ചങ്ങരംകുളം: യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായി പരാതി. ആലങ്കോട് തച്ചുപറമ്പ് സ്വദേശി പൂവത്തുപറമ്പിൽ സൽമാനുൽ ഫാരിസിനാണ് മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ സൽമാനുൽ ഫാരിസ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ഫുട്ബോൾ കളിക്കാൻ പോയ സൽമാനുൽ ഫാരിസിനെ കളിസ്ഥലത്തുനിന്ന് നടുവട്ടം സ്വദേശികളായ യുവാക്കൾ തരാനുള്ള പണത്തിന്റെ കാര്യം സംസാരിക്കാനാണെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് നടുവട്ടം ശ്രീവത്സം ഹോസ്പിറ്റലിന് സമീപത്തുവെച്ച് അക്രമിക്കുകയായിരുന്നുവെന്ന് സൽമാനുൽ ഫാരിസ് പറഞ്ഞു.
Read Also : എന്താണ് ഈ ഊരിൽ നടക്കുന്നത്? ആദിവാസി പെൺകുട്ടികളുടെ മരണം, തിരിഞ്ഞ് നോക്കാതെ സർക്കാർ
സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട സൽമാനുൽ ഫാരിസ് രാത്രി പത്തോടെ ഓട്ടോ വിളിച്ചാണ് വീട്ടിലെത്തിയത്. ഗുരുതര പരിക്കുകളോടെ രാത്രി വീട്ടിലെത്തിയ സൽമാനുൽ ഫാരിസിനെ വീട്ടുകാരും നാട്ടുകാരും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
സുഹൃത്ത് കൂടിയായ നടുവട്ടം സ്വദേശിയിൽ നിന്ന് കടം വാങ്ങിയ പണം അവധിക്ക് തിരിച്ച് നൽകാതിരുന്നതാണ് അക്രമത്തിന് കാരണമെന്നാണ് വിവരം. ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments