Latest NewsIndiaNews

പ്രേതവും പിശാചുമുണ്ട്, ഹരേ രാമ മന്ത്രം ചൊല്ലി ഞാൻ പ്രേതങ്ങളെ ഓടിച്ചിട്ടുണ്ട്: മാണ്ഡി ഐ.ഐ.ടി ഡയറക്ടര്‍

ഭൂത, പ്രേതങ്ങളെ മന്ത്രം ജപിച്ച് താൻ ഉച്ചാടനം ചെയ്തിട്ടുണ്ടെന്ന് മാണ്ഡി ഐ.ഐ.ടിയുടെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) പുതിയ ഡയറക്ടർ ലക്ഷ്മിധർ ബെഹ്‌റ. പ്രേതങ്ങൾ ഉണ്ടെന്നും ഇത്തരം കാര്യങ്ങള്‍ ശാസ്ത്രത്തിന് വിശദീകരിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നതിന്റെ വീഡിയോ പുറത്തിറങ്ങി. ‘ഹരേ രാമ ഹരേ കൃഷ്ണ’ മന്ത്രം ചൊല്ലി താൻ ഭൂത പ്രേത പിശാചുക്കളെ ഓടിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

തന്‍റെ സുഹൃത്തിന്‍റെ വീടിനെ ബാധിച്ച ഭൂത, പ്രേത​ങ്ങളെ വിശുദ്ധ മന്ത്രങ്ങൾ ജപിച്ച് ഉച്ചാടനം ചെയ്തുവെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. 1993ലുണ്ടായ സംഭവമാണ് ബെഹ്റ വീഡിയോയില്‍ വിശദീകരിച്ചത്. ‘ഞാൻ എന്‍റെ രണ്ട് സുഹൃത്തുക്കളെയും കൂട്ടി ചെന്നൈയിലെ മറ്റൊരു സുഹൃത്തിന്‍റെ അപാര്‍ട്മെന്‍റിലെത്തി. അദ്ദേഹത്തിന്റെ വീട്ടിൽ ഭൂതത്തിന്റെ ശല്യമുണ്ടായിരുന്നു. 10-15 മിനിറ്റ് ഉച്ചത്തില്‍ മന്ത്രോച്ചാരണം നടത്തി. ഉടൻ സുഹൃത്തിന്‍റെ നടക്കാന്‍ പ്രയാസമുള്ള, പ്രായമായ അച്ഛന്‍ കൈകാലുകള്‍ അനക്കി പേടിപ്പെടുത്തുന്ന രീതിയില്‍ നൃത്തം ചെയ്യാന്‍ തുടങ്ങി. അദ്ദേഹത്തിന്‍റെ തല വീടിന്‍റെ മേൽക്കൂരയിൽ തൊട്ടു. ദുരാത്മാവ് അദ്ദേഹത്തെ പൂർണമായി വിഴുങ്ങുന്നതായി അനുഭവപ്പെട്ടു. സുഹൃത്തിന്‍റെ അമ്മയെയും ഭാര്യയെയും ദുരാത്മാവ് പിടികൂടി. ദുരാത്മാവിനെ തുരത്താൻ 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ഉച്ചത്തില്‍ മന്ത്രം ജപിച്ചു’, അദ്ദേഹം പറഞ്ഞു. ‘ലേൺ ഗീത ലൈവ് ഗീത’ എന്ന യുട്യൂബ് ചാനലിൽ ഏഴ് മാസം മുന്‍പാണ് വിഡിയോ അപ്‍ലോഡ് ചെയ്തത്. വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്.

ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ പ്രൊഫസറാണ് ബെഹ്‌റ. ഡൽഹി ഐ.ഐ.ടിയിൽ നിന്ന് പി.എച്ച്.ഡി നേടിയ അദ്ദേഹത്തിന്‍റെ മേഖല റോബോട്ടിക്സും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും ആണ്. ജർമൻ നാഷനൽ സെന്റർ ഫോർ ഇൻഫർമേഷൻ ടെക്‌നോളജിയിൽ നിന്ന് പോസ്റ്റ് ഡോക്ടറൽ ബിരുദവും നേടിയിട്ടുണ്ട്. നേരത്തെ ഐ.ഐ.ടി കാൺപൂരിൽ ജോലി ചെയ്ത ബെഹ്‌റയെ ജനുവരി 13നാണ് മാണ്ഡി ഐ.ഐ.ടി മേധാവിയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button