KeralaLatest NewsIndia

ജിഷ്ണു ബോംബ് എറിഞ്ഞ സംഘത്തിലുള്ളത്, എറിഞ്ഞ ബോംബ് കൈയ്യിൽ തട്ടി അബദ്ധത്തിൽ ജിഷ്ണുവിന്റെ തലയിൽ പതിച്ചു തല ചിതറി

ജിഷ്ണു മരിച്ചുവെന്ന് വ്യക്തമായതോടെ എല്ലാവരും പരിഭ്രാന്തരായി ചിതറിയോടി.

കണ്ണൂർ: കണ്ണൂരിലെ തോട്ടടയിൽ വിവാഹ സംഘത്തിനെതിരെയുണ്ടായ ബോംബേറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട ജിഷ്ണു ബോബെറിഞ്ഞ സംഘത്തിൽ തന്നെ ഉണ്ടായിരുന്ന വ്യക്തിയാണെന്നാണ് ലഭ്യമാവുന്ന വിവരം. നീല ഷർട്ടും മുണ്ടും ധരിച്ചാണ് ജിഷ്ണുവും സംഘവും വിവാഹ വീട്ടിലേക്ക് എത്തിയത്. ഇവർ സഞ്ചരിച്ച വാഹ​നം തോട്ടടയിൽ മനോരമ ഓഫീസിന് സമീപം നിർത്തി കാൽ നടയായി വിവാഹ വീട്ടിലേക്ക് എത്തി.

ബാന്റ് മേളത്തിന് തൊട്ട് മുന്നിലായിട്ടാണ് ഇവർ സഞ്ചരിച്ചിരുന്നത്.ഇതിനിടയെ ജിഷ്ണുവും സംഘവും തലേ ദിവസം സംഘർഷമുണ്ടായ ഏച്ചൂർ സ്വദേശികളെ കൂട്ടമായി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ജിഷ്ണുവിനൊപ്പമുള്ള ഒരാൾ ഇവർക്ക് നേരെ ബോംബെറിഞ്ഞു. എന്നാൽ ആദ്യത്തെ ബോംബ് പൊട്ടിയില്ല. പിന്നാലെ എറിഞ്ഞ ബോംബ് അബദ്ധത്തിൽ കൂട്ടത്തിലുള്ള ഒരാളുടെ കൈയ്യിൽ തട്ടി ജിഷ്ണുവിന്റെ തലയിൽ പതിച്ചു. ജിഷ്ണു മരിച്ചുവെന്ന് വ്യക്തമായതോടെ എല്ലാവരും പരിഭ്രാന്തരായി ചിതറിയോടി.

മിക്കവരും നേരെ ഓടിയെത്തിയത് സംഘം സഞ്ചരിച്ച ട്രാവലറിലേക്കാണ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തലേന്ന് നടന്ന സൊറ പാർട്ടിക്കിടെ ഇവരും തോട്ടട സ്വദേശികളായി ചില യുവാക്കളുമായി സംഘർഷമുണ്ടായി. പാർട്ടിയിൽ വെച്ച ഒരു പാട്ടിനെ ചൊല്ലിയാണ് തർക്കമുണ്ടായതെന്നാണ് വിവരം. സംഘർഷത്തിൽ തോട്ടട സ്വദേശിക്ക് താക്കോൽ കൊണ്ട് കുത്തേറ്റുവെന്നും സൂചനയുണ്ട്.

നാളെ തരാം എന്ന് മുന്നറിയിപ്പ് നൽകിയാണ് തോട്ടട സ്വ​ദേശികൾ വിവാഹ വീട്ടിൽ നിന്ന് പോയതെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം ബോംബുമായിട്ടാണ് യുവാക്കളെത്തിയതെന്ന് സംഘത്തിലുള്ള എല്ലാവർക്കും അറിവുണ്ടായിരുന്നില്ല. പലരും സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടത് ബോംബെറിഞ്ഞത് മറ്റു സംഘത്തിലുള്ളവരാണെന്ന ഭയത്തിലാണ്.

shortlink

Post Your Comments


Back to top button