Latest NewsIndia

മതപരിവര്‍ത്തന നിരോധന ബില്‍ ഇന്ന് കര്‍ണാടക മന്ത്രിസഭയിൽ: 10വർഷം വരെ തടവ് ലഭിക്കാം, വിവാഹത്തിനായും മതംമാറ്റം കുറ്റം

മതം മാറുന്നവര്‍ക്ക് ആദ്യമുണ്ടായിരുന്ന പിന്നാക്ക മത വിഭാഗത്തിന്‍റെ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കില്ല.

ബം​ഗളൂരു: മതപരിവര്‍ത്തന നിരോധന ബില്‍ ഇന്ന് കര്‍ണാടക മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കടുത്ത വ്യവസ്ഥകള്‍ ഉള്ളതാണ് ബിൽ. വിവാഹത്തിന് വേണ്ടിയുള്ള മതംമാറ്റവും നിയമപരിധിയില്‍ വരും. ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്. പിന്നാക്കം നില്‍ക്കുന്ന ഹിന്ദുമതത്തിലുള്ളവരെ വ്യാപകമായി മതംമാറ്റം ചെയ്യുന്നുവെന്നായിരുന്നു പരാതികള്‍.

പരാതി ഉയര്‍ന്നാല്‍ കുറ്റാരോപിതന് എതിരെ കര്‍ശന നടപടികള്‍ക്ക് വഴിവയക്കുന്നതാണ് ബില്ല്. പണം, സൗജന്യ വിഭ്യാഭ്യാസം, മികച്ച ജീവിത നിലവാരം,ഭക്ഷ്യവസ്തുക്കള്‍ എന്നിവ വാഗ്ദാനം ചെയ്തുള്ള മതംമാറ്റം ശിക്ഷാപരിധിയില്‍ വരും. തെറ്റിധരിപ്പിച്ചോ ബലം പ്രയോഗിച്ചോ വഞ്ചനയിലൂടെയോ സമ്മര്‍ദ്ദം ചെലുത്തുന്നതും ശിക്ഷാര്‍ഹം. പരാതി ഉയര്‍ന്നാല്‍ മതം മാറ്റം സ്വമേധയാ ആണെന്ന് തെളിയിക്കേണ്ട മുഴുവന്‍ ഉത്തരവാദിത്വവും കുറ്റാരോപിതനാണ്. ഇല്ലെങ്കില്‍ ജയില്‍ശിക്ഷയ്ക്ക് പുറമേ മതംമാറിയവര്‍ക്ക് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം നല്‍കണം.

ബില്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ജാമ്യം ലഭിക്കില്ല. പൊതുവേ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. എന്നാല്‍ പരിവര്‍ത്തനം ചെയ്തവരില്‍ സ്ത്രീയോ പട്ടികവർഗ വിഭാഗത്തില്‍പ്പെട്ടവരോ പ്രായപൂര്‍ത്തിയാകാത്തവരോ ഉണ്ടെങ്കില്‍ ശിക്ഷ പത്ത് വര്‍ഷം വരെ. പിഴ ഒരു ലക്ഷം മുതല്‍ 5 ലക്ഷം വരെ ആകും. ഒന്നിലധികം പേരെ ഒരേസമയം മതംമാറ്റിയെന്ന് കണ്ടെത്തിയാല്‍ പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കും.

വിവാഹത്തിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയുള്ള മതംമാറ്റത്തിന് പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കും. നിര്‍ബന്ധിച്ചുള്ള മതംമാറ്റം ആണെന്ന് കണ്ടെത്തിയാല്‍ വിവാഹം അസാധുവാക്കും. അതേസമയം മതം മാറാനും ചില നിയമങ്ങൾ ഉണ്ട്. മതം മാറാന്‍ ഉദ്ദേശിക്കുന്നവര്‍ രണ്ട് മാസം മുന്‍പെങ്കിലും വിവരം കളക്ടറെ രേഖാമൂലം അറിയിക്കണം. മതംമാറി 30 ദിവസത്തിനകം ആ വിവരവും അറിയിക്കണം. കളകറുടെ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ചാകും നിയമസാധുത. മതം മാറുന്നവര്‍ക്ക് ആദ്യമുണ്ടായിരുന്ന പിന്നാക്ക മത വിഭാഗത്തിന്‍റെ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കില്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,ആശുപത്രികള്‍, അനാഥാശ്രമങ്ങള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലും ജില്ലാ പൊലീസ് മേധാവിമാര്‍ പരിശോധന നടത്തും. സ്വാധീനത്തിലൂടെയുള്ള മതംമാറ്റം കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടിയുണ്ടാകും. മതപരിവര്‍ത്തന കേസുകള്‍ വ്യാപകമായി ഉയരുന്നുവെന്ന പരാതികള്‍ക്കിടെയാണ് പുതിയ നിയമം. ഇതുകൂടാതെ ഹിന്ദുസംഘടനകളില്‍ നിന്നുയര്‍ന്ന നിരന്തര ആവശ്യങ്ങള്‍ക്കിടയില്‍ കൂടിയാണ് സര്‍ക്കാര്‍ പുതിയ ബില്ല് കൊണ്ടുവരുന്നത്. അതേസമയം ക്രൈസ്തവ സംഘടനകളുടെ എതിര്‍പ്പുകള്‍ക്കിടയിലും പുതിയ നിയമം അനിവാര്യമെന്ന നിലപാടിലാണ് സര്‍ക്കാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button