KeralaLatest News

കുട്ടികളിലെ പരീക്ഷപ്പേടി എങ്ങനെ മറികടക്കാം: വിദഗ്ധർ പറയുന്നത്

മറ്റു ചില കുട്ടികള്‍ പരാജയഭയം, പ്രതീക്ഷയില്ലായ്മ, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ, ആത്മവിശ്വാസക്കുറവ് എന്നീ ലക്ഷണങ്ങളാവും പ്രകടമാക്കുക.

പഠനവും പരീക്ഷയുമായി ബന്ധപ്പെട്ട ഭയം ഇന്നു കുട്ടികളില്‍ കൂടിവരികയാണ്. എപ്പോഴും പഠിക്കാന്‍മാത്രം നിർബന്ധിക്കുകയും കുട്ടികൾക്ക് കളിക്കാന്‍ സമയം അനുവദിക്കാതെ ഇരിക്കുകയും ചെയ്യുന്ന രീതി കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്. പല കുട്ടികളിലും പഠനവൈകല്യം, ശ്രദ്ധക്കുറവ്, വിഷാദം, ടെൻഷൻ എന്നിങ്ങനെ തിരിച്ചറിയാതെ പോയ പല പ്രശ്നങ്ങളുമാകാം പഠനത്തില്‍ പിന്നോക്കം പോകുന്ന അവസ്ഥയുടെ യഥാർത്ഥ കാരണം.

ഇവ മന:ശാസ്ത്ര പരിശോധനയിലൂടെ തിരിച്ചറിഞ്ഞാൽ മാത്രമേ ഇതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കഴിയൂ. ചിലരില്‍ പരീക്ഷ അടുക്കുമ്പോള്‍ തലവേദന, വയറിന് അസ്വസ്ഥത എന്നിങ്ങനെ പല ശാരീരിക അസ്വസ്ഥതകളുടെ രൂപത്തിലാവും പരീക്ഷപ്പേടി പ്രകടമാവുക. പരിശോധനയില്‍ കാരണങ്ങള്‍ കണ്ടെത്താനാവാതെ വരുന്ന അവസ്ഥ വരുന്നു എങ്കില്‍, കുട്ടിക്കു ടെൻഷൻ ഉണ്ടോ എന്നു കൂടി കണ്ടത്തേണ്ടതായുണ്ട്. മറ്റു ചില കുട്ടികള്‍ പരാജയഭയം, പ്രതീക്ഷയില്ലായ്മ, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ, ആത്മവിശ്വാസക്കുറവ് എന്നീ ലക്ഷണങ്ങളാവും പ്രകടമാക്കുക.

നമ്മള്‍ ‘പരീക്ഷപ്പേടി’ എന്ന വാക്കാണ്‌ സാധാരണയായി ഉപയോഗിക്കാറുള്ളത് എങ്കിലും യഥാർത്ഥത്തില്‍ അത് പരീക്ഷയെപ്പറ്റിയുള്ള അമിത ഉത്‌ക്കണ്‌ഠ/ ആകുലത ആണ്. ഇപ്പോള്‍ നിലവില്‍ ഇല്ലാത്തതും കുറച്ചു ദിവസങ്ങൾക്ക് ശേഷം മാത്രം എഴുതാന്‍ പോകുന്നതുമായ പരീക്ഷയുടെ ഫലത്തെപ്പറ്റി അമിതമായി ചിന്തിച്ച് ആകുലതപ്പെടുന്ന അവസ്ഥയാണ് ഇത്. സമയം ക്രമീകരിച്ചു പാഠഭാഗങ്ങള്‍ പഠിക്കാന്‍ കഴിയുക എന്നതാണ് പ്രധാനം. ഇതു മനസ്സിലാക്കി, എങ്ങനെ ഇനിയുള്ള സമയം ഫലപ്രദമായി ഉപയോഗിക്കാം എന്നു ചിന്തിക്കാന്‍ കുട്ടികളെ സഹായിക്കുക എന്നതാണ് നമുക്കു ചെയ്യാനുള്ളത്.

ഉത്‌ക്കണ്‌ഠ കുറയ്ക്കാന്‍ റിലാക്സേഷന്‍ ട്രെയിനിങ്ങ് ഫലപ്രദമാണ്. മനസ്സു ശാന്തമല്ല എങ്കില്‍ നന്നായി ഉറങ്ങാന്‍ കഴിയാതെ വരികയും, വിശപ്പില്ലായ്മയും ഒക്കെ അനുഭവപ്പെടും. നെഗറ്റീവ് ആയി സ്വയം സംസാരിക്കുന്ന രീതി ഒഴിവാക്കി വളരെ പോസിറ്റീവ് ആയി ചിന്തിക്കാന്‍ നമ്മൾ കുട്ടികളെ പ്രാപ്തരാക്കണം. പഠിക്കാന്‍ തുടങ്ങുന്നതിനു മുമ്പും, പരീക്ഷാഹാളില്‍ എത്തിയതിനുശേഷവും അല്പസമയം ശാന്തമായി ശ്വാസത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ച് മനസ്സിനെ ശാന്തമാക്കാന്‍ കുട്ടികളെ ശീലിപ്പിക്കാം.

കടപ്പാട്: പ്രിയ വര്‍ഗീസ്
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button