Latest NewsKeralaNews

പ്രവാസ ജീവിതം മതിയാക്കി കേരളത്തില്‍ മുട്ടക്കോഴി സംരംഭം: ഉദ്യോഗസ്ഥര്‍ സംരംഭം പൂട്ടിച്ചെന്ന ആരോപണവുമായി യുവാവ്

തിരുവനന്തപുരം : പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ ചെറിയ സംരംഭം ആരംഭിക്കാമെന്ന് പ്രതീക്ഷയിലായിരുന്നു യുവാവ് ഗള്‍ഫ് വിട്ടത്. എന്നാല്‍ ഏറെ പ്രതീക്ഷയോടെ ആരംഭിച്ച തന്റെ സംരംഭം ഉദ്യോഗസ്ഥര്‍ പൂട്ടിച്ചെന്ന ആരോപണവുമായാണ് യുവാവ് രംഗത്ത് എത്തിയത്. ലോഹിത് എന്ന യുവാവാണ് തന്റെ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. മുന്‍ മന്ത്രി സുനില്‍ കുമാറിന്റെ കൃഷിദീപം മാസികയില്‍ മുട്ട കോഴി വളര്‍ത്തലിനെക്കുറിച്ചറിഞ്ഞ് ഒരു പരീക്ഷണം എന്ന നിലയിലാണ് വീടിന് മുകളില്‍ കോഴി വളര്‍ത്തല്‍ ആരംഭിച്ചത്. എന്നാല്‍ വ്യക്തി വിരോധത്തെത്തുടര്‍ന്ന് ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പോലും നടത്താതെ ഉദ്യോഗസ്ഥര്‍ സ്റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നെന്ന് കുറിപ്പില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

‘പത്ത് വര്‍ഷത്തെ പ്രവാസം മതിയാക്കി കൃഷിയോടുള്ള താല്‍പ്പര്യത്തില്‍ ജോലി മതിയാക്കി നാട്ടില്‍ എന്തെലും ചെയ്യണം എന്ന് കരുതി പോയ എന്റെ അവസ്ഥയും ഇത് തന്നെ. മന്ത്രി സുനില്‍ കുമാറിന്റെ കൃഷിദീപം മാസികയില്‍ മുട്ട കോഴി വളര്‍ത്തലിനെക്കുറിച്ചറിഞ്ഞ് ഒരു പരീക്ഷണം എന്ന നിലയില്‍ വീടിന് മുകളില്‍ 100 മുട്ട കോഴിയെ വളര്‍ത്തിയ എനിക്ക് പൊലൂഷന്‍ കണ്‍ട്രോളില്‍ നിന്നും സ്റ്റോപ്പ് ചെയ്യാന്‍ നോട്ടീസ് വന്നു. അതും എന്നോട് വ്യക്തി വൈര്യാഗ്യമുളള അയല്‍വാസിയായ ഒരു ചെറ്റയുടെ പരാതിയില്‍. പരാതി ലഭിച്ചതോടെ ഓടി വന്ന് പൂട്ടിച്ച ഉദ്യോഗസ്ഥ വര്‍ഗ്ഗമാണ് നമ്മുടെ നാടിന്റെ ശാപം’.

‘ഞാന്‍ പൊലൂഷന്‍ വകുപ്പിനോട് പറഞ്ഞു ഒരു അയല്‍വാസിയല്ലാതെ മറ്റൊരു അയല്‍വാസി കൂടി പരാതി നല്‍കിയാല്‍ നാളെ തന്നെ ഇത് മതിയാക്കാന്‍ തയ്യാറാണ് . പക്ഷെ എന്റെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കാതെ അവര്‍ എനിക്ക് സ്റ്റോപ്പ് മെമ്മോ അയച്ചു. ഇതോടെ ലക്ഷങ്ങളുടെ ഹൈടെക്ക് കോഴിക്കൂടും മുട്ട ഇട്ട് തുടങ്ങിയ കോഴികളെയും മുടക്ക് മുതലിന്റെ 10 ശതമാനം പോലും തിരിച്ച് കിട്ടാതെ ഒഴിവാക്കേണ്ടതായി വന്നു. നമ്മുടെ നാട് നന്നാകില്ല അര് വിചാരിച്ചാലും ആരുടെ സംരഭങ്ങളും പൂട്ടിക്കാം അതാണ് നമ്മുടെ നാടിന്റെ അവസ്ഥ’.

