NattuvarthaLatest NewsKeralaNewsIndia

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ ഇരുപത് വയസ്സിന് താഴെയുള്ളവർ, കേരളം ക്രിമിനലുകളുടെ വിളനിലം: മാതാപിതാക്കൾ അറിയാൻ

ഒരുപാട് കുടുംബങ്ങൾ ചേരുന്നതാണ് ഒരു സമൂഹം, അപ്പോൾ ഓരോ കുടുംബങ്ങൾക്കും സമൂഹത്തോട് ഒരു വലിയ കടമ നിർവ്വഹിക്കാനുണ്ട്

കേരളം ക്രിമിനലുകളുടെ വിളനിലമായി മാറുകയാണ് എന്ന വാർത്ത ഇന്നും ഇന്നലെയുമല്ല, കഴിഞ്ഞ ഒരു പത്തു വർഷമായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതാണ്. എന്നാൽ അതിൽ ഏറ്റവും ഞെട്ടിക്കുന്ന കാര്യം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരിൽ ഭൂരിഭാഗവും 20 വയസ്സിനു താഴെയുള്ള കുട്ടികളാണ് എന്നുള്ളതാണ്. പോക്സോ കേസുകളിൽ പോലും അറസ്റ്റിലാകുന്നത് കുട്ടികൾ ആണെന്നുള്ളത് വലിയ ആശങ്കയാണ് സംസ്ഥാനത്ത് സൃഷ്ടിക്കുന്നത്. മോഷണക്കേസുകളിൽ തുടങ്ങി കൊലപാതകങ്ങളിലേക്കും തട്ടിപ്പുകളിലേക്കും നീളുന്ന ക്രിമിനൽ ബുദ്ധികളുള്ള കുട്ടികൾ എങ്ങനെയാണ് നമ്മുടെ സമൂഹങ്ങളിൽ രൂപപ്പെടുന്നത് എന്ന് നമ്മൾ തന്നെ ചിന്തിക്കേണ്ട വസ്തുതയാണ്.

Also Read:അതിര്‍ത്തി സംഘര്‍ഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ ബാധിച്ചു : കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

ഒരുപാട് കുടുംബങ്ങൾ ചേരുന്നതാണ് ഒരു സമൂഹം, അപ്പോൾ ഓരോ കുടുംബങ്ങൾക്കും സമൂഹത്തോട് ഒരു വലിയ കടമ നിർവ്വഹിക്കാനുണ്ട്. നല്ല മനുഷ്യരെ സൃഷ്ടിക്കുക എന്നത് തന്നെയാണ് കുടുംബങ്ങൾ ചെയ്യേണ്ടത്. അങ്ങനെ ഒരുപാട് നല്ല മനുഷ്യർ ചേരുമ്പോഴാണ് ഒരു നല്ല സമൂഹം രൂപപ്പെടുന്നത്. ഇവിടെയാണ് നമ്മളുടെ കുടുംബങ്ങൾക്ക് തെറ്റിപ്പോകുന്നത്. സംവിധായകനാകാൻ ആഗ്രഹമുള്ള ഒരു കുട്ടിയെ, സയന്റിസ്റ്റാക്കാൻ ശ്രമിക്കുന്നത് തന്നെയാണ് നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്. തുടർന്ന് ഒരു പ്രായം കഴിഞ്ഞാൽ കുട്ടികളെ സ്വയംപര്യാപ്തരാക്കാനും, അവർക്ക് വേണ്ടത് എന്തും അവരെക്കൊണ്ട് തന്നെ നേടിയെടുക്കാനുമുള്ള സാമ്പത്തികപരമായ ഒരു കെട്ടുറപ്പ് അവർക്ക് രൂപപ്പെടുത്തി കൊടുക്കേണ്ടതുണ്ട്.

