KeralaLatest NewsNewsIndia

കെ റെയിലിനെ കുറിച്ച് ഇത്രകൃത്യമായി പറയാൻ മെട്രോമാനല്ലാതെ മറ്റാര്? ശ്രീധരന്റെ അറിവ് തള്ളിക്കളയാനാകില്ലെന്ന് സാറാ ജോസഫ്

പതിനൊന്നു ജില്ലകളിലൂടെ കടന്നു പോകുന്ന സിൽവർലൈനിനായി അതിര് രേഖപ്പെടുത്തിയുള്ള കല്ലിടല്‍ പുരോഗമിക്കുകയാണ്. കെ റെയിൽ പദ്ധതിക്കെതിരെ ഹരിത ട്രിബ്യൂണലില്‍ കേസ് നടക്കുന്നുണ്ട്. കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഏറ്റവും വലിയ നാഴികക്കല്ലാവാന്‍ പോകുന്ന പദ്ധതി എന്ന് സർക്കാർ ഓമനപ്പേരിട്ട് വിളിക്കുന്ന ഈ പദ്ധതിക്കെതിരെ തുടക്കം മുതൽ വിമർശം ഉന്നയിക്കുന്ന ആളാണ് മെട്രോമാൻ ശ്രീധരൻ. കെ റെയിലുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ നിരീക്ഷണങ്ങൾ കൃത്യമാണെന്ന് എഴുത്തുകാരി സാറാ ജോസഫ് വ്യക്തമാക്കുന്നു. എല്ലാവരേയും കേൾക്കാനുള്ള ജനാധിപത്യപരമായ ഉത്തരവാദിത്വം കെ റെയിൽ വിഷയത്തിൽ സർക്കാരിന് ഉണ്ടാവണമെന്നും ഈ വിഷയത്തിൽ മെട്രോമാൻ ശ്രീധരന്റെ അറിവിനെ തള്ളിക്കളയാനാവില്ലെന്നും അവർ തന്റെ ഫേസ്‌ബുക്കിൽ എഴുതി. മെട്രോമാന്റെ നിരീക്ഷണത്തിന്റെ മലയാളം പരിഭാഷ സാറാ ജോസഫ് തന്റെ ഫേസ്‌ബുക്കിൽ പങ്കുവെക്കുകയും ചെയ്തു. കുറിപ്പിങ്ങനെ:

മെട്രോമാൻ എഴുതുന്നു…

കെ – റെയിൽ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്തൊക്കെയാണ്? ഒരുപാടുണ്ട്. ഒന്നൊന്നായി നമുക്ക് പരിശോധിക്കാം. നമ്മൾ മറ്റൊരു മാർഗേണ സഞ്ചരിച്ചാൽ ഈ പ്രശ്നങ്ങൾക്കൊക്കെ പരിഹാരവുമുണ്ടെന്ന് കണ്ട് നിങ്ങൾ അദ്ഭുതപ്പെട്ടേക്കാം!

ഒന്നാമതായി കുടിയിറക്കും വീടുകളുടെ തകർക്കലുമെടുക്കാം. ഏകദേശം 20,000ത്തോളം വീടുകൾ നശിപ്പിക്കണം. ഒരു വൻ ജനസംഖ്യയെ ഇത് ബാധിക്കുകയും സംസ്ഥാനത്തിന് പുനരധിവാസത്തിനായി വൻതുക ചെലവാക്കേണ്ടതായും വരും.

രണ്ടാമതായി ആയിരക്കണക്കിന് വ്യാപാരസ്ഥാപനങ്ങൾ ഇടിച്ചു നിരത്തേണ്ടിവരും. ഇതും സമ്പദ് വ്യവസ്ഥയെയും ജനങ്ങളുടെ ജീവിതത്തെയും പ്രതികൂലമായി ബാധിക്കും

മൂന്നാമതായി കെ റെയിലിന്റെ വശങ്ങളിലായി 30 മീറ്റർ വീതിയിൽ ബഫർസോണിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിക്കുന്നതുമൂലം സ്ഥലമുടമകൾക്കുണ്ടാകുന്ന പ്രശ്നം. അവർക്കു നഷ്ടപരിഹാരമെന്നും ലഭിക്കുകയുമില്ല.