‘ഇന്ന് വീണ്ടും പ്രവാസം സ്വീകരിച്ച് ജീവിക്കാനാണ് നമ്മുടെ വിധി. കൃഷിദീപം മാസികയില്‍ അന്ന് മന്ത്രിയായിരുന്ന സുനില്‍കുമാര്‍ പറയുന്നുണ്ട് വീടുകളില്‍ പരമാവധി മുട്ട കോഴി വളര്‍ത്താന്‍ പ്രോല്‍സാഹിപ്പിക്കും എന്ന്. ആ ലേഖനം വായിച്ചിട്ടാണ് ഈ ഒരു ചെറിയ സംരംഭം ആരംഭിച്ചത്. അതിന് ശേഷം മറ്റൊരു സ്ഥലത്തേക്ക് കോഴികളെ മാറ്റാനും വാടകക്ക് ഒരു സ്ഥലവും എടുത്തു. എന്നാല്‍ ഇതിനായി പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞത് ഈ പഞ്ചായത്തില്‍ കോഴി വളര്‍ത്തലിന് പെര്‍മിഷന്‍ ഇല്ലാ എന്നാണ്. അത് കേട്ടപ്പോഴെ മനസ്സ് പകുതി തളര്‍ന്നിരുന്നു’.

‘ഫാമിനോടും കൃഷിയോടുമുള്ള താല്‍പ്പര്യത്തില്‍ നാട്ടില്‍ ഇനിയുള്ള ജീവിതം ജീവിച്ച് തീര്‍ക്കാന്‍ ആഗ്രഹിച്ച എനിക്ക് എന്റെ നാട്ടിലെ ഉദ്യോഗസ്ഥ വര്‍ഗം തന്ന ശിക്ഷയാണ് ഇത്. ഒരു ഫാമിന് ലൈസന്‍സിന് വേണ്ടി പൊലൂഷന്‍ കണ്‍ട്രോളില്‍ കയറി ഇറങ്ങുന്നവര്‍ അറിയുക ആര്‍ക്ക് വേണമെങ്കിലും നമ്മുടെ സംരഭം പൂട്ടിക്കാന്‍ കഴിയും. ഉദ്യോഗസ്ഥ വര്‍ഗം നിങ്ങള്‍ തുടങ്ങാന്‍ അവരുടെ വാതില്‍ മുട്ടുന്ന ദിവസം വേണ്ട അവര്‍ പറന്ന് വന്ന് അത് പൂട്ടിക്കാന്‍’ .

‘പഞ്ചായത്തില്‍ നിന്നും വന്നവര്‍ക്ക് കാര്യം മനസിലായാലും ചില പൂട്ടിക്കല്‍ തല്‍പ്പരകക്ഷികള്‍ ഉള്ള കാലത്തോളം നാട്ടില്‍ ഒരു മലരും തുടങ്ങാന്‍ കഴിയില്ല. എല്ലാം ഉപേക്ഷിച്ച് ഇന്ന് വീണ്ടും പ്രവാസിയായി. പ്രവാസികളോട് ഒരു അപേക്ഷ കുറെ വര്‍ഷം പ്രവാസിയായവര്‍ക്ക് കൃഷിയോടും ഫാമുകളോടും താല്‍പര്യമുണ്ടാകാം പക്ഷെ അത് വിചാരിച്ച് നാട്ടില്‍ അതൊക്കെ തുടങ്ങാന്‍ എന്ന് വിചാരിച്ച് പ്രവാസം മതിയാക്കി വരാതിരിക്കുക’

‘പ്രവാസം മതിയാക്കി വല്ല രാഷ്ട്രീയത്തിലും ഇറങ്ങുക നിങ്ങള്‍ക്ക് ശോഭിക്കാന്‍ കഴിയും. പൊരുതാന്‍ അറിയാഞ്ഞിട്ടല്ല ഇതൊന്നും നിര്‍ത്തിയത്. മാനസികമായി ഈ വര്‍ഗ്ഗം തളര്‍ത്തിക്കളയും . കൈയ്യിലുളള പൈസ പോയത് മിച്ചം ഇനി പ്രവാസത്തിലൂടെ ഒന്നാം ക്ലാസ് മുതല്‍ തുടങ്ങണം ഒന്ന് കരപറ്റാന്‍’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button