Latest NewsNewsIndia

പ്രതിപക്ഷ സംസഥാനങ്ങളെ തിരഞ്ഞുപിടിച്ച് റിപ്പബ്ലിക് പരേഡിൽ നിന്ന് ഒഴിവാക്കി: പ്രകാശ് കാരാട്ട്

തിരുവനന്തപുരം: റിപ്പബ്ലിക്‌ ദിന പരേഡിനായി കേരളമുള്‍പ്പടേയുള്ള സംസ്ഥാനങ്ങൾ സമർപ്പിച്ച നിശ്ചലദൃശ്യങ്ങൾ തള്ളിക്കളഞ്ഞ കേന്ദ്രസർക്കാർ നടപടിക്കെതിരെ വിമർശനവുമായി സിപിഎം നേതാവും പാർട്ടി മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട്. നടപടി ബിജെപി നേതൃത്വം നൽകുന്ന ഭരണമുന്നണിയുടെ മനോഭാവം വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങൾ തിരസ്കരിക്കുക വഴി ഫെഡറലിസത്തോടും സ്വാതന്ത്ര്യസമരത്തിൽ വിവിധ സാമൂഹ്യ, സാംസ്കാരിക വിഭാഗങ്ങൾ വഹിച്ച പങ്കിനോടും കേന്ദ്ര ഭരണനേതൃത്വം സൂക്ഷിക്കുന്ന ശക്തമായ അവമതിപ്പും പുച്ഛവും ഒരിക്കൽക്കൂടി വെളിച്ചത്തു വന്നിരിക്കുന്നുവെന്നും പ്രകാശ് കാരാട്ട് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

സ്വാതന്ത്ര്യത്തിന്റെ 75 വർഷം എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡ്. അതിന്‌ അനുസൃതമായി നേതാജി സുഭാഷ് ചന്ദ്രബോസും അദ്ദേഹത്തിന്റെ ഇന്ത്യൻ നാഷണൽ ആർമിയും സ്വാതന്ത്ര്യസമരത്തിൽ വഹിച്ച പങ്ക് വ്യക്തമാക്കുന്ന ആവിഷ്കാരമാണ് പശ്ചിമബംഗാൾ സമർപ്പിച്ചത്. അത് കേന്ദ്രം തള്ളി. തങ്ങളുടെ സ്വാതന്ത്ര്യസമര സേനാനികളിൽ പ്രധാനിയായിരുന്ന വി ഒ ചിദംബരം, കവി സുബ്രഹ്മണ്യ ഭാരതിയാർ തുടങ്ങിയവരെ ആദരിക്കുന്നതായിരുന്നു തമിഴ്‌നാടിന്റെ നിശ്ചല ദൃശ്യം. അതും കേന്ദ്രത്തിനു സ്വീകാര്യമായില്ല. ഇതിനെക്കാളെല്ലാം ഞെട്ടൽ ഉളവാക്കിയത് കേരളത്തിന്റെ നിശ്ചലദൃശ്യം തള്ളിയ കേന്ദ്ര നടപടിയാണ്.

മനുഷ്യകവചങ്ങളാക്കാൻ കുഞ്ഞുങ്ങൾ: ഐഎസ് ഭീകരർക്ക് ചാവേറുകളാക്കാൻ കൊണ്ടുവന്ന 700 കുട്ടികൾ സിറിയൻ ജയിലിൽ

ജാതിവിവേചനത്തിനെതിരെ ശക്തമായി പോരാടിയ നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുവിനെ ആദരിക്കുന്നതായിരുന്നു കേരളത്തിന്റെ ഫ്ലോട്ട്. ഗുരുവിനെ മാറ്റി ആദി ശങ്കരാചാര്യനെ പ്രതിഷ്ഠിക്കണമെന്നായിരുന്നു ഫ്ലോട്ടുകൾ പരിഗണിച്ച വിദഗ്ധ സമിതിയുടെ ആവശ്യം. എന്നാൽ, കേരള സർക്കാർ നാരായണഗുരുവിനെ മാറ്റില്ല എന്ന നിലപാടിൽ ഉറച്ചുനിന്നതോടെ നിശ്ചലദൃശ്യം തിരസ്കരിക്കപ്പെട്ടു.

പക്ഷപാതപരവും ധ്രുവീകരണം ലക്ഷ്യമാക്കിയുള്ളതുമായ മോദി സർക്കാർ കാഴ്ചപ്പാട് ഫലത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കാകെ റിപ്പബ്ലിക് ദിന പരേഡിൽ പ്രാതിനിധ്യം നിഷേധിച്ചിരിക്കുന്നു. മൂന്ന് പ്രതിപക്ഷ സംസ്ഥാനങ്ങളെ തിരഞ്ഞു പിടിച്ച് പരേഡിൽനിന്നു പുറത്താക്കിയത് കേന്ദ്രത്തിന്റെ ഫെഡറൽവിരുദ്ധ മനോഭാവത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. നമ്മുടെ ഭരണഘടന ഇന്ത്യയെ ‘സംസ്ഥാനങ്ങളുടെ യൂണിയൻ’ ആയാണ് നിർവചിച്ചിരിക്കുന്നത്. അതേ ഭരണഘടനയെ രാജ്യത്തിന്റെ അടിസ്ഥാനമായി സ്വീകരിച്ച ജനുവരി 26ന് തന്നെ ഭരണഘടനയുടെ അടിസ്ഥാന കാഴ്ചപ്പാടിനെ അപ്പാടേ ലംഘിക്കുകയാണ് നരേന്ദ്രമോദി സർക്കാറെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button