Latest NewsKeralaIndia

ബിജെപി വേദികളില്‍ പ്രസംഗിക്കാന്‍ സാംസ്കാരിക നായകര്‍ക്കും എഴുത്തുകാര്‍ക്കും മടിയില്ല: എതിർക്കണമെന്ന് സിപിഎം

സംസ്ഥാന സമ്മേളനങ്ങളില്‍ കഴിഞ്ഞ കുറെ കാലങ്ങളായി വി.എസ്. ആയിരുന്നു പതാക ഉയര്‍ത്തിയിരുന്നത്.

കൊച്ചി: ഇന്ന് തുടക്കമാകുന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ചെങ്കൊടികളും, തോരണങ്ങളും, ചെങ്കോട്ടയുമായി കൊച്ചി നഗരം സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങിക്കഴിഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന അംഗം ആനത്തലവട്ടം ആനന്ദന്‍ രാവിലെ 9.30-ന് പതാക ഉയര്‍ത്തും. സംസ്ഥാന സമ്മേളനങ്ങളില്‍ കഴിഞ്ഞ കുറെ കാലങ്ങളായി വി.എസ്. ആയിരുന്നു പതാക ഉയര്‍ത്തിയിരുന്നത്.

വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിക്കില്ല. പതാക ഉയര്‍ത്തലിന് ശേഷം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രതിനിധി സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്യും. അതേസമയം, പ്രവർത്തന റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്ത് വിട്ട് മാധ്യമങ്ങൾ. പാർട്ടിയിൽ നിന്നും അകന്നുപോയ ന്യൂനപക്ഷ വിഭാഗങ്ങൾ തിരിച്ചു വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ, ന്യൂനപക്ഷ വിഭാഗത്തെ കൂടുതൽ ചേർത്തു നിർത്താൻ പ്രവർത്തകർ തയ്യാറാകണമെന്നാണ് പ്രവർത്തന റിപ്പോർട്ടിലെ പ്രധാന നിർദ്ദേശം.

കൂടാതെ, ഭൂരിപക്ഷ വർഗ്ഗീയതക്കൊപ്പം ന്യൂനപക്ഷ വർഗ്ഗീയതയും ഒരുപോലെ എതിർക്കപ്പെടണമെന്നും, അല്ലെങ്കിൽ ഹൈന്ദവ വിഭാഗത്തെ കൂടെനിര്‍ത്താന്‍ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ, വലതുപക്ഷ സാംസ്കാരിക മുന്നേറ്റം ശക്തമാണെന്നും ഇടതുപക്ഷ സാംസ്കാരിക മുന്നേറ്റം ദുർബലപ്പെടുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. വലതുപക്ഷ സാംസ്കാരിക മുന്നേറ്റത്തിനെതിരെ പ്രതിരോധം തീർക്കാൻ പാർട്ടിക്കു കഴിയണം. ബിജെപി വേദികളില്‍ പ്രസംഗിക്കാന്‍ സാംസ്കാരിക നായകര്‍ക്കും എഴുത്തുകാര്‍ക്കും മടിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സിൽവർലൈൻ അടക്കമുള്ള വികസന പദ്ധതികൾ എതിർപ്പ് മറികടന്ന് നടപ്പിലാക്കണം. സിൽവർ ലൈൻ പദ്ധതിക്കെതിരെ ഉയരുന്ന എതിർപ്പുകൾ ഊതിവീർപ്പിച്ചതാണെന്നും റിപ്പോർട്ട് പറയുന്നു. പാർട്ടിയിൽ ബഹുജനസ്വാധീനം വർധിപ്പിക്കണം. ഇതിന്റെ ഭാഗമായി ഇടത്തര-മധ്യവർഗ്ഗ സമൂഹത്തിന്റെ സ്വാധീനം കൂടി ഉൾക്കൊള്ളാവുന്ന സമീപനങ്ങൾ പാർട്ടി കൈക്കൊള്ളുമെന്നും കോടിയേരി അവതരിപ്പിക്കാൻ പോവുന്ന റിപ്പോർട്ടിൽ പറയുന്നു. ഇന്ന് 12.15ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button