KeralaNattuvarthaLatest NewsNewsIndia

‘ഭാവി സിനിമ ഭാവന’, നിറഞ്ഞ കയ്യടികളെ സാക്ഷിയാക്കി ആൺ തലകൾക്ക് മീതേ അവൾ നടന്നു: ഒരുപാട് ഭാവനമാർ ഉണ്ടാവണം

സ്ത്രീവിരുദ്ധത പുലമ്പിയിരുന്ന സംവിധായകനെക്കൊണ്ട് സ്ത്രീത്വം വിളിച്ചു പറയിച്ച നായിക

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ തിരുവനന്തപുരത്തെ ഉദ്ഘാടന ചടങ്ങിലേക്ക് അപ്രതീക്ഷിതമായി ഒരാൾ കയറിവന്നു. സംവിധായകൻ രഞ്ജിത്തിന്റെ അഭിനന്ദന പ്രവാഹങ്ങളിൽ കാണികൾ അവരെ തിരിച്ചറിഞ്ഞു. അത് ഭാവനയായിരുന്നു, അതിജീവിത എന്ന നിഴലിൽ നിന്ന് വീണ്ടും നായിക എന്ന പേരിലേക്ക് അവൾ ആ വേദിയിൽ വച്ച് ഉയർത്തപ്പെടുകയായിരുന്നു. ‘വെള്ളമടിച്ചു കോൺ തെറ്റിയിരിക്കുമ്പോൾ തനിക്കൊരു പെണ്ണിനെ വേണ’മെന്ന് തുടങ്ങി നരസിംഹത്തിലെ സ്ത്രീവിരുദ്ധമായ നിലപാടുകളുള്ള ഒരുപാട് കഥാപാത്രങ്ങളെ സൃഷ്‌ടിച്ച രഞ്ജിത്തിനെക്കൊണ്ട് തന്നെ ഭാവന ഒരു പെൺകരുത്തിനെക്കുറിച്ച് സംസാരിപ്പിച്ചു.

Also Read:ഐപിഎല്ലിൽ അണ്‍സോള്‍ഡായ ഏഴ് ഇന്ത്യന്‍ താരങ്ങൾ ധാക്ക പ്രീമിയര്‍ ലീഗിലേക്ക്

വേദിയെ ഇളക്കി മറിച്ചുകൊണ്ട് തന്നെയാണ് ഭാവന കടന്നു വന്നത്. ഒരു സൂപ്പർസ്റ്റാർ വരുന്ന പ്രതീതി ആ ഹാളിൽ ഉണ്ടായിരുന്നു. വിവരമുള്ള കാണികൾ ആയത് കൊണ്ട് തന്നെ ഒരാൾ പോലും കയ്യടിക്കാതെ അടങ്ങിയിരുന്നില്ല. റേപ്പ് ചെയ്യപ്പെട്ട ഒരു പെൺകുട്ടി വീണ്ടും ഇതുപോലെ മുഖ്യധാരയിൽ സജീവമാകുന്ന കാഴ്ച അങ്ങേയറ്റം സന്തോഷകരമാണ്. ഇത്തരത്തിൽ ഓരോ ഇരകളും നിലപാടുകൾ കൊണ്ട്, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർന്നു വന്നാൽ ഈ ലോകം എത്ര ഭംഗിയുള്ളതായിരുന്നു. മാധവിക്കുട്ടി പറഞ്ഞത് പോലെ, ഡെറ്റോൾ ഇട്ട് കഴുകിയാൽ തീരാവുന്നതേയുള്ളൂ എന്തും.

ഭാവനയെ പോലെ ഓരോരുത്തരെയും സമൂഹത്തിലേക്ക് മടക്കിക്കൊണ്ടുവരേണ്ടത് നമ്മുടെ കടമ തന്നെയാണ്. ആയിരം പീഡകരുള്ള നാട്ടിൽ രണ്ടായിരത്തിൽ പരം അതിജീവിതമാരുണ്ടാകും. ഭാവന ഒരു സെലിബ്രിറ്റിയായത് കൊണ്ട് അവരുടെ പ്രശ്നങ്ങൾ നിരന്തരം മാധ്യമ ശ്രദ്ധയിൽ പെട്ടു. അത്തരത്തിൽ തന്നെ മറ്റുള്ളവരെയും നമ്മൾ ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്.

ഒരുപാട് ഭാവനമാർ നമുക്ക് ചുറ്റുമുണ്ട്. ഇപ്പോഴും പുഴുത്തു നാറിയ സമൂഹത്തിന്റെ മുൻപിൽ വെറുമൊരു റേപ്പ് കേസിലെ ഇരയായി മാത്രം വാഴ്ത്തിപ്പെട്ട് വീണുപോയ ബാല്യങ്ങളും, ബന്ധുക്കളുടേതടക്കമുള്ള ചൂഷണങ്ങൾ ഏൽക്കേണ്ടി വന്ന കൗമാരവും, സഹതാപത്തിന്റെ പേരിൽ ഏതെങ്കിലും ഒരുത്തന്റെ ഭാര്യയായി( അടിമയായി ) തീർക്കേണ്ടി വന്ന യവ്വനവും മാത്രം സ്വന്തമായിട്ടുള്ള എത്രയോ പേർ, അവരും വാഴ്ത്തപ്പെടേണ്ടതുണ്ട്.

രണ്ടായിരത്തി ഇരുപത്തൊന്നിൽ മാത്രം 3,549 പോക്സോ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. ആകെമൊത്തം 16,418 കേസുകൾ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ എന്ന പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരൊക്കെ ഇപ്പോൾ എവിടെയാണ്? വെറും ഇരകൾ മാത്രമായി അതിജീവിതയിലേക്കെത്താതെ ഇവരെ മാറ്റി നിർത്തിയത് എന്താണ്? ഭാവനയെപ്പോലെ ഓരോ പെൺകുട്ടികളും നമുക്കിടയിൽ അവരുടേതായ വ്യക്തിത്വങ്ങളിൽ ജീവിക്കണം അവർക്കതിന് അവകാശമുണ്ട്.

-സാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button