KeralaLatest NewsIndia

മീഡിയാവണിന് 2016 ൽ തന്നെ താക്കീത് നല്കിയിരുന്നു: ചാനൽ നിരോധിച്ചത് വർഷങ്ങളുടെ നടപടികൾക്ക് ശേഷം

രാജ്യ സുരക്ഷ മുൻ നിർത്തി ജമാഅത്തെ ഇസ്ലാമിയുടെ പല സാമ്പത്തിക ഇടപാടുകളും അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിൽ നിരീക്ഷിക്കുകയും ചെയ്തിരുന്നു.

ന്യൂഡൽഹി: രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയിൽ പ്രചരണങ്ങൾ നടത്തിയ ജമാ അത്തെ ഇസ്ലാമിയുടെ കീഴിലുള്ള ചാനലുകൾക്കെതിരെ ആഭ്യന്തര മന്ത്രാലയം അഞ്ചു വർഷം മുൻപേ നടപടി ആരംഭിച്ചിരുന്നതായി രേഖകൾ. നേരത്തെ മുതിർന്ന മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ ഈ വിവരം ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിന് മുൻപ് 2016 ൽ മീഡിയാ വൺ ചാനലിനും ആഭ്യന്തരമന്ത്രാലയം താക്കീത് നൽകിയിരുന്നു. അതിന് ശേഷമാണ് അപ്പ് ലിങ്ക്, ഡൗൺ ലിങ്ക് അനുമതികൾ വീണ്ടും അഞ്ചു വർഷത്തേയ്‌ക്ക് പുതുക്കി നൽകിയത്.

മീഡിയാ വൺ ചാനലിനെതിരെ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾ ക്ഷണിച്ചുവരുത്തിയതെന്ന വിമർശനം ശരി വെക്കുന്നതാണ് രേഖകൾ. ജമാഅത്തെ ഇസ്ലാമി, മീഡിയ വൺ ന്യൂസ് ചാനലിന് പുറമെ മീഡിയ വൺ ലൈഫ് എന്ന് പേരുള്ള ഒരു ചാനൽകൂടി കേരളത്തിൽ സംപ്രേഷണം ചെയ്യാൻ ആലോചിച്ചിരുന്നു എന്ന് രേഖകളിൽ നിന്ന് വ്യക്തമാകുന്നു. എന്നാൽ സുരക്ഷാ കാരണങ്ങൾ മുൻ നിർത്തി ചാനലിന് ഒന്നാം നരേന്ദ്ര മോദി സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു. ഈ വിവരങ്ങളൊന്നും പുറത്ത് വിടാതെ ചാനൽ നേതൃത്വം വളരെ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു എന്നാണ് ജനം ടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രാജ്യ സുരക്ഷ മുൻ നിർത്തി ജമാഅത്തെ ഇസ്ലാമിയുടെ പല സാമ്പത്തിക ഇടപാടുകളും അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിൽ നിരീക്ഷിക്കുകയും ചെയ്തിരുന്നു. പരിശോധനയിലൂടെ വ്യക്തമായ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്ന് മീഡിയാ വൺ ലൈഫ് എന്ന ചാനലിന് അനുമതി നിഷേധിച്ചത്. ചാനലിനെതിരായ കണ്ടെത്തലുകൾ അതീവ ഗുരുതരമെന്നും കേന്ദ്ര നിലപാട് ശരിയാണെന്നുമാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ.

വിലക്കുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിന്റെ മുഴുവൻ ഫയലുകളും കേന്ദ്ര സർക്കാരിന്റെ അസി. സോളിസിറ്റർ ജനറൽ എസ്. മനു കോടതിക്ക് കൈമാറിയിട്ടുണ്ട്. മുദ്ര വെച്ച കവറിൽ നൽകിയത് രഹസ്യരേഖകളായതിനാൽ അവ മീഡിയാ വണ്ണിന്റെ അഭിഭാഷകന് കൈമാറാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button