Latest NewsIndia

ചെന്നൈയിൽ പെരുമഴ തുടരുന്നു : നാല് മരണം ,ദേശീയ ദുരന്ത പ്രതികരണ സേനയെ വിന്യസിച്ചു

2015 ന് ശേഷം ചെന്നെയിലുണ്ടായ ഏറ്റവും വലിയ മഴയാണ് ഇതെന്നാണ് റിപ്പോർട്ട്.

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാത ചുഴി മൂലം ചെന്നൈയിൽ അനുഭവപ്പെടുന്ന തീവ്രമഴ വെള്ളിയാഴ്ച വരെ തുടരും. മഴ തമിഴ്നാടിന്റെ തെക്കൻ തീരദേശങ്ങളിലേക്കും വ്യാപിച്ചു. പകൽ മഴ മാറി നിൽക്കുമെങ്കിലും രാത്രി കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായി തുടരുന്ന മഴയിൽ നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. മഴക്കെടുതിയിൽ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

നഗരത്തിൽ സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്നതിനെ തുടർന്ന് പദേശത്ത് ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൽ കളക്ടർമാർക്ക് നിർദ്ദേശം നൽകി. 2015 ന് ശേഷം ചെന്നെയിലുണ്ടായ ഏറ്റവും വലിയ മഴയാണ് ഇതെന്നാണ് റിപ്പോർട്ട്. ഒക്ടോബറിൽ വടക്കുകിഴക്കൻ മൺസൂൺ ആരംഭിച്ചതിന് ശേഷം തമിഴ്നാട്, പുതുച്ചേരി മേഖലകളിൽ 43 ശതമാനം അധിക മഴയാണ് ലഭിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി സംസാരിക്കുകയും രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും അദ്ദേഹത്തിന് ഉറപ്പുനൽകുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും പ്രധാനമന്ത്രി ഉറപ്പുനൽകി.

ചെന്നൈ നഗരത്തിലേക്കു വെള്ളമെത്തിക്കുന്ന പുഴല്‍, ചെമ്പരപ്പാക്കം തടാകങ്ങള്‍ അതിവേഗമാണ് നിറയുന്നത്. നിലവില്‍ ഇരു തടാകങ്ങളില്‍നിന്നും സെക്കൻഡിൽ 2000 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്. മഴ തുടരുകയാണെങ്കില്‍ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടും.

shortlink

Post Your Comments


Back to top button