Latest NewsKeralaIndia

ഈഴവരുടെ എണ്ണം കുറയാൻ കാരണം ലവ് ജിഹാദും മതപരിവർത്തനവും: ആനുകൂല്യങ്ങൾ കവരുന്നത് ന്യൂനപക്ഷമെന്ന പേരുകാർ – വെള്ളാപ്പള്ളി

മതാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്നവരാണ് ഇന്നിവിടെ മതനിരപേക്ഷത പറയുന്നത്.

തൃശൂർ: വോട്ടിനുവേണ്ടി മതനിരപേക്ഷത പ്രചരിപ്പിക്കുന്നത് മതാധിപത്യത്തിനു വേണ്ടി നിലകൊള്ളുന്നവരാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ ഈഴവരുടെ അവകാശങ്ങൾ പിടിച്ചു പറ്റുന്നത് ന്യൂനപക്ഷമെന്ന പേരിൽ ഉള്ള ചിലരാണ്. ഈഴവസമുദായം 33 ശതമാനത്തിൽ നിന്ന് 28 ശതമാനമായി കുറഞ്ഞു. ഇതിന് പ്രധാന കാരണം മതപരിവർത്തനവും ലൗജിഹാദുമാണ് എന്നും വെള്ളാപ്പള്ളി നടേശൻ രൂക്ഷമായി വിമർശിച്ചു.എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ പണി തീർത്ത ആസ്ഥാന മന്ദിരം ഇന്നലെ ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് വെള്ളാപ്പള്ളിയുടെ വിമർശനം.

വെള്ളാപ്പള്ളിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

മതാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്നവരാണ് ഇന്നിവിടെ
മതനിരപേക്ഷത പറയുന്നത്.
എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ പണി തീർത്ത ആസ്ഥാന മന്ദിരം ഇന്ന് ഉദ്ഘാടനം ചെയ്തു.
വോട്ടിന് വേണ്ടി രാഷ്ട്രീയ പാർട്ടികൾ ഇന്ന് അടവു നയം പയറ്റുകയാണ്. ഈഴവ സമുദായം 33 ശതമാനത്തിൽ നിന്ന് 28 ശതമാനമായി കുറഞ്ഞു. ഇതിന് പ്രധാന കാരണം മതപരിവർത്തനവും ലൗജിഹാദുമാണ്. പല സ്ഥലങ്ങളിലും കൂട്ടത്തോടെയാണ് ഇത് ചെയ്യുന്നത്.
ന്യുനപക്ഷം എന്ന പേരിൽ ചിലർ എല്ലാം കവർന്നെടുക്കുകയാണ്. ജാതി എന്നത് സത്യമാണ്, ഈഴവർ ജാതി പറയുന്നത് മാത്രമാണ് ഏവർക്കും കുഴപ്പം.

സാമൂഹിക നീതി ലഭിക്കുന്നതിന് വേണ്ടിയാണ് ജാതി പറയുന്നതെന്ന് ഏവരും മനസിലാക്കണം. മുസ്ലീം ലീഗും കേരള കോൺഗ്രസുമെല്ലാം മതേതരത്വം പറയുന്നുണ്ട്. എന്നാൽ ഇവരിൽ ഉള്ളവർ ആരൊക്കെ എന്ന് ചിന്തിക്കണം.
ചേർത്തലയിൽ കഴിഞ്ഞ ദിവസം നടന്ന മഹാസമ്മേളനത്തിൽ വച്ച് ‘ആറായിരം രൂപയിൽ നിന്ന് എസ്.എൻ.ഡി.പി യോഗം ഇന്ന് വലിയ സാമ്പത്തിക ശക്തിയായി മാറിയെന്ന്’ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടത് യോഗത്തിനെതിരെ പ്രവർത്തിക്കുന്നവർക്കുള്ള താക്കീത് കൂടിയാണ്. എല്ലാ കാര്യങ്ങളും സസൂഷ്മം പഠിക്കുന്ന ഒരാളാണ് നമ്മുടെ മുഖ്യമന്ത്രി. എന്നാൽ അത് അദ്ദേഹം പുറത്ത് പ്രകടിപ്പിക്കുന്നത് അപൂർവ്വമായാണ്.

സംസ്ഥാന ഗവർണർ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയെ അദ്ദേഹത്തിന്റെ വസതിയിലേക്ക് വിരുന്നിന് ക്ഷണിച്ചത് വെള്ളാപ്പള്ളി നടേശനുള്ള അംഗീകാരമല്ല, മറിച്ച് എസ്.എൻ.ഡി.പി യോഗത്തിന് നൽകിയ അംഗീകാരമാണത്. സമുദായത്തെ തകർക്കാൻ ഇപ്പോഴും ഇരുട്ടിന്റെ ശക്തികൾ ശ്രമിക്കുന്നുണ്ട്. അവർ പുറത്തേക്ക് വരാതെ മറ്റ് ചിലരെ കൊണ്ട് അതിന് ശ്രമിക്കുകയാണ്. എന്നാൽ തന്റെ കഴിഞ്ഞ 25 വർഷത്തെ യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിലുള്ള പ്രവർത്തനത്തിന് ശക്തി പകർന്നത് യോഗത്തിന്റെ സാധാരണ പ്രവർത്തകരാണ്. യോഗം പ്രവർത്തകരുടെ കൂട്ടായ്മയാണ് സമുദായത്തിന്റെ ശക്തി.

