KeralaLatest NewsNews

എല്ലാ മതങ്ങളും ബിരിയാണിയിൽ തുപ്പും : ഡോ: എസ്. എസ്. ലാലിന്റെ കുറിപ്പ് വൈറൽ

എത്ര വിശന്നിരുന്നാലും കറി ബീഫാണെങ്കിൽ ഭക്ഷണം കഴിക്കില്ല.

കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ച ബിരിയാണിയിൽ ഉസ്താത് തുപ്പുന്ന വീഡിയോയാണ്. ഈ സംഭവത്തെക്കുറിച്ചുള്ള വിവാദങ്ങൾ ഉയരുമ്പോൾ മെഡിക്കൽ കോളേജിൽ പഠിക്കുന്ന കാലത്തെ ചില ഭക്ഷണ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് കോൺഗ്രസ് നേതാവ് ഡോ: എസ്. എസ്. ലാൽ.

കുറിപ്പ് പൂർണ്ണ രൂപം

എല്ലാ മതങ്ങളും ബിരിയാണിയിൽ തുപ്പും
മെഡിക്കൽ കോളേജിൽ പഠിക്കുന്ന കാലം.
അല്ലെങ്കിൽ അത് വേണ്ട, ഭക്ഷണത്തിൽ തുടങ്ങാം. കോളേജിലേയ്ക്ക് പിന്നെ തിരിച്ചു വരാം.
വീട്ടിൽ അമ്മ ഇറച്ചിയായി മട്ടനും ചിക്കനും മാത്രമേ വയ്ക്കുമായിരുന്നുള്ളൂ. ബീഫ് അമ്മയ്ക്ക് ഹറാമായിരുന്നു. അമ്മയുടേത് വലിയ കർഷക കുടുംബം. വീട്ടിൽ കുട്ടിക്കാലത്ത് ധാരാളം പശുക്കൾ ഉണ്ടായിരുന്നു. അതാണ് ബീഫിനോട് വെറുപ്പ്. എന്നാൽ അവിടെ കോഴികളും ആടുകളും ഇല്ലായിരുന്നോ എന്നൊരു ചോദ്യമുണ്ട്. അതിപ്പോഴാണ് ഞാനും ഓർത്തത്.

READ ALSO: സംഘപരിവാറിനെതിരെ വിമര്‍ശിനം: വിഎസ് സുനില്‍കുമാറിനെ ചോദ്യം ചെയ്ത പ്രവർത്തകനെ പുറത്താക്കി

അമ്മ ബീഫിലേയ്ക്ക് നോക്കുക പോലും ഇല്ല എന്ന് മാത്രമല്ല, അറിയാതെ പോലും ബീഫ് കഴിക്കാതിരാക്കാൻ എല്ലാ ശ്രമവും നടത്തി. കൃസ്ത്യാനി കുടുംബ സുഹൃത്തുക്കളുടെ വീടുകളിൽ പോയാൽ അമ്മ മട്ടൻ പോലും കഴിക്കില്ല. ഇറച്ചി വിറ്റയാൾ അതിൽ രഹസ്യമായി ബീഫ് ചേർത്തിട്ടുണ്ടെങ്കിലോ? കൃസ്ത്യാനി സുഹൃത്തുക്കളുടെ വീട്ടിൽ കൃസ്തുമസിന് ഭക്ഷണം കഴിക്കാൻ പോയാൽ ചിക്കൻ അല്ലാത്ത ഒരിറച്ചിയും കഴിക്കരുതെന്ന് അമ്മ ഞങ്ങൾക്ക് കർശനമായ നിർദ്ദേശം നൽകിയിരുന്നു. ഞാനത് അനുസരിച്ചിരുന്നു. ബീഫൊക്കെ കൂട്ടുകാർ രുചിയോടെ അറയുമ്പോൾ അമ്മയെ ഓർത്ത് ഞാൻ നല്ല കുട്ടിയായി.
അമ്മയുടെ താൽപര്യത്തിൽ മാത്രം വീട്ടിലുണ്ടായ ഈ നിയമം കാരണം പതിയെ ബീഫിനെ ഞാൻ അറപ്പോടെ കാണുന്ന അവസ്ഥയിൽ എത്തി. എത്ര വിശന്നിരുന്നാലും കറി ബീഫാണെങ്കിൽ ഭക്ഷണം കഴിക്കില്ല.