Also Read:ജനങ്ങൾ പട്ടിണി കിടക്കരുത്, ആവശ്യമെങ്കിൽ സാമൂഹ്യ അടുക്കളകൾ തുറന്നു പ്രവർത്തിക്കണം: മുഖ്യമന്ത്രി

നാലാമതായി 10 മീ ഉം അതിലും ഉയരത്തിലും എംബാങ്ക്മെന്റും കോൺക്രീറ്റ് മതിലും നിർമ്മിക്കുന്നതുമൂലം വെള്ളപ്പൊക്ക ഭീഷണി കൂടുന്നതും ജനങ്ങളുടെയും ജീവജാലങ്ങളുടേയും കിഴക്കോട്ടും പടിഞ്ഞാറോട്ടുമുള്ള സഞ്ചാരം തടയുന്നതുമായ പ്രശ്നം.

അഞ്ചാമതായി ജപ്പാൻകടവും സാങ്കേതിക വിദ്യയും ആശ്രയിക്കുന്നതുമൂലം ഈ പദ്ധതിക്കു വേണ്ടി വരുന്ന വൻകടം..! ജപ്പാന്റെ കടത്തിന് പലിശ കുറവാണങ്കിലും അവരുടെ സാങ്കേതികവിദ്യയും സാധന സാമഗ്രികളും അവർ നിശ്ചയിക്കുന വിലക്കു വാങ്ങണമെന്ന നിർബന്ധം മൂലം അക്കാര്യത്തിൽ നമുക്ക് നേട്ടമില്ല.

ആറാമതായി നെൽവയലുകളിലൂടെയും തണ്ണീർത്തടങ്ങളിലൂടെയും കണ്ടൽക്കാടുകളിലൂടെയും കെ റെയിൽ കടന്നു പോകുന്നതുമൂലമുള്ള പരിസ്ഥിതി നാശം.

ഏഴാമതായി ചെളി,കല്ല്, കരിങ്കല്ല്, മണ്ണ് , സിമെന്റ്, സ്റ്റീൽ എന്നിവക്കായി വേണ്ടി വരുന്ന വൻ വിഭവങ്ങൾ . കരിങ്കല്ലും പാറപ്പൊടിയും ലഭിക്കണമെങ്കിൽ അനേകം ക്വാറികൾ പുതുതായി വേണ്ടി വരും. കോടിക്കണക്കിന് ടൺ പ്രകൃതിവിഭവങ്ങൾ വേണ്ടി വരും ! ചുരുങ്ങിയത് 10 വർഷമെങ്കിലും വേണ്ടി വരും പദ്ധതി യാഥാർത്ഥ്യമാകാൻ .

എട്ടാമതായി നീതി ആയോഗ് ഈ പദ്ധതിക്ക് 1.26 ലക്ഷം കോടി രൂപ കണക്കാക്കിയിട്ടുള്ളതിനാൽ റെയിൽവേയും കേന്ദ്ര ഗവ. ഉം ഈ പദ്ധതിക്ക് അനുകൂലമായി നിൽക്കാത്ത അവസ്ഥ .ഇന്ത്യൻ റെയിൽവേക്ക് അവരുടെ ബ്രോഡ്ഗേജ് ട്രെയിനുകൾ, ഈ പാത സ്റ്റാന്റേഡ് ഗേജ് ആയതിനാൽ ഉപയോഗപ്പെടുത്താനാവുകയുമില്ല.

ഒമ്പതാമതായി മറ്റ് ട്രെയിനുകൾക്കൊന്നും ഈ പാത ഉപയോഗിക്കാനാവില്ലെന്നതിനാൽ സംസ്ഥാനാന്തര യാത്രക്കാർക്ക് പ്രത്യേക പ്രയോജനമില്ലാത്ത അവസ്ഥ.

പത്താമത് കെ റെയിൽ സ്റ്റേഷനുകൾക്കും നിലവിലുള്ള റെയിൽവേ സ്റ്റേഷനുകൾക്കും ഇടയിൽ സഞ്ചരിക്കാൻ ഫലപ്രദമായ സംവിധാനമില്ലാത്ത അവസ്ഥ. പലപ്പോഴും അതിന് ഒരു മണിക്കൂറിലേറെ ചെലവാക്കേണ്ടിവരും.

