Latest NewsIndia

മയക്കുമരുന്ന് നിയമം : ഭേദഗതിബിൽ ലോക്‌സഭ പാസാക്കി, ഓർഡിനൻസ് പുറത്തിറക്കി

കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് കുറഞ്ഞത് 10 വർഷം കഠിനതടവും 10 ലക്ഷം രൂപവരെ പിഴയും ഏർപ്പെടുത്താം.

ന്യൂഡൽഹി: മയക്കുമരുന്നും ലഹരിപദാർഥങ്ങളും സംബന്ധിച്ച നിയമം തയ്യാറാക്കിയപ്പോഴുണ്ടായ പിഴവ് തിരുത്തുന്നതിനുള്ള ഭേദഗതിബിൽ ലോക്‌സഭ പാസാക്കി. നിർണായകവിഷയങ്ങളിൽ കേന്ദ്രസർക്കാർ അമിതമായി ഓർഡിനൻസ് മാർഗം സ്വീകരിക്കുന്നതിനെ വിമർശിച്ച പ്രതിപക്ഷം, ക്രിമിനൽശിക്ഷയ്ക്ക് മുൻകാല പ്രാബല്യം നൽകുന്നത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി.

എന്നാൽ, നിയമം തയ്യാറാക്കിയപ്പോൾ കടന്നുകൂടിയ ക്ലറിക്കൽ പിശക് തിരുത്താനാണ് ഭേദഗതിബിൽ കൊണ്ടുവന്നതെന്നും കോടതികളുടെ ഉത്തരവുകൂടി കണക്കിലെടുത്താണ് അടിയന്തരപരിഹാരത്തിന് ഓർഡിനൻസ് പുറത്തിറക്കിയതെന്നും ധനമന്ത്രി നിർമലാ സീതാരാമൻ വിശദീകരിച്ചു. അനധികൃത മയക്കുമരുന്ന് ഇടപാടുകൾക്ക് പണം നൽകുക, ഇടപാടിൽ ഉൾപ്പെട്ടവരെ രക്ഷിക്കുക എന്നിവ ക്രിമിനൽ കുറ്റമാണ്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് കുറഞ്ഞത് 10 വർഷം കഠിനതടവും 10 ലക്ഷം രൂപവരെ പിഴയും ഏർപ്പെടുത്താം.

തടവുശിക്ഷാ കാലാവധി 20 വർഷംവരെ നീട്ടാമെന്നും വ്യവസ്ഥയുണ്ട്. ഈ ശിക്ഷാ വ്യവസ്ഥകൾ പുതിയ ഭേദഗതിപ്രകാരം നിയമത്തിൽ ഉൾപ്പെടുത്തുകയും ഈ ഭേദഗതിക്ക് 2014 മേയ് ഒന്നു മുതൽ മുൻകാല പ്രാബല്യമുണ്ടാകുമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു.എന്നാൽ, ക്രിമിനൽ ശിക്ഷാവ്യവസ്ഥകൾക്ക് മുൻകാലപ്രാബല്യം നൽകുന്നത് ഭരണഘടനാ ലംഘനമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ചർച്ചയ്ക്ക് ധനമന്ത്രി മറുപടി നൽകി.

തുടർന്ന് ബിൽ പാസ്സാക്കി.പ്രതിപക്ഷാംഗങ്ങളായ ഭർതൃഹരി മേത്താബ്, അധീർ രഞ്ജൻ ചൗധരി, പ്രൊഫ. സൗഗതാ റോയി, എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ഇ.ടി. മുഹമ്മദ് ബഷീർ, എം.പി. അബ്ദുസ്സമദ് സമദാനി, തോമസ് ചാഴിക്കാടൻ, ബെന്നി ബെഹനാൻ, ടി.എൻ. പ്രതാപൻ, എ.എം. ആരിഫ്, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയവർ നോട്ടീസ് നൽകിയ നിരാകരണപ്രമേയം തള്ളിക്കൊണ്ടാണ് ബിൽ സഭ പരിഗണിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button