CinemaLatest NewsKeralaNewsLiterature

ഏഴ് സ്വരങ്ങൾ കവിതയായൊഴുകിയ തൂലിക അനശ്വരതയിലേക്ക്

കാവ്യദേവതയുടെ അനുഗ്രഹാതിരേകങ്ങൾ ഗാനങ്ങളുടെ ആത്മാവിൽ സന്നിവേശിപ്പിച്ച അനശ്വര കവി ബിച്ചു തിരുമല വിടവാങ്ങി. ഒരു കാലഘട്ടത്തിന്റെ ഗാനാസ്വാദന ലോകത്തിൽ അനിവാര്യമായ ശൂന്യത നൽകി പ്രിയകവി മറയുമ്പോഴും ആ തൂലിക ജന്മം നൽകിയ കാവ്യഗീതികൾ മലയാളഗാന വിഹായസ്സിൽ എന്നും അമരഗീതികളായി അലയൊലികൾ തീർക്കും.

Also Read:റഷ്യയിലെ കൽക്കരി ഖനിയിൽ അപകടം: 52 പേർ മരിച്ചു

1970-ല്‍ ‘ഭജഗോവിന്ദം’ എന്ന സിനിമയിലെ ‘ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖീ പല്ലവി പാടിയ നേരം…’ എന്ന ഗാനഗന്ധർവൻ ആലപിച്ച പാട്ടിന് ജന്മം നൽകിക്കൊണ്ടാണ് ബിച്ചു തിരുമല മലയാള ചലച്ചിത്രഗാന ഭൂമികയിലേക്ക് കടന്നു വരുന്നത്. പിന്നീട് അഞ്ച് പതിറ്റാണ്ടോളം നീണ്ടു നിന്ന ഗാനസപര്യയിൽ ആ തൂലിക മലയാളിയുടെ പ്രണയവും വിരഹവും താരാട്ടും തത്വചിന്തയും സ്വാംശീകരിച്ചു. ഈണത്തിനനുസരിച്ച് വരികൾ ചമയ്ക്കുന്ന ജാലവിദ്യക്കൊപ്പം കവിതകളിലെ മൗലികത കൊണ്ടും അദ്ദേഹം തനത് കാവ്യ നൈസർഗ്ഗികത കാത്ത് സൂക്ഷിച്ചു.

ആലിംഗനം എന്ന ചിത്രത്തിലെ തുഷാരബിന്ദുക്കളേ, നിറകുടത്തിലെ നക്ഷത്രദീപങ്ങൾ തിളങ്ങി, ചിരിയോചിരിയിലെ ഏഴ് സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം, ചമ്പക്കുളം തച്ചനിലെ മകളേ പാതി മലരേ, അവളുടെ രാവുകളിലെ രാകേന്ദു കിരണങ്ങൾ, തൃഷ്ണയിലെ ശ്രുതിയിൽ നിന്നുയരും, മൈനാകം കടലിൽ നിന്നുയരുന്നുവോ, നിറത്തിലെ മിഴിയറിയാതെ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികത്തുമ്പിൽ നിന്നും പിറവി കൊണ്ടു.

‘മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ’, ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍, കിലുകില്‍ പമ്പരം തിരിയും മാനസം’, കണ്ണാംതുമ്പീ പോരാമോ, ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ, ഒറ്റക്കമ്പി നാദം മാത്രം, പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി പൂത്തു, സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളെ, തുടങ്ങിയ ഗാനങ്ങളിലൂടെ ബിച്ചു തിരുമല തന്റെ വിശാലമായ സർഗ്ഗശേഷി കൊണ്ട് മലയാളികളെ അത്ഭുതപ്പെടുത്തി.

ഏ ആർ റഹ്മാൻ സംഗീത സംവിധാനം നിർവ്വഹിച്ച ഏക മലയാള ചിത്രമായ യോദ്ധയിലെ ഗാനങ്ങളും ബിച്ചു തിരുമല രചിച്ചവയാണ്. കൂടാതെ ശ്രദ്ധേയമായ നിരവധി ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും ആൽബം ഗാനങ്ങളും ബിച്ചു തിരുമല രചിച്ചിട്ടുണ്ട്. ‘അക്ഷരങ്ങൾ കൊണ്ട് അമ്മാനമാടുന്ന മാന്ത്രികൻ‘ എന്ന ബാലചന്ദ്ര മേനോന്റെ വാക്കുകൾ അന്വർത്ഥമാക്കി അനശ്വരതയിലേക്ക് മടങ്ങുന്ന പ്രിയ കവിക്ക് ഈസ്റ്റ് കോസ്റ്റ് കുടുംബത്തിന്റെ പ്രണാമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button