പതിനൊന്നാമതായി സ്റ്റോപ്പുകൾ കുറവായതിനാൽ ( ആകെ 11 സ്റ്റോപ്പ് ) ലക്ഷ്യസ്ഥാനത്തു നിന്നും വളരെ അകലെയുള്ള സ്റ്റേഷനിൽ ഇറങ്ങേണ്ടിവരുന്ന അവസ്ഥ. അവിടെ നിന്ന് ടാക്സിയിലോ ഓട്ടോയിലോ ബസ്സിലോ വളരെ ദൂരം സഞ്ചരിക്കേണ്ടിവരും ലക്ഷ്യത്തിലെത്താൻ.

Also Read:കോവിഡ് രോഗിയുമായി വന്ന ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം : യാത്രക്കാർക്ക് പരിക്കേറ്റു

പന്ത്രണ്ടാമതായി കെ -റെയിൽ നിരക്കുകൾ ജനങ്ങൾക്ക് താങ്ങാവുന്നതല്ല എന്ന ഏറ്റവും പ്രധാനപ്പെട്ട കാരണം. സാധാരണ സ്ലീപ്പർ ക്ലാസിൽ 1 കി.മീ 60 പൈസയും KSRTC യിൽ FB ക്ക്75 പൈസയും ആകുമ്പോൾ കെ റെയിലിൽ ആദ്യ വർഷം തന്നെ കി.മീ ന് 2.75 രൂ ആകും . വർഷം വർഷം അത് വർധിക്കുകയും ചെയ്യും. മൂന്നാം വർഷം ഇത് കി.മീന് 3.60 രൂപയും 25ാം വർഷം കി.മീ ന് 15 രൂപയും ആയിരിക്കും. നിലവിലെ ട്രെയിനുകളുടെ നിരക്ക് വർധന കണക്കിലെടുത്താലും ഇത് 5 മുതൽ 15 മടങ്ങ് വരെ കൂടുതലായിരിക്കും. നിലവിൽ കെ റെയിലിൽ കാസർഗോഡു നിന്ന് തിരുവനന്തപുരം പോകുന്ന തുക കൊണ്ട് സാധാരണ ട്രെയിനിൽ ഒരാൾക്ക് ഡെൽഹി വരെ പോയി തിരിച്ചു വരാം..! ( നിരക്കുകൾ , 5 വർഷത്തിനകം പദ്ധതി പൂർത്തീകരിക്കുമെന്ന അവകാശവാദമനുസരിച്ച് !)

പതിമൂന്നാമതായി നിലവിൽ കെ റെയിലിൽ തന്നെ 1850 മീറ്റർ റേഡിയസുള്ള നിരവധി തിരശ്ചീന വളവുകളും 200 കി.മീ വേഗത അസാധ്യമാക്കുന്ന ധാരാളം ലംബമാന ഗ്രേഡിയൻറുകളും ഉണ്ട്. ഇന്ത്യൻ റെയിൽവേയിൽ ചീഫ് എഞ്ചിനീയറായിരുന്ന അലോക് വർമ്മ കെ റെയിൽ അലൈൻമെന്റിനെ റോളർ കോസ്റ്റർ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

ഇതാണ് കെ റെയിലുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾ. എന്നാൽ ഏതാണ്ട് അതേ സ്പീഡ് നിലനിർത്തിക്കൊണ്ട് തന്നെ മറ്റൊരു രൂപത്തിൽ ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കാൻ ബദൽ മാർഗങ്ങളുണ്ടെന്നറിയുമ്പോൾ നിങ്ങൾ അദ്ഭുതപ്പെടും…!

നിലവിലുള്ള ബ്രോഡ്ഗേജിന്റെ വശങ്ങളിലായി ഇന്ത്യൻ റെയിൽവേയുടെ അധീനതയുള്ള സ്ഥലത്ത് ബ്രോഡ്ഗേജ് പാതകൾ സ്ഥാപിച്ചു കൊണ്ട് തന്നെ കെ റെയിൽ സൃഷ്ടിക്കാൻ പോകുന്ന ദുരന്തങ്ങൾ നമുക്ക് ഒഴിവാക്കാനാവും. ഇനി നമുക്ക് ഉയർന്ന വേഗതയുള്ള യാത്ര കെ – റെയിലുണ്ടാക്കുന്ന പ്രശ്നങ്ങളില്ലാതെ സാധിക്കുന്നതെങ്ങിനെയെന്ന് നോക്കാം.

