KeralaLatest News

14 ദിവസമുള്ളപ്പോൾ ദത്തെടുത്തു: 12 വയസ്സുമുതൽ ഞങ്ങളെ മർദ്ദിക്കും, അല്ലറചില്ലറ മോഷണവും സ്കൂളിൽ പോകാൻ മടിയും: വളർത്തമ്മ

സ്കൂളിൽ വിട്ടാൽ ക്ലാസിൽ കയറില്ല. ഏഴാം ക്ലാസ് മുതൽ, സി​ഗററ്റ് വലി തുടങ്ങിയ ജോൺ ബിനോയ് പിന്നീട് കഞ്ചാവിലേക്ക് അപ്​ഗ്രേഡ് ചെയ്തു.

കൊച്ചി: 14 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അനാഥാലയത്തിൽ നിന്ന് ദത്തെടുത്തു വളർത്തിയ പള്ളുരുത്തി കല്ലേക്കാട് വീട്ടിൽ സ്റ്റാൻലി ഡിക്രൂസും ഭാര്യ അൽതാസ്യ ഡിക്രൂസും വലിയ പ്രതീക്ഷയിലാണ് കുഞ്ഞിനെ വളർത്തിയത്. വിവാഹം കഴിഞ്ഞ് പത്തുവർഷമായിട്ടും കുഞ്ഞ് ജനിക്കാത്തതിനെ തുടർന്നായിരുന്നു ഡിക്രൂസ് ഒരു കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചത്. അന്നുമുതൽ ഇന്നുവരെ ആ കുഞ്ഞ് ഈ ദമ്പതികൾക്ക് നൽകിയത് വേദന മാത്രമാണ്. വീട്ടിലെത്തിച്ച പിഞ്ചുകുഞ്ഞിന് തന്റെ പേരുകൂടി ചേർത്ത് ഡിക്രൂസ് പേരിട്ടത് തന്റെ കുഞ്ഞായി തന്നെ അവൻ വളരമെന്ന ചിന്തയിലായിരുന്നു.

എന്നാൽ, വീട്ടിലെത്തിച്ച അന്നുമുതൽ പിഞ്ചുകുഞ്ഞ് വയറിന് സുഖമില്ലാതെ ആശുപത്രിയിൽ. അവൻ വളർന്നതോടെ വീട്ടിൽ വഴക്കും അല്ലറചില്ലറ മോഷണവും. സ്കൂളിൽ വിട്ടാൽ ക്ലാസിൽ കയറില്ല. ഏഴാം ക്ലാസ് മുതൽ, സി​ഗററ്റ് വലി തുടങ്ങിയ ജോൺ ബിനോയ് പിന്നീട് കഞ്ചാവിലേക്ക് അപ്​ഗ്രേഡ് ചെയ്തു. പന്ത്രണ്ടാം വയസുമുതൽ തന്റെ വളർത്തമ്മയേയും വളർത്തച്ഛനേയും തല്ലാനും തുടങ്ങി. ജോൺ ബിനോയ് തന്നെയും ക്രൂരമായി മർദ്ദിക്കാറുണ്ടെന്നും അൽതാസ്യ വെളിപ്പെടുത്തുന്നു. പലപ്രാവശ്യം ശാരീരിക ആക്രമണവും ഉണ്ടായിട്ടുണ്ട്. സ്വന്തം മകനല്ല എന്ന് അറിഞ്ഞതിനു ശേഷം ഒരു ദിവസം ബെൽറ്റ് ഇട്ടു കഴുത്തു മുറുക്കി. മരിച്ചു പോകുമെന്നു കരുതിയതാണെന്നും അവർ പറഞ്ഞു.

