ErnakulamKeralaNattuvarthaLatest NewsNews

പ്രണയത്തിലായതുകൊണ്ടുമാത്രം ലൈംഗികബന്ധത്തിന് സമ്മതം നൽകിയെന്ന് കരുതാനാകില്ല: കേരള ഹൈക്കോടതി

കൊച്ചി: അനിവാര്യമായ നിർബന്ധത്തിന് മുന്നിൽ നിസ്സഹായത കാണിക്കുന്നത് സമ്മതമായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ഇരയായ യുവതി പ്രതിയുമായി പ്രണയത്തിലായതുകൊണ്ടുമാത്രം ലൈംഗികബന്ധത്തിന് സമ്മതം നൽകിയെന്ന് കരുതാനാകില്ലെന്ന് ജസ്റ്റിസ് ആർ നാരായണ പിഷാരടി ഉത്തരവിൽ പറഞ്ഞു. സമ്മതവും സമർപ്പണവും തമ്മിൽ വ്യത്യാസമുണ്ടെന്നും ബലാത്സംഗക്കേസിലെ പ്രതി നൽകിയ അപ്പീൽ പരിഗണിക്കവെ കോടതി പറഞ്ഞു.

‘അനിവാര്യമായ നിർബന്ധത്തിന് മുമ്പിലുള്ള നിസ്സഹായത നിയമത്തിൽ മനസ്സിലാക്കിയിട്ടുള്ള സമ്മതമായി കണക്കാക്കാനാവില്ല. പ്രവൃത്തിയുടെ പ്രാധാന്യത്തെയും ഫലത്തെയും കുറിച്ചുള്ള അറിവ് സമ്മതത്തിന് ആവശ്യമാണ്. ഇരയുടെ കാരണത്താൽ മാത്രം പ്രതിയുമായി ലൈംഗിക ബന്ധത്തിന് സമ്മതം നൽകിയെന്ന് അനുമാനിക്കാൻ കഴിയില്ല.’ കോടതി വ്യക്തമാക്കി.

ദത്ത് വിവാദം:​ കുഞ്ഞിനെ തിരുവനന്തപുരത്തെത്തിച്ചു,​ ഇനി ഡിഎന്‍എ പരിശോധന

ബലാത്സംഗക്കേസിൽ വിവിധ വകുപ്പുകൾ പ്രകാരം വിചാരണ കോടതി ശിക്ഷിച്ചതിനെതിരെ 26 കാരനായ ശ്യാം ശിവൻ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. പ്രതി 2013ൽ തനിക്ക് ബന്ധമുണ്ടായിരുന്ന പെൺകുട്ടിയെ മൈസൂരിലേക്ക് കൊണ്ടുപോകുകയും അവളുടെ സമ്മതമില്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തുവെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. യുവതിയുടെ സ്വർണ്ണാഭരണങ്ങളെല്ലാം വിറ്റ പ്രതി അവളെ ഗോവയിലേക്ക് കൊണ്ടുപോയി വീണ്ടും ബലാത്സംഗം ചെയ്തതായും വിധിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

യുവതി തന്നോടൊപ്പം വന്നില്ലെങ്കിൽ വീടിനു മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി തെളിവുകൾ വ്യക്തമാക്കുന്നുവെന്നും തുടർന്നുള്ള അവസരങ്ങളിൽ പ്രതിയുടെ നടപടിയെ അവർ എതിർത്തില്ലെന്ന് അനുമാനിച്ചാൽ പോലും, പ്രതി അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് അവരുടെ സമ്മതത്തോടെയാണെന്ന് കണ്ടെത്താൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. മറ്റൊരു വഴിയും ഇല്ലാത്തതിനാൽ ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ ഇരയായ പെൺകുട്ടിയ്ക്ക് വഴങ്ങിക്കൊടുക്കേണ്ടി വന്നതാണെന്ന് കണ്ടെത്താനാകുമെന്നും കോടതി വിധിയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button