ഇന്ത്യൻ റെയിൽവേക്ക് കേരളത്തിൽ 160 കി.മീ വേഗത ആർജിക്കാൻ ഒരു ബ്രോഡ്ഗേജ് പാത കൂടി അധികം സ്ഥാപിച്ചാൽ മതി. ഇന്ത്യയിൽ പലയിടത്തും അവർ ഇത് ചെയ്യുന്നുണ്ട്. ഇപ്പോഴുള്ളതിന്റെ കൂടെ ഒരു ലൈൻ കൂടി പണിയാൽ റെയിൽവേയുടെ കയ്യിൽ സ്ഥലമുണ്ട്. എന്നാൽ കെ റെയിൽ ഇക്കാര്യം അസാധ്യമാണെന്ന് ചൂണ്ടിക്കാട്ടുന്നത് നിലവിൽ റെയിലിലുള്ള വളവുകൾ ചൂണ്ടിക്കാട്ടിയാണ്. നിലവിലുള്ള റെയിലിന്റെ അലൈൻമെന്റ് ഗൂഗിൾ മാപ് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്ത് ഓട്ടോ കാഡ്‌ സോഫ്റ്റ് വേർ ഉപയോഗിച്ച് നിലവിലുള്ള വളവുകൾ ഞാൻ പരിശോധിക്കുകയുണ്ടായി.

Also Read:പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ നാരങ്ങ വെള്ളം

ഷോർണൂരിനും തിരുവനന്തപുരത്തിനുമിടയിൽ 2000 മീ കുറവ് റേഡിയസുള്ള വളവുകൾ ഞാൻ കണ്ടെത്തിയത് 16 എണ്ണം മാതമാണ്. ചില പ്രധാന സ്റ്റേഷനുകളിലുള്ളതൊഴിച്ചാൽ കാസർഗോഡ് ഷോർണൂർ ഭാഗത്ത് അത്തരം വളവുകൾ ഇല്ല . പുതിയ ബ്രോഡ്ഗേജ്‌ലൈൻ നിർമ്മിക്കുമ്പോൾ ഈ ചെറിയ എണ്ണം വളവുകൾ തീർച്ചയായും നികത്തേണ്ടിവരും. എന്നാൽ ഇത് കെ റെയിൽ വെബ് സൈറ്റിൽ പറയുന്നതു പോലെ 600 അല്ല. പ്രശ്നങ്ങളെ പർവതീകരിച്ചു കൊണ്ട് കെ റെയിൽ അനിവാര്യമെന്ന് നിക്ഷിപ്ത താൽപര്യക്കാർ സ്ഥാപിച്ചെടുക്കുയാണ്. (വെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രം പോലെ !)

16 വളവുകൾ നികത്തുമ്പോൾ അത് കുറച്ചുപേരെ ബാധിക്കും. എന്നാൽ നിലവിലുള്ള ബ്രോഡ്ഗേജ് ലൈൻ വളവ് നികത്തേണ്ടതില്ല. പുതിയതായി നിർമ്മിക്കുന്ന പാതയിലെ വളവുകൾ നികത്തിയാൽ മതി. വേഗവണ്ടികൾ വളവു നികത്തിയ പുതിയ ട്രാക്കിലൂടെ ഓടിക്കൊള്ളും. ഒരു ബ്രോഡ്‌ഗേജ് പാത കൂട്ടിച്ചേർത്താൽ മണിക്കൂറിൽ160 കി.മീ വേഗമാർജിക്കാനാവുമോ എന്നതാണ് അടുത്ത ചോദ്യം. കഴിയും എന്നാണ് ഉത്തരം. ഓട്ടോമാറ്റിക് സിഗ്നലിംഗ് ഏർപ്പെടുത്തിയാൽ അതിന് കഴിയും. ഇപ്പോൾ വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കൊണ്ടിരിക്കുന്ന 3 റൂട്ടുകളിൽ റെയിൽവേ അത് ചെയ്തിട്ടുണ്ട്. പുതിയ ലൈൻ വേഗതീവണ്ടികൾക്ക് മാത്രമായി മാറ്റി വെക്കും. 30 മിനുട്ട് ഇടവിട്ട് ഇരുദിശകളിലേക്കും ട്രെയിനുകൾ ഓടിക്കാം. ട്രെയിനുകൾ സ്റ്റേഷനുകളിൽ പിടിച്ചിടാതെ തന്നെ ഓടിക്കാർ ഈ 30 മിനുട്ട് ഗ്യാപ് മതി . ഇത് റോഡുകളിലെ ട്രാഫിക് ലൈറ്റുകളുടെ സമന്വയിപ്പിച്ചുള്ള പ്രോഗ്രാമിംഗ് പോലെ തന്നെയാണ്.

