുന്നത്.

തമിഴ് സംസാരിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ചക്ലിയ സമുദായക്കാരാണ് കോളനിവാസികളില്‍ ഭൂരിപക്ഷവും. സാമൂഹികാടിച്ചമര്‍ത്തലുകളുടേയും ദാരിദ്ര്യത്തിന്റേയും രൂക്ഷത കണക്കിലെടുത്താല്‍ ദലിതരില്‍ത്തന്നെ ഏറ്റവും വള്‍നറബിള്‍ ആയി കണക്കാക്കപ്പെടേണ്ടവരാണ് ഇവര്‍. കൗണ്ടര്‍മാരും ഈഴവരുമൊക്കെയാണ് ഇവിടത്തെ ‘മേല്‍’ജാതിക്കാര്‍.

കുറച്ച്‌ ദിവസങ്ങളായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടതിനേത്തുടര്‍ന്നാണ് ഡിസിസി വൈസ്‌ പ്രസിഡണ്ട്‌ സി.സുമേഷ്‌, മുന്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശെല്‍വന്‍ അടക്കമുള്ള പ്രാദേശിക നേതാക്കന്മാര്‍, യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കളായ സജേഷ്‌ ചന്ദ്രന്‍, സുനില്‍ സി.സി, രാജീവ്, ബിജോയ് എന്നിവരോടൊപ്പം ഞാനീ കോളനി സന്ദര്‍ശിച്ചത്‌. കോളനിവാസിയായ ശിവരാജന്‍ കാര്യങ്ങള്‍ വിശദീകരിച്ചുതന്നു.

നേരിട്ട്‌ കണ്ടില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ വിശ്വസിക്കാന്‍ തയ്യാറാവുമായിരുന്നില്ലാത്ത കാര്യങ്ങളാണ്‌ അംബേദ്കര്‍ കോളനിയിലേത്‌. ചൂടുള്ള ചായയിലും തണുത്ത പച്ചവെള്ളത്തിലും വരെ ജാതിയാണ് ഇവിടെ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. ഏതാനും വര്‍ഷം മുന്‍പ് വരെ ചായക്കടയില്‍ ‘മേല്‍’ജാതിക്കാര്‍ക്ക് ഗ്ലാസിലും ചക്ലിയ വിഭാഗക്കാര്‍ക്ക് ചിരട്ടയിലുമായിരുന്നു ചായ പകര്‍ന്നിരുന്നത്.

ഇപ്പോള്‍ നേരിയ വ്യത്യാസം വന്നു, ചിരട്ടക്ക് പകരം ഡിസ്പോസിബിള്‍ ഗ്ലാസ് ആയിട്ടുണ്ടെന്ന് മാത്രം. എന്നാലിപ്പോഴും രണ്ട്‌ തരം പാത്രങ്ങള്‍ തന്നെയാണ്‌ ഉപയോഗിക്കുന്നത്‌. ബാര്‍ബര്‍ ഷാപ്പില്‍പ്പോലും ചക്ലിയര്‍ക്ക്‌ പുറത്ത്‌ വെച്ചാണ്‌ മുടി വെട്ടിക്കൊടുക്കുന്നത്‌.

കുടിവെള്ളത്തിന്റെ കാര്യം ഇതിലും രൂക്ഷമാണ്‌. പൊതു വാട്ടര്‍ടാങ്കിന് രണ്ട് ടാപ്പുകള്‍ ഉണ്ട്. ഒന്ന് ചക്ലിയര്‍ക്ക്, മറ്റൊന്ന് മേല്‍ജാതിക്കാര്‍ക്ക്. എത്ര തിരക്കുണ്ടെങ്കിലും മേല്‍ജാതിക്കാരുടെ ടാപ്പില്‍ നിന്ന് വെള്ളം ശേഖരിക്കാന്‍ ചക്ലിയരെ സമ്മതിക്കില്ല. എന്തിനേറെ, മേല്‍ജാതിക്കാര്‍ കൊണ്ടുവന്ന് വക്കുന്ന കുടം നിറഞ്ഞ് വെള്ളം പാഴായിപ്പോയാല്‍ ആ ടാപ്പ് അടക്കാന്‍ പോലും ചക്ലിയര്‍ക്ക് അനുവാദമില്ല.

കുടിക്കുന്ന വെള്ളത്തിലെ ഈ ഹീനമായ ജാതിവിവേചനം ഞങ്ങളവസാനിപ്പിച്ചു. ഞാനടക്കമുള്ളവരുടെ സാന്നിദ്ധ്യത്തില്‍ രണ്ട് ചക്ലിയ സഹോദരിമാര്‍ തങ്ങള്‍ക്ക് ഇന്നേവരെ വിലക്കപ്പെട്ട ആ ടാപ്പില്‍ നിന്ന് ആത്മവിശ്വാസത്തോടെ സ്വന്തം കുടങ്ങളിലേക്ക് വെള്ളം ശേഖരിച്ച്‌ പുതിയ ചരിത്രം രചിച്ചു.

