ThiruvananthapuramKeralaLatest News

സസ്യ ആരോഗ്യ ക്ലിനിക്കിലൂടെ പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കണം: മന്ത്രി പി. പ്രസാദ്

കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുളള ഒരു ഏക ജാലക സേവന കേന്ദ്രമാണിത്.

തിരുവനന്തപുരം: പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത നേടാന്‍ സസ്യ ആരോഗ്യക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. നാടിനെ ഊട്ടുന്ന കര്‍ഷകരെ കൃഷിയില്‍ നിലനിര്‍ത്തേണ്ടത് സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും കൂട്ടുത്തരവാദിത്തമാണ്. പ്രത്യേകിച്ച് പച്ചക്കറി കൃഷിയിലെ പലവിധ പ്രശ്‌നങ്ങള്‍ ക്ലിനിക്കിലെ നിര്‍ദ്ദേശങ്ങളിലൂടെ പരിഹരിച്ച് മുന്നേറണം. സസ്യ ആരോഗ്യ ക്ലിനിക്ക് പോലുളള സേവനങ്ങള്‍ കര്‍ഷകരുടെ പലവിധ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകുമെന്നും അവരെ കൃഷിയില്‍ തുടരാന്‍ പ്രേരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ കരമന നെടുങ്കാട്ടുള്ള സംയോജിതകൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ സസ്യ ആരോഗ്യ ക്ലിനിക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കര്‍ഷകര്‍ക്ക് ഏറെ ഗുണങ്ങള്‍ ചെയ്യുന്ന സേവനങ്ങള്‍ ക്ലിനിക്കിലൂടെ ലഭ്യമാകുമെന്നും ഈ പ്രദേശത്തിന്റെ സമഗ്ര കൃഷി വികസനത്തിന് ക്ലിനിക് സഹായകരമാകുമെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

ചടങ്ങില്‍ നേമം ബ്ലോക്കിലെ മാതൃകാ സംയോജിത കര്‍ഷകനായ എം. സഹദേവനെ മന്ത്രി ആദരിച്ചു.  കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്രബാബു മുഖ്യ പ്രഭാഷണം നടത്തി. നെടുങ്കാട് വാര്‍ഡ് കൗണ്‍സിലര്‍ കരമന അജിത്ത് ആശംസകള്‍ അര്‍പ്പിച്ചു. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ധനസഹായത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടത്തിലാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം.

മിഷന്‍ ഡയറക്ടര്‍ ആരതി എല്‍. ആര്‍., ഐ.ഇ.എസ്., കാര്‍ഷിക സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. എ. സക്കീര്‍ ഹുസൈന്‍, അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് (വെളളായണി) ഡോ. റോയ് സ്റ്റീഫന്‍, വെളളായണി കാര്‍ഷിക കോളേജ് ഡീന്‍ ഡോ. എ. അനില്‍കുമാര്‍, ഗവേഷണ കേന്ദ്രം മേധാവി ഡോ. ജേക്കബ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

സസ്യങ്ങളിലെ രോഗ-കീടബാധകള്‍, പോഷകക്കുറവ്, മറ്റു പ്രശ്‌നങ്ങള്‍ എന്നിവ നിര്‍ണ്ണയിക്കുക, ആവശ്യമായ പരിഹാരമുറകള്‍ നിര്‍ദ്ദേശിക്കുക, കൃഷിക്ക് ആവശ്യമായ ജൈവ/ ജീവാണു ഉപാധികള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, ആവശ്യമായ മണ്ണ്, സസ്യ, ജല പരിശോധനകള്‍ നടത്തുക തുടങ്ങിയ സേവനങ്ങള്‍ ക്ലിനിക്കില്‍ നിന്നും ലഭിക്കും.

ഒപ്പം കൃഷി അറിവുകള്‍ പകര്‍ന്നു നല്‍കാന്‍ ആവശ്യമായ പരിശീലനങ്ങള്‍ നല്‍കും. കാര്‍ഷിക പ്രസിദ്ധീകരണങ്ങളും ക്ലിനിക്കിന്റെ ഭാഗമായി ലഭിക്കും. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുളള ഒരു ഏക ജാലക സേവന കേന്ദ്രമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button