Latest NewsIndia

വിധിയുടെ ക്രൂരത, പോകാനുള്ള പ്രായമായിരുന്നില്ല: പുനീത് രാജ്‌കുമാറിന്റെ മരണത്തില്‍ ദുഃഖം പങ്കുവെച്ച്‌ പ്രധാനമന്ത്രി

വരും തലമുറകള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാലും അത്ഭുതകരമായ വ്യക്തിത്വത്താലും സ്‌നേഹത്തോടെ സ്മരിക്കും.

ന്യൂഡൽഹി: കന്നഡ നടന്‍ പുനീത് രാജ്‌കുമാറിന്റെ മരണത്തില്‍ വേദന പങ്കുവെച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. നടന്റെ മരണം വിധിയുടെ ക്രൂരമായ ഒരു വഴിത്തിരവാണെന്നും പ്രഗല്‍ഭനായ നടനെ നഷ്‌ടപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയാണ് പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തിയത്.

‘വിധിയുടെ ക്രൂരമായ ഒരു വഴിത്തിരിവ് പുനീത് രാജ്‌കുമാര്‍ എന്ന പ്രഗല്‍ഭനും കഴിവുറ്റതുമായ നടനെ നമ്മില്‍ നിന്ന് തട്ടിയെടുത്തിരിക്കുന്നു. പോകാനുള്ള പ്രായമായിരുന്നില്ല ഇത്. വരും തലമുറകള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാലും അത്ഭുതകരമായ വ്യക്തിത്വത്താലും സ്‌നേഹത്തോടെ സ്മരിക്കും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി’ എന്നാണ് പ്രധാനമന്ത്രി സമൂഹ മാധ്യമത്തില്‍ കുറിച്ചത്.

ഹൃദയാഘാതത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ പുനീത് രാജ്‌കുമാറിനെ ബെംഗളൂരു വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അത്യാഹിത വിഭാഗത്തിലായിരുന്ന അദ്ദേഹത്തിന്റെ മരണം ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് എസ്.ബൊമ്മെ ഉള്‍പ്പെടെ ആശുപത്രിയിലെത്തിയിരുന്നു. ആശുപത്രിക്ക് ചുറ്റും ആരാധകര്‍ ദുഖത്തോടെ വളഞ്ഞിരുന്നു. ഇന്ത്യന്‍ സിനിമ താരങ്ങളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും അദ്ദേഹത്തിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി രംഗത്ത് വന്നിരുന്നു.

അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന കന്നഡ താരം പുനീത് രാജ്കുമാര്‍ വിടവാങ്ങിയത് ആരാധകര്‍ക്ക് വിശ്വസിക്കാനായിട്ടില്ല. കര്‍ണാടകയിലെ ജനതയ്ക്ക് നിരവധി സഹായങ്ങളാണ് അദ്ദേഹം നല്‍കിയിരുന്നത്. 26 അനാഥാലയങ്ങള്‍, 25 സ്‌കൂളുകള്‍, 16 വൃദ്ധ സദനങ്ങള്‍, 19 ഗോശാല, 18000 വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം എന്നീ നിരവധി സാമൂഹ്യ സേവനങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്. ഒപ്പം മൈസൂരില്‍ ‘ശക്തിദാ’മ എന്ന വലിയ സംഘടനയും അവിടെ പെണ്‍കുട്ടികളെ പരിചരിക്കുകയും ചെയ്തിരുന്നു.

കോവിഡ് കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപയാണ് പുനീത് നല്‍കിയിരുന്നത്. കര്‍ണാടകയിലെ പ്രളയസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പുനീത് പണം നല്‍കിയിരുന്നു. സ്വന്തം നിര്‍മാണകമ്പനികള്‍ക്കല്ലാത്ത സിനിമകള്‍ക്കായി പാടുന്നതിന് ലഭിക്കുന്ന പ്രതിഫലവും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പുനീത് മാറ്റിവെക്കാറുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button