Latest NewsNewsIndia

മമതയെ ഒഴിവാക്കി സോണിയയുടെ കരുനീക്കം: യെച്ചൂരിയും പവാറുമടക്കമുള്ള നേതാക്കളുടെ അപ്രതീക്ഷിത യോഗം വിളിച്ച് കോണ്‍ഗ്രസ്

ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ മമത ബാനര്‍ജി ആഞ്ഞടിച്ചിരുന്നു.

ന്യൂഡൽഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെ വിളിക്കാതെ പ്രതിപക്ഷ കക്ഷികളുടെ അപ്രതീക്ഷിത യോഗം വിളിച്ച് കോണ്‍ഗ്രസ്. 12 എം.പിമാരെ രാജ്യസഭയില്‍ നിന്നും സസ്‌പെന്റ് ചെയ്ത സംഭവത്തില്‍ ഭാവിപരിപാടികള്‍ തീരുമാനിക്കാനായിരുന്നു യോഗം. സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ മമതയുടെ അസാന്നിധ്യം ശ്രദ്ധേയമായി. എന്‍.സി.പി, ഡി.എം.കെ, ശിവസേന, സി.പി.ഐ.എം തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളെയാണ് യോഗത്തിലേക്ക് വിളിച്ചത്.

ശരദ് പവാര്‍, സഞ്ജയ് റാവത്ത്, ടി.ആര്‍. ബാലു, സീതാറാം യെച്ചൂരി, ഫാറൂഖ് അബ്ദുള്ള തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരും യോഗത്തിലുണ്ടായിരുന്നു. എളമരം കരീം (സി.പി.ഐ.എം), ബിനോയ് വിശ്വം (സി.പി.ഐ) എന്നിവരടക്കം 12 പ്രതിപക്ഷ എം.പിമാര്‍ക്കാണ് സസ്‌പെന്‍ഷന്‍. കോണ്‍ഗ്രസിന്റെ ആറും തൃണമൂലിന്റെയും ശിവസേനയുടെയും 2 വീതവും എം.പിമാര്‍ നടപടി നേരിട്ടു. രാജ്യസഭയുടെ ചരിത്രത്തില്‍ ഇത്രയും പേര്‍ക്കെതിരെ നടപടി ആദ്യമായാണ്.

Read Also: കൈക്കൂലി വാങ്ങി: ജഡ്ജിയെ പിടികൂടി അഴിമതി വിരുദ്ധ സമിതി

ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ മമത ബാനര്‍ജി ആഞ്ഞടിച്ചിരുന്നു. ഗോവയില്‍ തൃണമൂല്‍ നേതൃത്വത്തിലുള്ള പ്രതിപക്ഷ ഐക്യനിരയിലേക്ക് കോണ്‍ഗ്രസിനോട് താല്‍പര്യമുണ്ടെങ്കില്‍ ചേരാമെന്നും പറഞ്ഞിരുന്നു. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ദേശീയതലത്തില്‍ പാര്‍ട്ടി വളര്‍ത്തുന്നതിനും പ്രതിപക്ഷ കക്ഷികളെ ഒരുമിപ്പിക്കുന്നതിനുമുള്ള ശ്രമത്തിലാണ് മമത. ഗോവ, ത്രിപുര, അസം, ഗുജറാത്ത്, മേഘാലയ, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം സ്വാധീനമുറപ്പിക്കാനുള്ള ശ്രമം മമത നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button