KeralaLatest NewsNewsBusiness

ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ: പ്രവാസ സംരംഭകർക്കും ആകർഷണീയമായ പദ്ധതികൾ

സംസ്ഥാനതല ബാങ്കേഴ്സ് സമിതി, കേരള ബാങ്ക് എന്നിവയുടെ സഹകരണത്തോടെ പ്രവാസി സംരംഭകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകാൻ നടപടി സ്വീകരിക്കും.

തിരുവനന്തപുരം: ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ പ്രാവർത്തികമാക്കാനുള്ള സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ വായ്പ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള പ്രത്യേക ഘടക പദ്ധതി ആവിഷ്കരിക്കുമെന്ന് വ്യവസായ വകുപ്പ്. വ്യവസായ മന്ത്രി പി. രാജീവ്, നോർക്ക എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ പദ്ധതി സംബന്ധിച്ച് ധാരണയായി. വരുന്ന സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനാണ് വ്യവസായ വകുപ്പ് പദ്ധതിയിടുന്നത്. സംസ്ഥാനതല ബാങ്കേഴ്സ് സമിതി, കേരള ബാങ്ക് എന്നിവയുടെ സഹകരണത്തോടെ പ്രവാസി സംരംഭകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകാൻ നടപടി സ്വീകരിക്കും.

Also read: ‘മികച്ച ഭരണം കാഴ്ച വയ്ക്കാൻ വളരെയധികം സഹായിക്കുന്നു’ : ജില്ലാ ഭരണകൂടങ്ങളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

ആരംഭിക്കുന്ന വായ്പ പദ്ധതികൾക്ക് സർക്കാരിന്റെ പലിശയിളവ് നൽകാനും ആലോചനയുണ്ട്. പ്രവാസികളുടെ നേതൃത്വത്തിൽ ഇതിനോടകം 350 എം.എസ്.എം.ഇകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയെ ഗണ്യമായി ഉയർത്താനാണ് ഇപ്പോൾ വ്യവസായ വകുപ്പിന്റെ നീക്കം. പ്രവാസി സംരംഭകരെ ലക്ഷ്യംവെച്ച് വ്യവസായ വകുപ്പും നോർക്കയും ചേർന്ന് പരിശീലന പരിപാടികളും സംഘടിപ്പിക്കും. പ്രവാസികളുടെ നൈപുണ്യം വ്യവസായങ്ങൾക്ക് പ്രയോജനപ്പെടുത്തുവാനും പ്രത്യേക പരിപാടി ഒരുക്കും. ജില്ലാ വ്യവസായ കേന്ദ്രങ്ങളും നോർക്ക സംരംഭക സഹായ കേന്ദ്രങ്ങളും ഏകോപിപ്പിച്ച് ഇതിനുള്ള കർമ്മ പരിപാടി തയാറാക്കാനും യോഗത്തിൽ തീരുമാനമായി. ഒരു തദ്ദേശ സ്ഥാപനത്തിൽ ഒരു ഉത്പന്നം എന്ന പദ്ധതി പ്രകാരം പ്രവാസി സംരംഭകർക്ക് പ്രത്യേക അവസരങ്ങൾ ഒരുക്കും. സംരംഭക വർഷത്തിൽ നിലവിൽ പ്രവർത്തിച്ചുവരുന്ന സംരംഭങ്ങളുടെ ശ്രേണിയും വലിപ്പവും വർദ്ധിപ്പിക്കാനും പദ്ധതി തയ്യാറാക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button