അതിനുശേഷം ഞങ്ങളെല്ലാവരും നിലത്ത് വട്ടമിട്ട് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. അമ്മമാരും പുരുഷന്മാരുമൊക്കെ ഒന്നിച്ച്‌ തയ്യാറാക്കിയ നല്ല രുചിയുള്ള തക്കാളിച്ചോറായിരുന്നു ഭക്ഷണം. വയറും മനസ്സും ആവോളം നിറഞ്ഞ ഈ അനുഭവം പന്തിഭോജനത്തിന്റെ നൂറാം വാര്‍ഷികത്തിലാണെന്നത് തുല്യതയിലേക്കുള്ള പ്രയാണത്തില്‍ നമ്മുടെ സമൂഹം ഇനിയുമെത്ര ദൂരം മുന്നോട്ടുപോകണമെന്നതിന്റെ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി മാറുന്നുണ്ട്.

ഒരു ഭരണകൂടത്തിന്റെ സാന്നിദ്ധ്യം ഈ അടിസ്ഥാന ജനവിഭാഗക്കാര്‍ക്ക് പലപ്പോഴും അനുഭവപ്പെടുന്നില്ല എന്നാണെനിക്ക് ബോധ്യപ്പെട്ടത്. ചക്ലിയരുടെ അറുപതോളം വീടുകള്‍ നാശോന്മുഖമാണ്. അതില്‍ത്തന്നെ ഇരുപതോളം വീടുകള്‍ തീര്‍ത്തും വാസയോഗ്യമല്ലാത്തതും ഏത് നിമിഷവും നിലംപൊത്തുമെന്ന ഭീഷണാവസ്ഥയിലുള്ളതുമാണ്.

വര്‍ഷത്തില്‍ ഒന്നോ രണ്ടോ ആള്‍ക്ക് മാത്രമാണ് വീട് വക്കാനോ റിപ്പയറിനോ സര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിക്കുന്നത്. മുന്‍ യുഡിഎഫിന്റെ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് മുപ്പതോളം വീടുകള്‍ നല്‍കിയിരുന്നു. എന്നാലിപ്പോള്‍ തീര്‍ത്തും കക്ഷി രാഷട്രീയ വിവേചനത്തോടെയാണ് ഇപ്പോഴത്തെ സിപിഎം ഭരണ സമിതി ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു.

ക്ഷേമ പെന്‍ഷനുകളുടെ കാര്യത്തില്‍പ്പോലും ഈ വിവേചനം നിലനില്‍ക്കുന്നുണ്ടെന്നാണ് പരാതി. അടിയന്തര റിപ്പയര്‍ വേണ്ട പത്തോ പതിനഞ്ചോ വീടുകളെങ്കിലും പരിമിതമായ തോതില്‍ നന്നാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തലത്തില്‍ ആലോചിക്കുകയാണ്. ഈ കുറിപ്പു വായിക്കുന്നവര്‍ ഇക്കാര്യത്തിലേക്ക് സഹകരിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ അതൊരു വലിയ ഉപകാരമായിരിക്കും.

സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയും വാര്‍ഡ് അംഗം കൂടിയായ വൈസ് പ്രസിഡണ്ടും തീര്‍ത്തും നിഷേധാത്മകവും മനുഷ്യത്വരഹിതവുമായ സമീപനമാണ് ചക്ലിയ വിഭാഗക്കാരുടെ പ്രശ്നങ്ങളോട് സ്വീകരിക്കുന്നതെന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. ജാതിവിവേചനം അടിച്ചേല്‍പ്പിക്കുന്ന മേല്‍ജാതിക്കാരോടൊപ്പം പരസ്യമായി നിലകൊള്ളുകയും ഇതിനെ വെറും കക്ഷിരാഷ്ട്രീയ പ്രശ്നമാക്കി ലഘൂകരിക്കാന്‍ നോക്കുകയുമാണ് പ്രാദേശിക സിപിഎം നേതൃത്ത്വം ചെയ്യുന്നത്.

‘നമ്പൂതിരി മുതല്‍ നായാടി വരെയുള്ള’ മുഴുവന്‍ ഹിന്ദുക്കളുടേയും ക്ഷേമത്തേക്കുറിച്ച്‌ വാതോരാതെ പ്രസംഗിക്കുന്ന ബിജെപിയും പതിവുപോലെ ഇവിടേയും മേല്‍ജാതിക്കാരുടെ സംരക്ഷകരായി മാറുകയാണ്. ഇരു പാര്‍ട്ടികളിലും പെട്ട പല അനുഭാവികളും നേതൃത്ത്വത്തിന്റെ ഈ നിലപാടുകളെ വിമര്‍ശിച്ച്‌ കടന്നുവന്നിട്ടുണ്ട്.

ഭരണഘടനാ ശില്‍പ്പിയുടെ പേരിലുള്ള ഈ കോളനിയിലെ ഇന്നത്തെ അവസ്ഥ ഓരോ മലയാളിക്കും ഓരോ മനുഷ്യനും തന്നെ അപമാനകരമാണ്. സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റേയും അടിയന്തര ശ്രദ്ധയും ഇടപെടലും അര്‍ഹിക്കുന്ന ഗുരുതരമായ ഒരു മനുഷ്യാവകാശ പ്രശ്നം കൂടിയാണ് ഇത്.

(നമ്മുടെ സംസ്ഥാനത്ത് ഇന്നും പ്രസക്തമായ, ഹീനമായ ജാതീയ വിവേചനത്തെ മുന്‍ നിര്‍ത്തി മുൻപ് എഴുതിയത്)

shortlink

Related Articles

Post Your Comments

Related Articles


Back to top button