Also Read:കേരള സ്റ്റുഡന്റ്‌സ് പൊലീസില്‍ ഹിജാബ് അനുവദിക്കില്ലെന്ന് സർക്കാർ: പെൺകുട്ടിയുടെ ഹർജി തള്ളി കോടതി

കെ റെയിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പുതിയ ബ്രോഡ്ഗേജ് പരിഹരിക്കുന്നതെങ്ങിനെയെന്ന് ഇനി നമുക്ക്നോക്കാം.

16 വളവുകൾ നികത്തുന്നതിനേ പുതിയതായി ഭൂമി ഏറ്റെടുക്കേണ്ടൂ. അത് ബാധിക്കുന്ന ആളുകൾ താരതമ്യേന വളരെക്കുറവായിരിക്കും. അതേ കാരണം കൊണ്ടു തന്നെ ബാധിക്കുന്ന വാണിജ്യസ്ഥാപനങ്ങളും കുറവായിരിക്കും. പുതിയതായി ഒരു ബഫർ സോണിന്റെ ആവശ്യകത വരുന്നില്ല. നിലവിലെ റെയിലിനോട് ചേർന്ന് അതേ ഉയരത്തിൽ നിർമ്മിക്കുന്നതിനാൽ പുതുതായി വെള്ളപ്പൊക്ക സാധ്യതയില്ല. 1 കി.മീ. ബ്രോഡ് ഗേജ് റെയിൽ നിർമ്മിക്കാനുള്ള ചെലവ് 20 കോടിയിൽ താഴെയാണ്. ആയതിനാൽ ഈ പുതിയ റെയിലിന്റെ ചെലവ് 532 X 20 കോടി =10,640കോടി. രൂ. മാത്രം !

നീണ്ട പാലങ്ങൾക്കുകൂടിയുള്ള ചെലവ് 5000 കോടി രൂപ കൂടി കൂട്ടിച്ചേർത്താൽ ആകെ 15,640 കോടി രൂപ. ഇത് വളരെയധികം യുക്തിസഹവും താങ്ങാവുന്നതുമാണ്. ഇന്ത്യൻ റെയിൽവേ പകുതി തുക നൽകും. കേരള ഗവ. 7820കോടി രൂപ മുടക്കിയാൽ മതി. നീതി ആയോഗ് കെ റെയിലിന് കണക്കാക്കിയ 1.26 ലക്ഷം കോടി രൂപയുടെ വളരെ ചെറിയൊരു ഭാഗം മാത്രമാണിത്.

ജപ്പാന്റെ കടം ആവശ്യമായി വരില്ല .അതിനാൽ തന്നെ അവരുടെ സാധന സാമഗ്രികൾ വാങ്ങേണ്ട ബാധ്യതയുമില്ല. പുതുതായി നികത്തേണ്ടിവരുന്ന 16 വളവുകളിലെ ഏറ്റെടുക്കുന്ന സ്ഥലങ്ങളിലുണ്ടാക്കുന്ന പരിമിതാഘാതങ്ങൾ കൂടാതെ അധികം പാരിസ്ഥിതികാഘാതങ്ങൾ ഉണ്ടാവുകയുമില്ല. നിലവിൽ റെയിൽവേയുടെ കയ്യിലുള്ള സ്ഥലത്തു കൂടെ തന്നെ പോകുന്നതു കൊണ്ട് പ്രത്യേകിച്ചും. നിലവിലുള്ള റെയിൽവേ ലൈനിനോട് തൊട്ട് തന്നെ നിർമ്മിക്കുന്നതിനാൽ ഗ്രൗണ്ട് വർക്ക് വളരെ കുറവേ വേണ്ടി വരൂ. പുതിയ നിർമ്മാണ സാമഗ്രികളും കുറവേ വേണ്ടി വരൂ.

