Latest NewsIndia

പ്രധാനമന്ത്രിയെ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം ശക്തം: ഗത്യന്തരമില്ലാതെ മോദി സിന്ദാബാദ് വിളിച്ച് പഞ്ചാബ് ഉപമുഖ്യമന്ത്രി

പഞ്ചാബ് ഉപമുഖ്യമന്ത്രി ഒപി സോണിയെ ബിജെപിക്കാര്‍ തടയുന്നതും അദ്ദേഹം മോദി സിന്ദാബാദ് വിളിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

അമൃതസര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ചയില്‍ രാജ്യത്ത് പ്രതിഷേധം ശക്തം. വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധ ജാഥ പോലും നടന്നു. സംഭവം അതീവ ഗൗരവത്തോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോക്കിക്കാണുന്നത്. ബിജെപിയും കോണ്‍ഗ്രസും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെ മറ്റൊരു വീഡിയോ വൈറല്‍. പഞ്ചാബ് ഉപമുഖ്യമന്ത്രി ഒപി സോണിയെ ബിജെപിക്കാര്‍ തടയുന്നതും അദ്ദേഹം മോദി സിന്ദാബാദ് വിളിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

കോണ്‍ഗ്രസ് നേതാവ് മോദിക്ക് ജയ് വിളിക്കുന്ന വീഡിയോ അതിവേഗമാണ് പ്രചരിച്ചത്. ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തു.അമൃതസറിലേക്ക് കാറില്‍ പോകുകയായിരുന്നു ഉപമുഖ്യമന്ത്രി ഒപി സോണി. ഈ വേളയില്‍ ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ പ്രതിഷേധം നടത്തുന്നുണ്ടായിരുന്നു. മന്ത്രിയുടെ കാറെത്തിയതോടെ അവര്‍ വാഹനം വളഞ്ഞു. ജയ്‌ശ്രീറാം വിളികളോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്. ഇതോടെ മന്ത്രി കാറിന് പുറത്തേക്കിറങ്ങി മോദി സിന്ദാബാദ് വിളിക്കുകയും കാറില്‍ തിരിച്ചുകയറുകയുമായിരുന്നു.

മന്ത്രിയുടെ വാഹനത്തിന് പോകാന്‍ അനുമതി നല്‍കിയ ബിജെപി പ്രവര്‍ത്തകര്‍ ആവേശത്തോടെ മുദ്രാവാക്യം വിളിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ആഴ്ചകള്‍ പിന്നിട്ടാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് പഞ്ചാബില്‍. അമരീന്ദര്‍ സിങിനൊപ്പം ചേര്‍ന്ന ബിജെപി ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നേടാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ദിവസം ഫിറോസ്പൂരില്‍ ബിജെപിയുടെ റാലി പദ്ധതിയിട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് റാലിയില്‍ സംബന്ധിക്കേണ്ടിയിരുന്നത്.

എന്നാല്‍ അദ്ദേഹം ഫ്‌ളൈ ഓവറില്‍ കുറച്ച് നേരം കുടുങ്ങി. ഇത് പഞ്ചാബ് സർക്കാരിന്റെ വലിയ സുരക്ഷാ വീഴ്ചയായിരുന്നു. വൻജനക്കൂട്ടമായിരുന്നു റാലിയിൽ പങ്കെടുക്കാനായി എത്തിയിരുന്നത്. ഇതോടെ രാജ്യത്തെ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കിയില്ല എന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഈ വേളയിലാണ് ഉപമുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പഞ്ചാബ് സര്‍ക്കാര്‍ രണ്ടംഗ ഉന്നത തല സമിതിയെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. റിട്ട. ജഡ്ജി മെഹ്താബ് സിങ് ഗില്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി അനുരാഗ് വര്‍മ എന്നിവരാണ് ഇത് സംബന്ധിച്ച് അന്വേഷിക്കുക. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പഞ്ചാബ് സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചു. എന്നാൽ മൂന്നംഗ അന്വേഷണ സമിതിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും രംഗത്തെത്തി.

അതേസമയം, പഞ്ചാബ് സംഭവം സുപ്രീംകോടതിയിലെത്തി. ഭാവിയില്‍ പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടാകരുത് എന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി വെള്ളിയാഴ്ച കോടതി പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരാണ് വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കുക. അന്വേഷണം പ്രഖ്യാപിച്ച കാര്യം ചൂണ്ടിക്കാട്ടി തല്‍ക്കാലം പഞ്ചാബ് സര്‍ക്കാരിന് കോടതിയില്‍ മുഖം രക്ഷിക്കാന്‍ സാധിക്കും. എന്നാല്‍ എന്തുകൊണ്ട് കൃത്യമായ സുരക്ഷ ഒരുക്കിയില്ല എന്ന ചോദ്യത്തിനു പഞ്ചാബ് സർക്കാരും കോൺഗ്രസും മറുപടി പറയേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button