ThiruvananthapuramMalappuramKozhikodeWayanadKannurKasargodLatest NewsKeralaNattuvarthaNews

സ്വാതന്ത്ര്യത്തിന്റെ ഏറ്റവും മനോഹരമായ അവസ്ഥ, ‘നാലുകെട്ടി നാൽപ്പത് കുട്ടി’ ഒക്കെ പുറത്ത്: വരണം യൂണിഫോം സിവിൽ കോഡ്

അറബിക്കല്യാണങ്ങൾ എന്ന പേരിൽ മലബാർ കേന്ദ്രീകരിച്ച് നടന്ന അനേകം വിവാഹങ്ങളുടെ ഇരകൾ ഇപ്പോഴും തീരദേശ മേഖലകളിലും മറ്റും ഉണ്ട്

വിവാഹത്തിന്റെ പേരിലും ഡിവോഴ്സിന്റെ പേരിലും ധാരാളം പ്രശ്നങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. ഒരുപക്ഷേ സമകാലീന സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മനുഷ്യന്റെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ കീഴ്പ്പെടുത്തുന്ന വിവാഹവും, വിവാഹേതര ജീവിതവുമാണ് എന്ന് പറയാതെ വയ്യ. നാലും നാൽപ്പതും കെട്ടിയവർ നമുക്കിടയിൽ ഉണ്ടാകുമ്പോൾ, ഇവിടെ വേട്ടയാടപ്പെടുന്ന സ്ത്രീകളുടെ എണ്ണം അനിയന്ത്രിതമാണ്. മതങ്ങൾ അനുവദിച്ചുകൊടുക്കുന്ന വിവാഹ സ്വാതന്ത്ര്യം തന്നെയാണ് ഇതിന്റെ പ്രധാന കാരണം. മിത്തുകളിൽ നാലു കെട്ടിയവരും 40 കെട്ടിയവരും ഉണ്ടെന്ന് കാണിച്ച് പലയിടങ്ങളിലും സ്ത്രീകളുടെ അഭിപ്രായ സ്വാതന്ത്ര്യംപോലും ഹനിച്ചു കളയുന്ന സ്ഥിതിയിലേക്കാണ് വിവാഹങ്ങൾ ചെന്നെത്തുന്നത്. ഒരുപാട് പേരിൽ ഒരാളായി മാറി, ഒടുവിൽ ഉപേക്ഷിക്കപ്പെട്ട്, തന്നെ മാത്രം പ്രതീക്ഷിച്ചിരിക്കുന്ന കുട്ടികൾക്ക് വേണ്ടി ജീവിച്ചു മരിക്കേണ്ട ഗതിയാണ് പല സ്ത്രീകൾക്കും. അത്തരമൊരു അവസ്ഥയിലേക്ക് അവരെ കൊണ്ടെത്തിക്കുന്നത് സമൂഹമാണ്.

Also Read:റേഷൻ കാർഡ് എടുക്കാനുള്ള ഓട്ടത്തിൽ, വീടില്ല: 10 കൊല്ലം ഒരുമുറിയിൽ കഴിഞ്ഞ സജിത-റഹ്മാൻ ദമ്പതികളുടെ ഇപ്പോഴത്തെ അവസ്ഥ

