ThiruvananthapuramKollamNattuvarthaLatest NewsKeralaNewsIndia

പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നു, തെക്കൻ ജില്ലകളിൽ വെള്ളപ്പൊക്ക സാധ്യത: മുഖ്യമന്ത്രി

ജാഗ്രതയോടെയിരിക്കുക, നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക

തിരുവനന്തപുരം: പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നത്തിൻ്റെ ഭാഗമായി തെക്കൻ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുന്നതായിരിക്കുമെന്നും, വരും മണിക്കൂറുകളിലും വ്യാപകമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലയിലും, നദിക്കരകളിലും, വിനോദസഞ്ചാര മേഖലകളിലും അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read:ഡാർക്ക് ചോക്ലേറ്റിന്റെ ആരോഗ്യ ഗുണങ്ങൾ..!!

‘ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിൽ പുതിയ ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അത് നവംബർ 15 ഓടെ മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിൽ എത്തിച്ചേർന്നു തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കണക്കാക്കുന്നു.

അതോടൊപ്പം കേരളത്തിൽ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത കാണുന്നുണ്ട്. ഇതിനു പുറമേ, അടുത്ത രണ്ടാഴ്ചയും (നവംബർ 12-25) കേരളത്തിൽ, പ്രത്യേകിച്ച് മധ്യ തെക്കൻ കേരളത്തിൽ,സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം സൂചന നൽകുന്നു’, മുഖ്യമന്ത്രി വ്യക്തമാക്കി.

‘കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ ഏറ്റവും പുതിയ ജില്ലാതല മഴ സാധ്യത പ്രവചനപ്രകാരം ഇന്ന്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ടും എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ടും കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ടും കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്-മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാലും മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്’, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button