Also Read:പള്ളിയിൽ നടത്തിയ പ്ര​സം​ഗ​ത്തി​ലെ പരാമർശം : വൈ​ദി​ക​നെ​തി​രെ കേ​സെ​ടു​ത്ത് പൊലീ​സ്

കേന്ദ്ര ഗവ. ഉം ഇന്ത്യൻ റെയിൽവേയും ഈ പദ്ധതിയെ സർവ്വാത്മനാ സ്വാഗതം ചെയ്യും; പകുതി തുക കേരളം നൽകുന്നതിനാലും അതിലൂടെയോടുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ മാനേജ്മെന്റ് പൂർണമായും അവരുടെ കയ്യിലാണെന്നതിനാലും . ഇതിലൂടെ ഓടുന്ന മിക്കവാറും ട്രെയിനുകളും അന്തർസംസ്ഥാന ട്രെയിനുകളായതിനാൽ എല്ലാ മലയാളികൾക്കും ഇതര സംസ്ഥാനക്കാർക്കും ഇത് പ്രയോജനം നൽകുകയും ചെയ്യും. നിലവിലുള്ള മംഗള, മെയിൽ, കേരള എക്സ്പ്രസ്, ജനശതാബ്ധി, രാജധാനി തുടങ്ങിയ ട്രെയിനുകൾക്ക് ഈ പാതയിലൂടെ അതിവേഗം സഞ്ചരിക്കാം. പുതിയ റെയിൽവേ സ്റ്റേഷനുകൾ ആവശ്യമില്ലാത്തതിനാലും നിലവിലുള്ള സ്റ്റേഷനുകൾ നവീകരിച്ച് ഈ റെയിലിനെ ഉൾക്കൊള്ളാമെന്നതിനാലും അതും യാത്രക്കാർക്ക് പ്രയോജനം നൽകും.

വേഗത്തിലോടുന്ന വണ്ടികൾക്ക് സ്റ്റോപ്പില്ലാത്ത സ്ഥലങ്ങളിലുള്ളവർക്കും മറ്റ് ടെയിനുകൾ ഉപയോഗിച്ച് എളുപ്പം വേഗവണ്ടികൾ നിർത്തുന്ന സ്റ്റേഷനുകളിലെത്താം. നിലവിലുള്ള സ്റ്റേഷനുകളെല്ലാം റോഡ് മാർഗേണയുള്ള ഗതാഗതത്തിന് ബന്ധമുള്ളവയും ഓട്ടോ, ബസ് തുടങ്ങിയവ കിട്ടുന്ന ഇടങ്ങളുമാണ്. നിർമ്മാണച്ചെലവ് കുറവായതിനാൽ നിലവിലുള്ള ദീർഘദൂര ട്രെയിനുകളിലെ യാത്രാ നിരക്കിൽ തന്നെ യാത്ര സാധ്യമാക്കാനുമാവും. പുതിയ വന്ദേ ഭാരത് ട്രെയിനുകളിൽ സെക്കന്റ്, തേഡ് ക്ലാസുകൾ ഏർപ്പെടുത്താനുമാകും. നമ്മൾ 2000 മീ റേഡിയസിൽ താഴെയുള്ള പുതിയ റെയിലാണ് ഉണ്ടാക്കുന്നത് എന്നതിനാൽ 160 കി.മീ വേഗത ആർജിക്കാനും കഴിയും നിലവിലുള്ള റെയിലിൽ പാലിക്കുന്ന കർശനമായ സ്റ്റാന്റേഡുകൾ പോലെ തന്നെ ലംബമാന ഗ്രേഡിയൻറ് പാലിക്കാനുമാകും.

കെ -റെയിൽ നിർമ്മാണത്തിനാവശ്യമായ വിഭവങ്ങളിലും സമ്പത്തിലും ഒരു ചെറിയ ഭാഗം മാത്രം ഉപയോഗിച്ചു കൊണ്ട് നിലവിലുള്ള റെയിലിന് അനുബന്ധമായി ഒരു പുതിയ ബ്രോഡ്ഗോജ് പാത നിർമ്മിക്കുകയും 16 വളവുകൾ പുതിയ അലൈൻമെന്റിൽ നികത്തുകയും ചെയ്തു കൊണ്ട് കെ റെയിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ മറികടക്കാനാവും എന്നാണ് എന്റെ അന്തിമ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button