KeralaLatest NewsIndia

‘സത്സംഗത്തിലൂടെ അവനവനെ തിരിച്ചറിയലാണ് ലക്‌ഷ്യം: സ്വാമി ചിദാനന്ദ പുരി, സത്സംഗമം പ്രഥമ വാർഷികോത്സവിന് ആഘോഷത്തോടെ സമാപനം

കൊച്ചി: ഭാഗവതം പഠന ഗ്രൂപ്പായ സത്സംഗമം ഓൺലൈൻ കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷ പരിപാടികൾ നടന്നു. ഒരുവർഷത്തെ പലതരത്തിലുള്ള പരിപാടികൾക്ക് ശേഷം 2021 നവംബർ 25 ന് വിപുലമായ രീതിയിൽ വാർഷികാഘോഷം സംഘടിപ്പിച്ചു.

സത്സംഗമം പ്രഥമ വാർഷികോത്സവ് 2021’ എന്ന പേരിലാണ് വാർഷികാഘോഷം സംഘടിപ്പിച്ചത്. ആചാര്യനായ ബ്രഹ്മശ്രീ. തത്തനപ്പിള്ളി കൃഷ്ണയ്യരുടെ നേതൃത്വത്തിൽ ആയിരുന്നു ആഘോഷ പരിപാടികൾ നടന്നത്. പൂജനീയ സ്വാമി ചിദാനന്ദപുരി പരിപാടിയിൽ മുഖ്യതിഥി ആയിരുന്നു.

പെരുമ്പള്ളി കേശവൻ നമ്പൂതിരി , എടമന വാസുദേവൻ നമ്പൂതിരി എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ഓൺലെനായാണ് ആഘോഷപരിപാടികൾ നടന്നത്. ആചാര്യൻ തത്തനപ്പിള്ളി കൃഷ്ണയ്യർ ചടങ്ങിന് ദീപം കൊളുത്തി.

ഗ്രൂപ്പ് കോ-ഓർഡിനേറ്റർ സതീഷ് മേനോൻ സ്വാഗതപ്രസംഗം നടത്തി. പൂജനീയ സ്വാമി ചിദാനന്ദപുരി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

എടമന നാരായണൻ നമ്പൂതിരിയുടെ കർണ്ണാടക സംഗീതം, പൈതൃക രത്നം ഡോ. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മകൾ നിവേദിത കെ. നമ്പൂതിരിയുടെ ‘ ഭാരത ഗീതം’, കലാകാരികളായ നിരഞ്ജന, നിവേദിത മാരുടെ വയലിൻ, സോപാന സംഗീതം, കവിത കലാപരിപാടികൾ വാർഷികോത്സവത്തിന് മാറ്റുകൂട്ടി.

തത്തൻപിള്ളി സത്സംഗമം എന്ന പേരിലുള്ള യൂട്യൂബ് ചാനൽ വഴിയാണ് ഗ്രൂപ്പിലേക്ക് ഭക്തജനങ്ങൾ എത്തിയത്. കൊറോണ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സംഘം രൂപീകരിച്ചത്. ലോകത്തിന്റെ നാനാ ഭാഗത്തു നിന്നുമുള്ള മലയാളികളാണ് സംഘത്തിലെ അധിക പേരും. പത്മജ വി.കെ. വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

പൂജനീയ സ്വാമി ചിദാനന്ദപുരി , ഉദ്ഘാടന വേളയിൽ സത്സംഗത്തിന്റെ ആവശ്യകതയെക്കുറിച്ചും സത്സംഗത്തിലൂടെ അവനവനെ തിരിച്ചറിയലാണ് ലക്ഷ്യമെന്നും ഉദ്ബോധിപ്പിച്ചു. സത്സംഗമത്തിന്റെ ആവശ്യകതയെക്കുറിച്ചും സത്സംഗത്തിലൂടെ അവനവനെ തിരിച്ചറിയലാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ലോകം ഇത്രയും പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ സത്സംഗങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും സ്വാമി ചിദാനന്ദപുരി ഓർമ്മിപ്പിച്ചു.

ഈശ്വരനെക്കുറിച്ച് ചിന്തിക്കാൻ നിത്യജീവിതത്തിൽ സമയം കണ്ടെത്തേണ്ടതുണ്ടെന്ന് പ്രസംഗത്തിൽ ബ്രഹ്മശ്രീ. എടമന വാസുദേവൻ നമ്പൂതിരി ഓർമ്മിപ്പിച്ചു. ഭാഗവത നവശുകൻ ബ്രഹ്മശ്രീ. പെരുമ്പള്ളി കേശവൻ നമ്പൂതിരി, ഗോപികമാരുടെ ഭക്തിയെ ഉദാഹരിച്ചുകൊണ്ട് , ഭഗവാനിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. പെരുമ്പള്ളി യദുകൃഷ്ണന്റെ ആരതി ഗാനത്തോടെയാണ് വാർഷികോത്സവം സമാപിച്ചത്.

 

shortlink

Post Your Comments


Back to top button