‘സ്വന്തം അച്ഛനും അമ്മയുമല്ല വളർത്തുന്നത് എന്നറിഞ്ഞപ്പോൾ മുതൽ സ്വഭാവം പാടേ മാറുകയായിരുന്നു. ബന്ധുക്കളിൽ ഒരാളാണ് അവനോട് ഇക്കാര്യം പറയുന്നത്. ഇതറിഞ്ഞ അന്നു വീട്ടിൽ വന്നു സാധനങ്ങൾ തല്ലിപ്പൊട്ടിച്ചു. പഴയ വീടായിരുന്നു. അതിന്റെ ഒരു ഭാഗംതന്നെ നശിപ്പിച്ചെന്നും അവർ വെളിപ്പെടുത്തി. അവനു സ്നേഹമുണ്ടോ എന്നു ചോദിച്ചാൽ സ്നേഹമാണ്. അടുത്തു വന്നിരുന്നു നമ്മളെ വല്ലാതെ സ്നേഹിക്കും. പക്ഷെ അവനു വേണ്ടതു ലഭിച്ചു കഴിഞ്ഞാൽ പിന്നെ സ്നേഹമൊന്നുമില്ല. പണം കിട്ടിയാൽ അതുകൊണ്ട് ഒരു പോക്കാണ്. പിന്നെ, തിരിച്ചു വരുന്നത് പണം കഴിഞ്ഞു മാത്രം. വീട്ടിൽനിന്നു പണമോ സ്വർണമോ മോഷ്ടിക്കുന്നതും പതിവ്.’

സിപ്സിയുമായുള്ള അടുപ്പമാണ് ജോൺ ബിനോയിയെ കൂടുതൽ കുഴപ്പത്തിലാക്കിയതെന്ന് അൽതാസ്യ മനോരമ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ‘ആ സ്ത്രീയുമായി അടുപ്പത്തിലായ ശേഷം കാര്യങ്ങൾ കൂടുതൽ വഷളാകുകയാണ് ചെയ്തത്. കോവിഡ് തുടങ്ങിയ സമയത്തു മൂന്നു മാസം അവർ ഇവിടെ വന്നു കഴിഞ്ഞിട്ടുണ്ട്. രാത്രി എട്ടു മണിയാകുമ്പോൾ പുറത്തു പോകും. രാവിലെ നാലു മണിക്കൊക്കെ കയറി വരും. എവിടെ പോയെന്നു ചോദിച്ചാൽ ഇടപ്പള്ളിയിലെ ആശുപത്രിയിൽ പിആർഒ ആണെന്നും രാത്രി ജോലിയാണെന്നുമാണ് പറഞ്ഞത്. ജോലിക്കൊന്നും പോയി പരിചയമില്ലാത്തതുകൊണ്ട് അതു വിശ്വസിച്ചു.’

‘പിന്നീട്, പൊലീസ് പറഞ്ഞാണ് അറിയുന്നത് അവരുടെ രാത്രിയിലെ ജോലി എന്തായിരുന്നെന്ന്. അവനും എതിർപ്പില്ലായിരുന്നു. എതിർത്തിട്ടു കാര്യമില്ലായിരുന്നു എന്നതാണ് ശരി.വീട്ടിൽ താമസിക്കുമ്പോൾ തന്നെ രണ്ടു പേരും തമ്മിൽ എന്നും വഴക്കാണ്. അടി കൂടി ഒരാൾക്കെങ്കിലും പരുക്കു പറ്റും. അവൾ പൊലീസിൽ പരാതി പറയും. എഴുതി താ, അവനെ അകത്തിടാമെന്നു പറഞ്ഞിട്ട് അതു ചെയ്യില്ല. ഇവിടെ താമസിക്കുമ്പോൾ അനു തോമസ് എന്നാണ് പേരു പറഞ്ഞത്. ഇപ്പോൾ സിപ്സി എന്നാണെന്നു പറയുന്നു. ശരിക്കും പേര് കൊച്ചു ത്രേസ്യ എന്നാണെന്നും പറയുന്നു. ഇതിൽ ഏതാണ് ശരിയെന്നു മാത്രം അറിയില്ല.’- അവർ വെളിപ്പെടുത്തി.

