
തിരുവനന്തപുരം: സ്വര്‍ണമാല കാണാതായ സംഭവത്തില്‍ ദളിത് സ്ത്രീയെ അന്യായമായി പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയില്‍ വച്ച സംഭവത്തില്‍ പൊലീസുകാര്‍ക്ക് മുന്നറിയിപ്പുമായി എഡിജിപി. മാന്യമായി പെരുമാറിയില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് വീണ്ടും മുന്നറിയിപ്പ് നല്‍കിയത്. മാല കാണാതായ സംഭവത്തില്‍ തുടരന്വേഷണം നടത്താനും എഡിജിപി എച്ച്.വെങ്കിടേഷ് നിര്‍ദേശം നല്‍കി.
സംഭവം വലിയ വിവാദമാവുകയും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിമര്‍ശനം ഉയരുകയും ചെയ്തതോടെയാണ് എഡിജിപി പൊലീസുകാരോട് ആദ്യം മാന്യമായി പെരുമാറണമെന്ന് ആവശ്യപ്പെട്ടത്. പിന്നാലെ ഇന്നലെ എഡിജിപി വിളിച്ച വീഡിയോ കോണ്‍ഫറന്‍സിലും അദ്ദേഹം നിലപാട് ആവര്‍ത്തിച്ചു. മാന്യമായി പെരുമാറാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കുകയാണ്. ബിന്ദുവിന്റെ മൊഴി പ്രകാരം കുടിക്കാന്‍ വെള്ളം പോലും പൊലീസുകാര്‍ നല്‍കിയില്ല. ഈ ആരോപണം അടക്കം പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളടക്കം മുന്‍നിര്‍ത്തി പരിശോധിക്കുന്നുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെയാണ് അന്വേഷണം. ഇതോടെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്.
മാല കാണാതായെന്ന ഓമനയുടെ പരാതിയില്‍ മാല കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. ബിന്ദു ജോലിക്ക് നിന്നിരുന്ന വീടിന്റെ ഉടമയാണ് ഓമന. ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം ഓമനയുടെ വീട്ടിലെ ചവറുകൂനയില്‍ നിന്നാണ് മാല കണ്ടെത്തിയത്. ഇതോടെയാണ് കേസ് അവസാനിപ്പിച്ചത്. എന്നാല്‍ പരാതി വ്യാജമായിരുന്നോയെന്നടക്കം വിശദമായി സംഭവം അന്വേഷിക്കാനാണ് എഡിജിപിയുടെ നിര്‍ദേശം. ബിന്ദു പരാതി നല്‍കുകയാണെങ്കില്‍ അതില്‍ അന്വേഷണം നടത്തും. തുടരന്വേഷണം നടക്കുകയാണെങ്കില്‍ ജില്ലാ ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷണം നടത്തുമെന്നാണ് വിവരം.
Post Your Comments