KeralaNattuvarthaLatest NewsNewsIndiaHealth & Fitness

എലിപ്പനിയെ പ്രതിരോധിക്കാൻ എന്തെല്ലാം ചെയ്യണം, മറുപടിയുമായി ആരോഗ്യമന്ത്രി വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടി വരുന്നതിനാല്‍ പ്രതിരോധ മാർഗ്ഗങ്ങളുമായി ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് വീണാ ജോര്‍ജ് പറഞ്ഞു. അവരവര്‍ തന്നെ അല്‍പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണെന്നും, മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Also Read:ഗൾഫിൽ നിന്നെത്തിയത് രണ്ടാഴ്ച മുൻപ്, ബർഗർ ഓർഡർ ചെയ്ത് ഉനൈസ് പടക്കം കത്തിച്ചു, കൈപ്പത്തി മുറിഞ്ഞു പോയി

‘മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്’, മന്ത്രി വ്യക്തമാക്കി.

എലിപ്പനി വരുന്നതെങ്ങനെ?

എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു.

രോഗ ലക്ഷണങ്ങള്‍

പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം. ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാവുന്നുവെങ്കില്‍ എലിപ്പനി ആണോയെന്ന് സംശയിക്കണം.

എലിപ്പനി തടയാന്‍ പ്രതിരോധം പ്രധാനം

മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ വ്യക്തി സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ട് വരെയുള്ള കാലുറ, മാസ്‌ക് എന്നിവ ഉപയോഗിക്കുക. വെള്ളത്തിലിറങ്ങിയാല്‍ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച്‌ നന്നായി കഴുകേണ്ടതാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാനോ കുളിക്കാനോ പാടില്ല

എലിപ്പനി പ്രതിരോധത്തിനായി മലിനജലവുമായി സമ്പര്‍ക്കം വരുന്ന കാലയളവില്‍ പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കല്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക 200 മില്ലീഗ്രാം (100 മില്ലീഗ്രാമിന്റെ രണ്ട് ഗുളിക) കഴിച്ചിരിക്കേണ്ടതാണ്. എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്.
യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button