‘മൂന്നു മാസത്തിനുശേഷം വീട്ടിൽനിന്നു പോകാതായപ്പോൾ പൊലീസ് ഇടപെട്ടാണ് ഇറക്കി വിട്ടത്. പിന്നെയും വന്നപ്പോൾ വീട്ടിൽ കയറ്റിയില്ല. ഇരുവരും വിവാഹം കഴിക്കാൻ റജിസ്ട്രാർ ഓഫിസിൽ ഒരു ദിവസം നോട്ടിസിട്ടു. ഇക്കാര്യം അയൽ വാസികളിൽ ഒരാൾ പറഞ്ഞാണ് അറിഞ്ഞത്. ഒടുവിൽ റജിസ്ട്രാർ ഓഫിസിൽ പോയി നോട്ടിസ് റദ്ദാക്കാൻ പണമടയ്ക്കേണ്ടി വന്നു. ഒരു പ്രായം കുറഞ്ഞ പെൺകുട്ടിയുമായി വരൂ, വിവാഹം കഴിപ്പിച്ചു തരാം എന്ന് പലപ്രാവശ്യം പറഞ്ഞതാണ്. ഈ വീട്ടിലേയ്ക്ക് കയറരുതെന്ന് വർഷങ്ങൾക്കു മുമ്പുതന്നെ അവനോടു പറഞ്ഞതാണ്. ഉപദ്രവം സഹിക്കാനാവാതെ വന്നപ്പോൾ നൽകിയ പരാതിയിൽ അവൻ ഈ വീട്ടിൽ കയറരുതെന്നു കോടതിയുടെ ഉത്തരവുള്ളതാണ്.’ – അൽതാസ്യ പറയുന്നു.

‘കൊലപാതകത്തിന് ശേഷം ജോൺ ബിനോയ് തന്നെ വന്ന് കണ്ടിരുന്നെന്നും എന്നാൽ, അവനോട് സംസാരിക്കാൻ നിന്നില്ലെന്നും അൽതാസ്യ പറയുന്നു. കുഞ്ഞിനെ കൊന്നതിനു പിന്നാലെ അവൻ വീട്ടിൽ വന്ന് അമ്മയോട് എനിക്കൊരു കാര്യം പറയാനുണ്ടെന്നു പറഞ്ഞു. എനിക്ക് ജാമ്യമെടുക്കാൻ വേണ്ടതെല്ലാം ചെയ്യണം, ഞാനൊരു തെറ്റു ചെയ്തിട്ടുണ്ട്, ചിലപ്പോൾ കുറച്ചു ദിവസം അകത്തു കിടക്കും എന്നെല്ലാം പറഞ്ഞു. അവന്റെ കൂട്ടുകാരിൽ ഒരാൾ ഒപ്പമുണ്ടായിരുന്നു. അവനും പറഞ്ഞു ബിനോയ്ക്ക് എന്തോ പറയാനുണ്ടെന്ന്. ഞാൻ പറയാൻ സമ്മതിച്ചില്ല, നീ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ, ദേ തമ്പുരാൻ അവിടെ ഇരിപ്പുണ്ട്. അവിടെ ചെന്നു പറഞ്ഞു കൊള്ളാനാണ് പറഞ്ഞത്. പൊലീസ് വന്നു പറയുമ്പോഴാണ് അവൻ ഒരു കുഞ്ഞിനെ കൊന്ന കാര്യമൊക്കെ അറിയുന്നത്. പക്ഷെ പൊലീസ് പറഞ്ഞത് ഞാൻ വിളിച്ചു പറഞ്ഞു എന്നാണ്, അതു മനസ് അറിയാത്ത കാര്യമാണ്.’ – അൽതാസ്യ പറയുന്നു.

shortlink

Post Your Comments


Back to top button