Latest NewsKeralaNews

മൂന്ന് കോടി വില വരുന്ന വസ്തുവും പുരയിടവും വില്‍പ്പനയ്ക്ക്,പരസ്യം കണ്ട് തട്ടിപ്പില്‍ പെട്ടത് പ്രവാസികളടക്കം നിരവധി പേര്‍

കോട്ടയം: മൂന്നുകോടിയുടെ വീട് വില്‍പനയ്ക്ക് എന്ന വ്യാജേന ഇന്റര്‍നെറ്റില്‍ പരസ്യം നല്‍കി തട്ടിപ്പ്. പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ തട്ടിപ്പിന് ഇരയായി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സംഘം വിദേശമലയാളികളില്‍ നിന്നും പണം തട്ടി. സംഭവത്തില്‍ ഓസ്ട്രേലിയന്‍ മലയാളി ദമ്പതികളടക്കം പാലാ സ്വദേശികളായ 4 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Read Also : മാറാട് കൂട്ടക്കൊല കേസ്: വിധി പറഞ്ഞ വനിതാ ജഡ്ജിക്ക് വധ ഭീഷണി

ഓസ്ട്രേലിയയില്‍ താമസക്കാരായ പാലാ, കടപ്ലാമറ്റം, പാലേട്ട് താഴത്ത് വീട്ടില്‍ ജോജി തോമസ്, ഭാര്യ സലോമി ചാക്കോ, കടപ്ലാമറ്റത്ത് താമസിക്കുന്ന ജോജിയുടെ പിതാവ് തോമസ്, പാലാ സ്വദേശി ബിനോയ് എന്നിവര്‍ക്കെതിരെയാണ് കേസ്. നീഴൂര്‍ സ്വദേശിയും അബുദാബിയില്‍ ജോലി ചെയ്യുന്ന സന്തോഷ് പി ജോസഫിന്റെ പരാതിയിലാണ് നടപടി. അഡ്വ.സുജേഷ് ജെ.മാത്യു പുന്നോലില്‍ ആണ് പാലാ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ജോജിയുടെ വസ്തുവിനും വീടിനും അഡ്വാന്‍സ് ആയി സന്തോഷ് നല്‍കിയത് പത്തുലക്ഷം രൂപയായിരുന്നു.

2019 ലാണ് തട്ടിപ്പുകളുടെ തുടക്കം. വീടു വില്‍ക്കാനുണ്ടെന്ന പരസ്യം ഇന്റര്‍നെറ്റില്‍ കണ്ട വിദേശത്തുള്ള കുടുംബം പരസ്യത്തില്‍ കണ്ട നമ്പരില്‍ ബന്ധപ്പെട്ടു. വീടിനും സ്ഥലത്തിനുമായി 2.75 കോടിരൂപയായിരുന്നു പരസ്യത്തില്‍ കാണിച്ചിരുന്നത്. നീണ്ട ചര്‍ച്ചക്കൊടുവില്‍ 2020ല്‍ 1.70 കോടി രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. രജിസ്‌ട്രേഷനായി നാട്ടില്‍ വരാമെന്നും ഉറപ്പിലേക്കായി പത്തുലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ജോജി തോമസ് പറഞ്ഞു. സ്ഥലത്തിനും വീടിനും യാതൊരു ബാധ്യതയുമില്ലന്നായിരുന്നു ഉടമകളുടെ വാദം. എന്നാല്‍ പ്രസ്തുത സ്ഥലത്തിന് ലോണുള്ളതായി സന്തോഷ് മനസിലാക്കി. രജിസ്‌ട്രേഷന് മുന്‍പായി ലോണ്‍ ക്ലോസ് ചെയ്യാമെന്നുള്ള ഉറപ്പില്‍ മൂന്നു തവണകളായി എസ്.ബി ഐ ബാങ്ക് വഴി ഈ അഡ്വാന്‍സും നല്‍കി.

എന്നാല്‍ പണം കയ്യില്‍ കിട്ടിയതോടെ ജോജി, ലോണ്‍ ക്ലോസ് ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലേക്ക് മാറി. രജിസ്‌ട്രേഷനായി എല്ലാവരും ഓസ്‌ട്രേലിയയില്‍ ആയതുകൊണ്ട് കഴിയില്ലെന്നായിരുന്നു പിന്നത്തെ വാദം.

ഇതിനിടെ വേറെ ചില സൈറ്റുകളില്‍ വന്നിരുന്ന വില്‍പ്പന പരസ്യങ്ങള്‍ സന്തോഷിന്റെ സുഹൃത്തുക്കളുടെ ശ്രദ്ധയില്‍പെട്ടു. ഈ പരസ്യങ്ങളില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ വിളിച്ചതോടെയാണ് കബളിപ്പിക്കല്‍ പെട്ടവിവരം അറിയുന്നത്. തുടര്‍ന്ന് ഫോണെടുക്കാനോ പണംമടക്കി നല്‍കാനോ ജോജി തയ്യാറാവാതായതോടെയാണ് കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശപ്രകാരം വസ്തും അറ്റാച്ച് ചെയ്തിട്ടുമുണ്ട്. ഇതേ വീടും സ്ഥലവും വില്‍പനയുടെ മറവില്‍ നിരവധി പേരില്‍ നിന്നും ജോജിയും സംഘവും അഡ്വാന്‍സ് വാങ്ങിയതായും പരാതിക്കാരന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button