ആഘോഷ നിറവിൽ ആണ് എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ ആസ്ഥാന മന്ദിര ഉദ്ഘാടനം നടന്നത്. നൂറുക്കണക്കിന് ശ്രീനാരായണീയരുടെ പ്രവർത്തനഫലമായി നിർമ്മാണം പൂർത്തിയാക്കിയ ആസ്ഥാന മന്ദിരം വർഷങ്ങൾക്ക് മുമ്പ് തറക്കല്ലിട്ട ഡിസംബർ 12 എന്ന തിയതിയിൽ തന്നെയാണ് ഉദ്ഘാടനം ചെയ്തതെന്ന പ്രത്യേകത കൂടി ഉണ്ട്. അന്ന് കല്ലിടൽ ചടങ്ങ് നടത്തിയ എനിക്ക് ഇന്ന് യൂണിയൻ ഓഫീസ് ഉദ്ഘാടനം നടത്തുവാനും ഭാഗ്യം ലഭിച്ചു.
ഭാരതീയ വിദ്യാഭവൻ ഹാളിൽ നടന്ന ചടങ്ങിൽ യോഗം അസി.സെക്രട്ടറി കെ.വി.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.

യൂണിയൻ ഓഫീസ് ഉദ്ഘാടനം യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് ഐ.ജി.പ്രസന്നൻ ഭദ്രദീപം തെളിയിച്ചു. ചടങ്ങിൽ പ്രൊഫ.കെ.കെ.ഹർഷകുമാർ, ഡോ.പി.ബി.ഗിരിദാസ്, എ.എസ്.പൂജ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. എൻജിനീയർ സത്യൻ, ബിൾഡിംഗ് കോൺട്രാക്ടർമാരായ കുമാരൻ, അശോകൻ അരിമ്പൂർ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.
യോഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ 25 വർഷം പൂർത്തിയാക്കിയതിന് കെ.വി.സദാനന്ദൻ തൃശൂർ യൂണിയന്റെ ഉപഹാരം സമ്മാനിച്ചു.
യോഗം കൗൺസിലർമാരായ പി.കെ.പ്രസന്നൻ, ബേബിറാം,കേന്ദ്ര വനിതാ സംഘം സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ എന്നിവർ ആശംസകൾ നേർന്നു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ എൻ.വി.രഞ്ജിത്ത് സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് ടി.ആർ.രഞ്ചു നന്ദിയും പറഞ്ഞു.

വിവിധ യൂണിയനുകളെ പ്രതിനിധികരിച്ച് ഇ.കെ.സുധാകരൻ, കെ.എസ്.ധർമ്മരാജൻ,പി.എസ്.പ്രേമാനന്ദൻ, കെ.ആർ.ദിനേശൻ, ഉണ്ണികൃഷ്ണൻ തഷ്ണാത്ത്, സുന്ദരൻ മൂത്തമ്പാടൻ,സി.ജെ.ജനാർദ്ദനൻ, ടി.കെ.രവീന്ദ്രൻ, ലാലാ സന്തോഷ്, ടി.ആർ.രാജേഷ്,പി.കെ.മോഹനൻ, പി.കെ.രവീന്ദ്രൻ, തൃശൂർ യൂണിയൻ ഭരണ സമിതി അംഗങ്ങളായ കെ.വി.വിജയൻ, മോഹൻ കുന്നത്ത്, പി.വി.വിശേശ്വരൻ, പി.ബി.ഇന്ദിരാദേവി ടീച്ചർ, കെ.എ.മനോജ് കുമാർ, കെ.ആർ.ഉണ്ണികൃഷ്ണൻ, എ.കെ.ഗംഗധരൻ, കെ.കെ.ഭഗീരഥൻ, കെ.ആർ.മോഹനൻ, മോഹനൻ നെല്ലിപറമ്പിൽ, വനിതാ സംഘം ഭാരവാഹികളായ പത്മിനി ഷാജി, എം.ആർ.രാജശ്രീ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് പി.എസ്.സന്ദീപ് , വി. ഡി. സുഷിൽകുമാർ, കെ.വി.രാജേഷ് എന്നിവരും മറ്റ് പോഷക സംഘടനാ ഭാരവാഹികളും ശാഖാ ഭാരവാഹികളും സന്നിഹിതരായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button