സാക്ഷര കേരളത്തിലും ഇതിന്റെ നിരക്ക് ചെറുതല്ല, അറബിക്കല്യാണങ്ങൾ എന്ന പേരിൽ മലബാർ കേന്ദ്രീകരിച്ച് നടന്ന അനേകം വിവാഹങ്ങളുടെ ഇരകൾ ഇപ്പോഴും തീരദേശ മേഖലകളിലും മറ്റും ഉണ്ട്. മിത്തുകളിലെ ചരിത്ര പുരുഷന്മാർ ചെയ്ത പാതകത്തിന്റെ ഇരകളാണ് അവർ. ഇന്ത്യയിൽ ഏറ്റവുമധികം തട്ടിപ്പുകൾ നടക്കുന്നത് വിവാഹത്തിന്റെ പേരിലാണ്. ഓരോ മത വിശ്വാസങ്ങളിലും വിവാഹത്തോടുള്ളത് വ്യത്യസ്തമായ കാഴ്ചപ്പാടായതുകൊണ്ടുതന്നെ നിലവിൽ ഇവയെല്ലാം മതങ്ങളുടെ തന്നെ നിയന്ത്രണത്തിലാണുള്ളത്. അതുകൊണ്ടുതന്നെ, സ്ത്രീകൾക്ക് വിവാഹത്തിലും വിവാഹശേഷവും കൃത്യമായ സുരക്ഷ നൽകാൻ പുരുഷാധികാര സമൂഹം തയ്യാറാകുന്നില്ല.

വലിപ്പവും ജനസംഖ്യയും കണക്കിലെടുത്ത് ദക്ഷിണേഷ്യയിൽ ഏറ്റവുമധികം ശൈശവ വിവാഹങ്ങൾ നടക്കുന്നത് ഇന്ത്യയിലാണെന്ന് യുനിസെഫിന്റെ ചൈൽഡ് പ്രൊട്ടക്ഷൻ ചീഫ് ജാവിയർ അഗ്വിലാർ പറഞ്ഞിരുന്നു. അത് ശരിവയ്ക്കും വിധം തന്നെയാണ് ഇന്ത്യയിലെ കാലാവസ്ഥ. ആഫ്രിക്കൻ രാജ്യങ്ങളിലും മറ്റും ഇവ ക്രമാതീതമായി കൂടുതലാണെങ്കിലും ജനസംഖ്യ വച്ച് താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ തന്നെയാണ് ശൈശവ വിവാഹത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. ഇന്ത്യയിൽ നൽകപ്പെടുന്ന മതസ്വാതന്ത്ര്യം തന്നെയാണ് ഇത്തരത്തിൽ പെൺകുട്ടികളെ ചൂഷണം ചെയ്യാനുള്ള പ്രധാനകാരണമായി കണക്കാക്കപ്പെടുന്നത്. എന്നാൽ 2005 ലെ കണക്ക് പ്രകാരം 47 ശതമാനം ആയിരുന്ന ശൈശവവിവാഹ നിരക്ക്, 2016 ആയതോടെ 27 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എങ്കിലും രാജസ്ഥാൻ, ബീഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ 40 ശതമാനത്തോളം ശൈശവ വിവാഹം ഇപ്പോഴും നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ശൈശവ വിവാഹങ്ങളിൽ പലതും നടക്കുന്നത് പെൺകുട്ടികളുടെ സമ്മതമില്ലാതെയാണ്. പഠിച്ചു നേടേണ്ട പ്രായത്തിൽ, കൂലി വേലയ്ക്ക് പോയും, പുരുഷന്റെ ലൈംഗികാതിക്രമങ്ങൾക്ക് ഇരയായും, പ്രായം എത്താതെ അമ്മയായതിന്റെ പക്വതയില്ലായ്മ പേറിയും ഇന്ത്യയിലെ എത്രയെത്ര പെൺകുട്ടികൾ ആണ് ഇപ്പോഴും നരകയാതന അനുഭവിക്കുന്നുണ്ട്. ഇനി ഇത്തരം ബന്ധങ്ങളിൽ നിന്നും, വിവാഹങ്ങളിൽ നിന്നും, ചതിയിൽ നിന്നും പുറത്തു കടക്കാമെന്ന് കരുതിയാലോ അപ്പോഴുമുണ്ട് ഇന്ത്യയിലെ മതങ്ങൾ അടിച്ചേൽപ്പിക്കുന്ന ഒരുപാട് സ്ത്രീ വിരുദ്ധ നയങ്ങൾ. ഒരു വിവാഹത്തിലും ഒരു കുടുംബത്തിലും പെട്ടുപോയാൽ അവിടെനിന്ന് ഒരു പെൺകുട്ടിക്ക് സുരക്ഷിതമായി ഇറങ്ങി വരാനുള്ള സാഹചര്യം പലപ്പോഴും മതങ്ങൾ നൽകുന്നില്ല. പുരുഷന് തന്നെയാണ് അവിടെ എപ്പോഴും ആധിപത്യം ഉള്ളത്.

