Latest NewsIndia

ഏഴു വർഷം കൊണ്ട് ഇരുന്നൂറിലധികം മെഡിക്കൽ കോളേജുകൾ,പതിനഞ്ച് എയിംസുകൾ : ഇതാണ് വികസനമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ഏഴു വർഷത്തിനിടെയുണ്ടായ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 2014 ൽ രാജ്യത്ത് 387 മെഡിക്കൽ കോളേജുകളാണ് ഉണ്ടായിരുന്നതെന്നും, ഏഴ് വർഷത്തിനുള്ളിൽ അത് 596 ആയി വർദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 11 മെഡിക്കൽ കോളേജുകൾ തമിഴ്‌നാടിന് സമ്മാനിച്ചു കൊണ്ട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

2014ൽ രാജ്യത്ത് 82,000 മെഡിക്കൽ ബിരുദ-ബിരുദാനന്തര ബിരുദ സീറ്റുകളാണുണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞ 7 വർഷത്തിനുള്ളിൽ സീറ്റുകളുടെ എണ്ണം 1,48,000 ആയി വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് ഏഴ് എയിംസുകൾ ഉണ്ടായിരുന്നതിപ്പോൾ 22 എണ്ണമായി വളർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ, വിദ്യാഭ്യാസമേഖലയെ കൂടുതൽ സുതാര്യമാക്കാൻ നിരവധി നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്.

ഉത്തർ പ്രദേശിൽ ഒരേ ദിവസം 9 മെഡിക്കൽ കോളേജുകൾ ഉദ്ഘാടനം ചെയ്ത റെക്കോർഡ് പഴങ്കഥയായെന്നും അദ്ദേഹം ഈ അവസരത്തിൽ പറഞ്ഞു. വിരുദുനഗർ, നാമക്കൽ, നീലഗിരി, തിരുപ്പൂർ, തിരുവള്ളൂർ, നാഗപട്ടണം, ഡിണ്ടിഗൽ, കല്ലക്കുറിച്ചി, അരിയല്ലൂർ, രാമനാഥപുരം, കൃഷ്ണഗിരി ജില്ലകളിലാണ് പുതിയ മെഡിക്കൽ കോളേജുകൾ ഉദ്ഘാടനം ചെയ്തത്.
4000 കോടി ചെലവിലാണ് പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ 2,145 കോടി കേന്ദ്ര വിഹിതവും ബാക്കി തമിഴ്നാട് സർക്കാരിന്റേതുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button