Latest NewsIndia

കോണ്‍ഗ്രസിന് തീരാനഷ്ടമായി 2021 : പോയത് അഞ്ച് പ്രമുഖ നേതാക്കള്‍, അമരീന്ദര്‍ അടക്കം നഷ്ടം

പാര്‍ട്ടി നടത്തിയ സര്‍വേയിലും അമരീന്ദറിന് ജനപ്രീതി ഇല്ലെന്ന് ആരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ രാജി സമ്മർദ്ദം.

ന്യൂഡൽഹി: കോണ്‍ഗ്രസിന് വലിയ രീതിയിൽ രാഷ്ട്രീയ നഷ്ടം ഉണ്ടാക്കി വെച്ച വര്‍ഷമാണ് 2021. നിരവധി പേര്‍ കോണ്‍ഗ്രസ് വിട്ടിട്ടുണ്ടെങ്കിലും അഞ്ച് പ്രബല നേതാക്കള്‍ പോയതാണ് ഈ 2021 ൽ കോണ്‍ഗ്രസ് നേതൃത്വത്തെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ചത്. നിലനില്‍പ്പ് തന്നെ ചോദ്യത്തിലായിരിക്കുകയാണ് ഇപ്പോള്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ 2014ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ശേഷം ഏറ്റവുമധികം നേതാക്കള്‍ പാര്‍ട്ടി വിട്ട് പോകുന്നതാണ് കണ്ടത്. എല്ലാ വര്‍ഷവും ഇത് കൂടിക്കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷവും അത് പതിവ് പോലെ തന്നെ നടന്നു.

എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്ത അഞ്ച് നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടതാണ് രാഷ്ട്രീയ ലോകത്തെ അമ്പരിപ്പിച്ചത്. ഇവര്‍ ഒരിക്കലും കോണ്‍ഗ്രസ് വിടുമെന്ന് കരുതിയവരല്ല. പാര്‍ട്ടി വിട്ടവരില്‍ പ്രമുഖന്‍ അമരീന്ദര്‍ സിംഗാണ്. സെപ്റ്റംബറിലാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിയത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമായിരുന്നു മാറ്റം. ഇതിന് പിന്നാലെ നേതൃത്വവുമായി അദ്ദേഹം ഇടഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് അദ്ദേഹം രാജിവെക്കുകയും ചെയ്തു. രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളും അദ്ദേഹം ഉന്നയിച്ചു.

പുതിയ പാര്‍ട്ടിയും അമരീന്ദര്‍ പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചത്. ഹൈക്കമാന്‍ഡിന്റെ പിന്തുണ സിദ്ദുവിനായിരുന്നു. പാര്‍ട്ടി നടത്തിയ സര്‍വേയിലും അമരീന്ദറിന് ജനപ്രീതി ഇല്ലെന്ന് ആരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ രാജി സമ്മർദ്ദം. കോണ്‍ഗ്രസിന്റെ മുന്‍ കേന്ദ്ര മന്ത്രി കൂടിയാണ് ജിതിന്‍ പ്രസാദ. രാഹുല്‍ ഗാന്ധിയുടെ യുവ ബ്രിഗേഡിലെ നേതാവായിരുന്നു അദ്ദേഹം. യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെയായിരുന്നു ജിതിന്‍ പ്രസാദയുടെ രാജി.

ബിജെപിയില്‍ അദ്ദേഹം ചേരുകയും ചെയ്തു. ജനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് അകന്ന് കൊണ്ടിരിക്കുകയാണെന്ന് പ്രസാദ പറഞ്ഞു. നേരത്തെ സോണിയക്ക് കത്തയച്ച ജി23 നേതാക്കളില്‍ പ്രസാദയുമുണ്ടായിരുന്നു. മറ്റൊരാള്‍ കേരളത്തിലെ പ്രമുഖ നേതാവ് പിസി ചാക്കോയാണ്. കോണ്‍ഗ്രസില്‍ ഗ്രൂപ്പിസത്തിനാണ് പ്രാധാന്യമെന്ന് ആരോപിച്ചായിരുന്നു രാജി. എന്‍സിപിയിലാണ് അദ്ദേഹം ചേര്‍ന്നത്. മുകുള്‍ സംഗ്മ മേഘാലയയില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതും മറ്റൊരു തിരിച്ചടിയായി.
ത്രിപുരയിലെ പ്രമുഖ നേതാവും മുന്‍ എംപിയുമായ സുഷ്മിത ദേവ് പാര്‍ട്ടി വിട്ടതായിരുന്നു കോണ്‍ഗ്രസിന് ഈ വര്‍ഷം ഉണ്ടായ മറ്റൊരു തിരിച്ചടി.

ത്രിപുരയിലും അസമിലും ഒരുപോലെ സുഷ്മിതയ്ക്ക് സ്വാധീനമുണ്ടായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിലാണ് അവര്‍ ചേര്‍ന്നത്. മഹിളാ കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കളില്‍ ഒരാളായിരുന്നു സുഷ്മിത. അതേസമയം യാതൊരു കാരണവും പറയാതെയാണ് അവര്‍ പാര്‍ട്ടി വിട്ടത്. പുതിയൊരു അധ്യായം പൊതുജീവിതത്തില്‍ തുടങ്ങുകയാണെന്ന് സുഷ്മിത സോണിയക്ക് അയച്ച കത്തില്‍ പറഞ്ഞു. യുപിയിലെ പ്രമുഖ നേതാവായ ജിതിന്‍ പ്രസാദയും ഈ വര്‍ഷമാണ് രാജിവെച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button