ഇവിടെയാണ് യൂണിഫോം സിവിൽ കോഡ് ചർച്ചചെയ്യപ്പെടേണ്ടത്. അതിനെ രാഷ്ട്രീയപരമായി കാണാതെ മുത്തലാക്ക് പോലെയുള്ള ഒരു വലിയ ചരിത്ര മുന്നേറ്റമായി തന്നെ കാണേണ്ടതുണ്ട്. ഇന്ത്യയിലെ പ്രധാന മത-ജാതി വൈജാത്യങ്ങൾക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം-പ്രത്യേകം ബാധകമാകുന്ന രീതിയിൽ ഇപ്പോൾ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതു വ്യക്തി നിയമ സംഹിത വേണം എന്ന ആവശ്യത്തിനേയും തർക്കത്തിനേയും കുറിക്കുന്ന പദമാണ് ഏകീകൃത സിവിൽ കോഡ്. ഇത് വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളിൽ പൊതുവായ നിയമം കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇന്ത്യൻ ഭരണഘടയിലെ നിർദ്ദേശകതത്ത്വങ്ങളിലെ 44-ാം വകുപ്പനുസരിച്ച് ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം കൊണ്ടു വരേണ്ടുന്നത് ഭരണകൂടത്തിന്റെ കടമയായി കണക്കാക്കുന്നു.

സമകാലീന ഭാരതത്തിൽ മത-ജാതി അധിഷ്ഠിത വർഗ്ഗീകരണവും വ്യക്തി നിയമവും നിലനിൽക്കുന്നതിനാൽ, ഒരു ഏകീകൃത സിവിൽ നിയമം അത്യാവശ്യമാണ്. സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും പുരുഷന് തുല്യമായ എല്ലാ അവകാശങ്ങളും ലഭിക്കേണ്ടതുണ്ട്. മാത്രമല്ല, നിലവിലുള്ള സ്ത്രീവിരുദ്ധമായ വ്യക്തിനിയമങ്ങളിൽ മാറ്റം വരുത്തേണ്ടതും അനിവാര്യമാണ്. ലിംഗസമത്വം ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന ഒന്നാണ്. ഈ തിരിച്ചറിവിൽ നിന്നാണ് ഏകീകൃത സിവിൽ നിയമം നടപ്പിലാക്കണമെന്ന് മതേതരത്വവാദികൾ ആവശ്യപ്പെടുന്നത്.

യൂണിഫോം സിവിൽ കോഡ് നിലവിൽ വരുന്നതോടെ ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറും എന്ന് ഉറപ്പാണ്. ഇന്ത്യൻ ജനതയുടെ ജീവിതത്തിനും, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കും, ഒരു മതത്തിന്റെയോ ഒരു സമുദായത്തിന്റെയോ കെട്ടുപാടുകൾ പിന്നീട് ഉണ്ടായിരിക്കില്ല. നിലവിൽ നമുക്കുണ്ട് എന്ന് നമ്മൾ വിശ്വസിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഏറ്റവും മനോഹരമായ ഒരു അവസ്ഥയായിരിക്കും അപ്പോൾ സംഭവിക്കുക. ഒരു മതത്തിന്റെയും നിയമങ്ങളല്ല, യൂണിഫോം സിവിൽ കോഡിൽ കൊണ്ടുവരേണ്ടത് ഇന്ത്യയുടെ നിയമങ്ങളാണ്. നാനാർത്ഥത്തിൽ ഏകത്വം എന്ന പദം ഇന്ത്യയിൽ അപ്പോഴാണ് യഥാർത്ഥത്തിൽ സംഭവിക്കുക.

-സാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button