ബീഫ് കൂടാതെ കാഡ്ബറീസ് ചോക്കലേറ്റിനോടും എനിക്കൊരു വെറുപ്പുണ്ടായിരുന്നു. അത് കഴിച്ചാൽ എനിക്ക് ഓക്കാനിക്കുമായിരുന്നു. അമ്മ പറഞ്ഞിട്ടല്ല. എന്തോ ജനിതക തകരാറാണ് 🙂
“നിനക്ക് ലോകത്തെ നല്ല ഭക്ഷണമൊന്നും കഴിക്കാൻ പറഞ്ഞിട്ടില്ല.” സുഹൃത്തുക്കൾ ഒരേ സ്വരത്തിൽ പറഞ്ഞിരുന്നു. ബീഫും കാഡ്ബറീസ് ചോക്കലേറ്റും കഴിക്കാത്ത എന്നോട് അടുത്ത സുഹൃത്തുക്കൾക്കും സഹതാപമായിരുന്നു.
ചോക്കലേറ്റ് കഴിക്കാതെ ജീവിക്കാം. എന്നാൽ ഭക്ഷണം കഴിക്കണ്ടേ. അറിയാതെ കഴിച്ചു കൊണ്ടിരിക്കുന്ന ഭക്ഷണത്തിൽ ബീഫുണ്ടെന്നറിഞ്ഞാൽ പിന്നെ മുന്നോട്ടു പോകാൻ കഴിയില്ല. അവിടെ നിർത്തി കൈ കഴുകണം. ഈ വലിയ പ്രശ്നം ചില ആത്മാർത്ഥ സുഹൃത്തുക്കൾ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഞാൻ കോഫീ ഹൗസിൽ മട്ടൻ ബിരിയാണി ഓർഡർ ചെയ്ത് കഴിക്കാനൊരുങ്ങുമ്പോൾ അവരുടെ ഒരു ചോദ്യമുണ്ട്.
“നീയിപ്പോ ബീഫൊക്കെ കഴിച്ചു തുടങ്ങിയോ?”

അതോടെ എല്ലാം പോയി. ആ ചോദ്യം കൂടുതൽ ചോദിച്ചിരുന്നത് ഒരു അടുത്ത സുഹൃത്താണെന്ന് പറഞ്ഞാൽ അത് ഹേമചന്ദ്രനാണെന്ന് നിങ്ങൾ വെറുതേ തെറ്റിധരിക്കും. അതുകൊണ്ട് ഞാൻ പറയുന്നില്ല. എനിക്ക് കഴിക്കാൻ പറ്റാതെ പോയതിനാൽ മാത്രം ഭക്ഷണം വെറുതേ കളയരുത് എന്ന് വിചാരിച്ച് ചില ആത്മാർത്ഥ സുഹൃത്തുക്കൾ ആരെങ്കിലും ത്യാഗസന്നദ്ധരാകും. ആ ത്യാഗികൾ ഇപ്പോൾ ലണ്ടനിലും ന്യൂയോർക്കിലുമൊക്കെയാണെന്ന് പറഞ്ഞാൽ നിങ്ങൾ വീണ്ടും പലരെയും തെറ്റിദ്ധരിക്കും. അതിനാൽ ഞാൻ പറയുന്നില്ല.

സംഗതി ബീഫല്ല, ഇനി സാക്ഷാൽ മട്ടൻ ബിരിയാണി ആണെങ്കിലും അക്കാലത്ത് കോഫി ഹൗസിൽ അതൊരു വിഷയമല്ല. ആരെങ്കിലും ബിരിയാണി ഓർഡർ ചെയ്താൽ അത് തീർക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമായി കരുതിപ്പോന്നിരുന്നു. ചുറ്റുമുള്ളവർ ഓരോ വശത്തുനിന്നായി കഴിച്ചു തുടങ്ങും. ഇറച്ചിക്കഷണങ്ങളെല്ലാം അങ്ങനെ പലവഴി പോകും. ഓർഡർ ചെയ്ത ആൾക്ക് ചോറൊക്കെ കിട്ടും. കുറ്റം പറയരുതല്ലോ.

മട്ടൻ ബിരിയാണി താല്പര്യമുള്ളവരിൽ എന്റെ മറ്റൊരു നല്ല സുഹൃത്തും ഉണ്ടായിരുന്നു. ആ സുഹൃത്ത് വിശന്നലഞ്ഞ് കോഫി ഹൗസിൽ വരും. വന്നയുടൻ മട്ടൻ ബിരിയാണി ഓർഡർ ചെയ്യും. ബിരിയാണി വന്നത് മാത്രമേ അറിയാൻ കഴിയൂ. നിരവധി കൈയുകൾ ഒത്തൊരുമയോടെ പാത്രം വൃത്തിയാക്കും. ഈ ഏർപ്പാട് നീണ്ടു നിൽക്കുന്നത് സുഹൃത്തിന് ഇഷ്ടമായില്ല. അയാൾ ഒരു വഴി കണ്ടുപിടിച്ചു. ഭക്ഷണം വന്നു കഴിഞ്ഞാൽ അതിൽ തുപ്പുക. പിന്നെയത് കഴിക്കാൻ ശക്തിയുള്ള ആരും ഉണ്ടായിരുന്നില്ല.

