Latest NewsNewsIndiaInternational

രാവണന്റെ പുഷ്പകവിമാനം സത്യമോ മിഥ്യയോ? ഗവേഷണത്തിനൊരുങ്ങി ശ്രീലങ്ക; ഇന്ത്യയുടെ സഹായം തേടും

രാജ്യത്തിന്റെ പുരാതനമായ വൈമാനിക ചരിത്രം അന്വേഷിച്ച് കണ്ടെത്താനുറച്ച് ശ്രീലങ്ക. ലോകത്തിലെ ആദ്യത്തെ വൈമാനികനായിരുന്നു രാവണനെന്നും അദ്ദേഹത്തിന്റെ കാലത്ത് ലങ്കയിൽ വിമാനങ്ങളും വിമാനത്താവളങ്ങളും ഉണ്ടായിരുന്നുവെന്നും ഇന്നും മിക്ക ശ്രീലങ്കക്കാരും വിശ്വസിക്കുന്നു. ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത കെട്ടുകഥകളാണ് ഇവയൊക്കെയെന്ന വാദങ്ങളെ അവഗണിച്ച് തങ്ങളുടേതായ മാർഗ്ഗങ്ങളിലൂടെ ഗവേഷണത്തിനൊരുങ്ങുകയാണ് ലങ്കൻ ഗവേഷകർ.

Also Read:അഞ്ച് നൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം: വിസ്മയക്കാഴ്ചയ്ക്ക് കാത്ത് ലോകം

രണ്ട് വർഷങ്ങൾക്ക് മുൻപ് ഇത്തരമൊരു ഗവേഷണത്തിന്റെ സാധ്യത തേടി ശ്രീലങ്കയിലെ സിവിൽ വ്യോമയാന വിദഗ്ധരും ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരും ശാസ്ത്രജ്ഞരും ഭൗമശാസ്ത്ര വിദഗ്ധരും കൊളംബോയിൽ യോഗം ചേർന്നിരുന്നു. രാവണൻ ആദ്യം തന്റെ വിമാനം പറത്തിയത് ലങ്കയിൽ നിന്നും ഇന്ത്യയിലേക്കാണെന്നും അദ്ദേഹം അതിൽ തന്നെ തിരിച്ച് പറന്നുവെന്നുമായിരുന്നു യോഗത്തിന്റെ ഒടുവിൽ എത്തിച്ചേർന്ന നിഗമനം.

യോഗത്തിന് ശേഷം, ഗവേഷണം ആരംഭിക്കുന്നതിലേക്കായി ശ്രീലങ്കൻ സർക്കാർ അമ്പത് ലക്ഷം രൂപയും വകയിരുത്തിയിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ഗവേഷണം നിർത്തി വെക്കുകയായിരുന്നു. നിലവിലെ രജപക്സ സർക്കാരിന് ഇതിൽ താത്പര്യമുണ്ട്. ദേശീയ പ്രാധാന്യമുള്ള വിഷയം എന്ന നിലയിൽ ഇതുമായി മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം. അടുത്ത വർഷം ആദ്യത്തോടെ ഗവേഷണം പുനരാരംഭിക്കാൻ കഴിയുമെന്നാണ് ശ്രീലങ്കൻ സർക്കാരിന്റെ കണക്ക് കൂട്ടൽ.

പുരാതന ലങ്കയ്ക്കും ഇന്ത്യക്കും സമ്പന്നമായ ഒരു പൊതുസംസ്കാരം ഉണ്ടായിരുന്നതായി ശ്രീലങ്കൻ ഗവേഷകൻ ശശി ദനതുംഗെ പറയുന്നു. ഇത്തരം വിഷയങ്ങളിൽ സംയുക്ത ഗവേഷണങ്ങൾക്ക് ഇന്ത്യയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറയുന്നു. ശ്രീലങ്കൻ പരിസ്ഥിതി പ്രവർത്തകയായ സുനേല ജയവർധനെയും ഇക്കാര്യത്തിൽ ഇന്ത്യയുടെ സഹായം തേടുന്നു

പ്രാചീന സംസ്കാരങ്ങളെ പുച്ഛിക്കുന്ന പാശ്ചാത്യവാദികൾക്ക് ഇവയൊക്കെ വെറും കെട്ടുകഥകൾ മാത്രമായിരിക്കാം. അവർക്ക് വിമാനത്തെക്കുറിച്ച് ചിന്ത തോന്നിത്തുടങ്ങിയത് തന്നെ റൈറ്റ് സഹോദരന്മാരുടെ കാലം തൊട്ടാണ്. എന്നാൽ പുരാതന ഗ്രന്ഥങ്ങളിൽ വിമാന നിർമ്മാണത്തിന്റെ വ്യത്യസ്തമായ ഘട്ടങ്ങൾ വിശദമായി തന്നെ വിവരിക്കുന്നുണ്ട്. രാവണൻ ഉൾപ്പെടുന്ന മയൂരാംഗ രാജവംശം വലിയ യോദ്ധാക്കളും സമർത്ഥരായ ശാസ്ത്ര കുതുകികളും ആയിരുന്നു. ജയവർധനെ അഭിപ്രായപ്പെടുന്നു. റൺവേകൾ ഇല്ലാത്ത ഇടങ്ങളിൽ ജലമാർഗം ഗ്ലൈഡറുകൾ പോലെ സഞ്ചരിക്കാൻ അന്നത്തെ വിമാനങ്ങൾക്ക് കഴിഞ്ഞിരുന്നുവെന്നും അവർ അവകാശപ്പെടുന്നു.

രാവണനും അദ്ദേഹത്തിന്റെ ലങ്കാപുരിയും എന്നും ശ്രീലങ്കൻ ഗവേഷകർക്ക് ആവേശമാണ്. രാവണനോടുള്ള ആദരസൂചകമായി ശ്രീലങ്ക അടുത്തയിടെ വിക്ഷേപിച്ച ഉപഗ്രഹത്തിന് ‘രാവണ‘ എന്നാണ് പേര് നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button