നല്ല വിദ്യാഭ്യാസം മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ്. വിദ്യയുള്ള മനുഷ്യന്റെ തലയിൽ തെറ്റുകൾ ഉദിക്കാൻ സാധ്യതകൾ കുറവാണ്. ജീവിക്കാൻ വേണ്ടി എല്ലാവരും പൊരുതുന്ന, അതിജീവനം എല്ലാവർക്കും പ്രയാസപ്പെട്ട ഒന്നാക്കി മാറ്റുന്ന ഒരു സാമൂഹിക പരിസ്ഥിതിയിൽ വിദ്യാഭ്യാസം മുഖേനയുള്ള ജോലി നേടുക എന്നുള്ളത്, സുരക്ഷിതമായി ജീവിക്കുക എന്നതിന്റെ ആദ്യപടിയാണ്. എന്തും തുറന്നു പറയാനുള്ള ഒരു പരിസ്ഥിതി, കുടുംബങ്ങളിൽ സൃഷ്ടിക്കേണ്ടത് മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ്. പ്രണയബന്ധങ്ങൾ തുടങ്ങി ലൈംഗികബന്ധങ്ങൾ വരേയ്ക്ക് കുടുംബങ്ങളിൽ പരസ്പരം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഇത് സംസ്ഥാനത്തെ കുട്ടികളിൽ നിരന്തരമായി കണ്ടുവരുന്ന ആത്മഹത്യാപ്രവണതയെ കുറയ്ക്കുമെന്നാണ് പഠനങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മാല മോഷണം മുതൽക്ക് ബൈക്ക് മോഷണം വരെ സ്ഥിരമാക്കിയവരാണ് നമുക്ക് ചുറ്റുമുള്ള പല കുട്ടികളും. എന്നാൽ അവർ എന്തുകൊണ്ട് മോഷ്ടിക്കുന്നുവെന്നും അവരെ ആ മോഷണത്തിലേക്ക് നയിച്ച കാരണം എന്താണെന്നും നമ്മൾ ചർച്ച ചെയ്യുന്നില്ല. യഥാർത്ഥത്തിൽ, ചർച്ചചെയ്യപ്പെടേണ്ടത് ആ കാരണങ്ങളാണ്. ലഹരി മരുന്നുകളുമായി പിടിയിലാകുന്ന കുട്ടികൾ എന്തുകൊണ്ട് അത്തരത്തിൽ ഒരു പ്രവർത്തനത്തിലേക്ക് കടക്കുന്നു എന്നതും നമ്മൾ പഠനവിധേയമാക്കേണ്ടതുണ്ട്. സമൂഹം അടിച്ചേൽപ്പിക്കുന്ന ബാധ്യതകളും, മുൻവിധികളും, കളിയാക്കലുകളും എല്ലാമാണ് കുട്ടികളെ ക്രിമിനൽ പശ്ചാത്തലത്തിലേക്ക് നയിക്കുന്നതെന്നാണ് മനശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.

ഒരു മരം പാകപ്പെടുന്നത് അത് അതിന്റെ വേരുകളുടെ സഹായത്തോടെയാണ്. നല്ല വേരുകൾ ഉണ്ടെങ്കിൽ, അവ മരത്തെ നല്ല ദിശയിലേക്ക് നയിക്കുകയും, മരത്തിന് നല്ല ജലം നൽകുകയും ചെയ്യും. അതുപോലെ തന്നെയാണ് മനുഷ്യജീവിതവും. തലമുറകളും കുടുംബവും സമൂഹവും നൽകുന്ന നല്ല വൃത്തിയുള്ള കാഴ്ചപ്പാടുകളാണ് നമ്മളുടെ കുട്ടികൾക്ക് ആവശ്യം. സ്വന്തമായി തീരുമാനം എടുക്കാനും, സ്വന്തമായി ജീവിതം നേടിയെടുക്കാനുമുള്ള കഴിവാണ് അവർക്കാവശ്യം. സ്വയം സമ്പൂർണ്ണമായ മനുഷ്യരുള്ള ഭൂമിയിൽ ഒരിക്കലും കൊലപാതകങ്ങളോ, മോഷണങ്ങളോ, പീഡനങ്ങളോ അരങ്ങേറാൻ ഇടയില്ല.

-സാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button