ഒരു പുതിയ ദിവസം. കോഫി ഹൗസിൽ എല്ലാവരും വിശന്നിരിക്കുന്ന ദിവസം. തലേ ദിവസങ്ങളിൽ ചില സിനിമകൾ റിലീസ് ചെയ്തതിനാലും ചില സന്തോഷങ്ങൾ ആഘോഷിക്കാൻ പാർട്ടികൾ ഉണ്ടായിരുന്നതിനാലും എല്ലാവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. അപ്പോഴതാ മറ്റേ ബിരിയാണി സുഹൃത്ത് കോഫീ ഹൗസിലേയ്ക്ക് കടന്നുവരുന്നു. വന്നപാടേ മട്ടൻ ബിരിയാണിക്ക് ഓർഡർ പോയി. എല്ലാവരും വിശന്നിരിക്കുന്ന കാര്യം ചിലർ വ്യംഗ്യമായി സൂചിപ്പിച്ചു. സുഹൃത്ത് കേട്ട ഭാവമില്ല.
ബിരിയാണി വന്നു. ഒരു റിഫ്ലക്സ് പോലെ സുഹൃത്ത് അതിൽ തുപ്പി. പെട്ടെന്നായിരുന്നു അത് സംഭവിച്ചത്. ആ മേശയ്ക്ക് ചുറ്റും ഉണ്ടായിരുന്നവർ മിക്കവരും അതിൽ തുപ്പി. നല്ല വിശപ്പുണ്ടായിരുന്നവർ പല തവണ തുപ്പി. ആദ്യ സുഹൃത്ത് ഭക്ഷണം സംരഷിക്കാനായി തുപ്പി. ബാക്കിയുള്ളവർ ഭക്ഷണം മുടക്കാൻ തുപ്പി. എനിക്കില്ലെങ്കിൽ ഒരുത്തനും കിട്ടണ്ട എന്ന സിംപിൾ ന്യായം. തുപ്പൽ ന്യായം.

ഇപ്പോൾ ഓർത്തു നോക്കുമ്പോഴാണ് മനസിലാകുന്നത്. കോഫി ഹൗസിലെ ആ ടേബിളിൽ എല്ലാ മതക്കാരും ഉണ്ടായിരുന്നു. ഹിന്ദുവും മുസ്ലീമും കൃസ്ത്യാനിയും ഒക്കെ. എല്ലാ മതത്തിലുളളവരും അന്ന് ആ ബിരിയാണിയിൽ തുപ്പി. അങ്ങനെ എനിക്കന്നേ ഒരു കാര്യം മനസിലായി. എല്ലാ മതങ്ങളും ബിരിയാണിയിൽ തുപ്പും 🙂 അന്നം മുടക്കാൻ.

വാലറ്റം: ഞാൻ പിൽക്കാലത്ത് ബീഫ് അറിഞ്ഞുകൊണ്ടും കഴിച്ചു തുടങ്ങി. ലോകാരോഗ്യ സംഘടനയിൽ പണ്ട് ഒപ്പം പ്രവർത്തിച്ച ബ്രിട്ടീഷുകാരൻ സായിപ്പാണ് അതിന് കാരണം. ഒരു റെസ്റ്റോറന്റിൽ ഞാൻ ചിക്കൻ തന്നെ കിട്ടാൻ ശ്രമിച്ചത് അയാൾക്ക് മനസിലാകുന്നില്ലായിരുന്നു. “ഒരാൾ ഒരിനം ഇറച്ചിയും കഴിക്കില്ലെങ്കിൽ മനസിലാക്കാം. എന്നാൽ ചിക്കനും മട്ടനും കഴിക്കുന്ന ഒരാൾ ബീഫ് കഴിക്കില്ല എന്ന് പറയുന്നത് എനിക്ക് മനസിലാകുന്നില്ല.” സായിപ്പ് പറഞ്ഞു. അപ്പോഴാണ് ഞാനും ആ യുക്തി രാഹിത്യം ഓർത്തത്. ഞാൻ പതിയെ ബീഫ് കഴിച്ചു തുടങ്ങി. പിന്നെ ബി.ജെ.പി ക്കാർ ബീഫിന്റെ പേരിൽ തുടങ്ങിയ അക്രമം എന്നിലും വാശിയുണ്ടാക്കി. വാശിക്ക് ഞാനും ബീഫ് കഴിച്ചു തുടങ്ങി. വാശിയുണ്ടെങ്കിൽ ചില ദുശ്ശീലങ്ങൾ മാറ്റാം 🙂
ഡോ: എസ്. എസ്. ലാൽ

shortlink

Related Articles

Post Your Comments


Back to top button