KeralaLatest NewsArticleNewsNerkazhchakal

കുലസ്ത്രീ/ കുടുംബസ്ത്രീ, ശുദ്ധി/വൃത്തിബോധങ്ങളൊന്നുമില്ലാത്ത പള്ളത്തി.. ഒരു കോട്ടയം കുറിപ്പ്

ഉണക്കപ്പള്ളത്തി എണ്ണയിൽ വറുത്തു കോരി കൂടെ ഉണക്ക മാങ്ങാക്കറീം കൂട്ടി ചോറ് ഒരു പിടി പിടിച്ചാലേ സൂപ്പറാകുമേ

കോട്ടയത്തിൻ്റെ കഥ പറയുമ്പോ ആദ്യം പറയേണ്ടുന്നതെന്നാന്നേ..

ഒരു സംശയമാ
ഓ…. അതിനു മാത്രം സംശയം എന്നാ
അല്ലാന്നേ
ഓ പറയെന്നേ

അച്ചായൻസിനില്ലാത്ത എന്നാ സംശയമാന്നേ പിള്ളേച്ചൻസിന് ?

ദിദ് ഇപ്പം എപ്പ ,എന്നാ എവിടന്നാന്നേ തുടങ്ങുന്നേ ?
ചെറിയൊരു സ്റ്റാർട്ടിങ്ങ് ട്രബിളാ….
ഓ പിന്നേ ?
ചുമ്മാ ഓവറാക്കല്ലേ?
കുറച്ച് ഓവറായാലല്ലേ എല്ലാരും ശ്രദ്ധിക്കൂ….
( എന്ന് പറഞ്ഞത് മൂസയാന്നേ ……. സി.ഐ ഡി മൂസ.. )

read also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 10,857 വാക്‌സിൻ ഡോസുകൾ

ഭൂശാസ്ത്രപരമായ അതിർത്തികളുടെ വിളുമ്പുകളിലൂടെ തെന്നലടിക്കാതെ സഞ്ചരിച്ചുകൊണ്ട് അവയുടെ സാംസ്കാരിക സവിശേഷതകളെ സൂക്ഷ്മ ബുദ്ധ്യാ ഗവേഷണം ചെയ്തു കൊണ്ട് വർത്തമാന കാലത്തിൻ്റെ ഇരുണ്ട യിടങ്ങളെ ഒപ്പം ചൂണ്ടിക്കാണിച്ച് വിമർശിക്കുന്ന ഉശിരൻ അക്കാദമിക് രീതി ശാസ്ത്രത്തെയൊന്ന് അവ ലംബിച്ച് ഇത്തിരി കനത്തിൽ പാണ്ഡിത്യം പ്രകടിപ്പിച്ചാലോ. ? സാധനം സൂപ്പറാവില്ലേ ?
ഓ….. യെന്ന്
അത് വേണ്ടാന്നേ …

കോട്ടേo ഭാഷയുടെ തിണ്ണമിടുക്കിനെ മറികടക്കാൻ അക്കാദമിക് ഗുസ്തികളൊന്നും ആവശ്യമില്ലാന്നേ നമുക്കിവിടെ മുട്ടത്തു വർക്കിയേം കോട്ടയം പുഷ്പേട്ടനെയും ഇങ്ങേയറ്റം ബാറ്റൺ ബോസിനേം ചേർത്തു പിടിച്ചോണ്ടങ്ങ് കോട്ടേo കഥയങ്ങ് എഴുതാന്നേ…..

ഞങ്ങളീ കഥ തുടങ്ങുന്നത് കോട്ടയത്തിൻ്റെ പടിഞ്ഞാറൻ മേഖലയീന്നാ [ വി ഡി രായപ്പൻ കോപ്പിയാന്നേ..] അതാ കുമ്പം ഇച്ചിരെ കൂടെ എളുപ്പമാന്നേ .ചരിത്രോം ഭൂമിശാസ്ത്രോം ഡീറ്റെയിലിങ്ങായി പിന്ന പറയാമല്ലോ ..

കോട്ടയത്തിൻ്റെ ഒരു ഭാഗം കൂടുതൽ വെള്ള പ്രദേശമാ അയ്മനവും ഇല്ലിക്കലും താഴത്തങ്ങാടിയും കുമരകവും കൈപ്പുഴ മുട്ടുമെല്ലാം വെള്ളത്തിൻ്റെ ഇന്ദ്രജാലത്തിൽ തുള്ളിക്കളിക്കുന്ന സ്ഥലങ്ങളാ…. ചുറ്റോടു ചുറ്റും വെള്ളമാന്നേ. അതിലാണേ നിറയെ മീനുകളും പിന്നെ കുറച്ച് പാമ്പുകളും…

read also: കോവിഡ് ബാധിതരുമായി സമ്പർക്കത്തിനിടയായിട്ടുള്ള വ്യക്തികൾക്ക് ഏർപ്പെടുത്തുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി യുഎഇ

മീനെന്നു പറഞ്ഞാ
നിറയെ മീനാന്നേയ്…
പലതരത്തിലുള്ളത് ..
തനി നാടൻ ഐറ്റംസ് മുതൽ വരത്തൻമാർ വരെ മീൻ കൂട്ടത്തിലുണ്ടേ
സോറി വരത്തൻമാർ പ്രയോഗം ശരിയല്ലാല്ലോ.. അധിനിവേശക്കാർ .അതാകുമ്പം ഇച്ചിരെ കൂടെ കറക്റ്റാകുമേ …. മീനുകൾക്കിടയിൽ അധിനിവേശക്കാരോ?
യിതെന്നാടാ ഉവ്വേ ഉത്തരാധുനികതേം ആധുനികതയുടെ ദാർശനിക പ്രബന്ധങ്ങളും ചേർത്തു കൂട്ടിക്കുഴച്ച് വെയ്ക്കുവാന്നോ ? അല്ലാന്നേ
അത് വഴിയേ പറയാം..
മീൻ പുരാണങ്ങൾ പറയാൻ കിടക്കുവാ….

മീൻ കൂട്ടങ്ങളിൽ പള്ളത്തി ,പരൽ ,പുല്ലൻ ,കുറുവ ,കരിമീൻ ,ചെമ്മീൻ ,കൊഞ്ച് ,കോലാ മീൻ ,കൂരി ,മഞ്ഞക്കൂരി,വരാൽ ,ചേറുമീൻ ,കാരി ,കല്ലട ,വാള ,മുഷി ,ആരകൻ പനയാരകൻ ,മനഞ്ഞിൽ അങ്ങിനെയങ്ങനെ അനവധി പേർ….. .. തോട്ടിലും ആറ്റിലും നീർചാലിലും ചെറുകുളങ്ങളിലുമെല്ലാം ഈ മീനുകൾ വിഹരിച്ചിരുന്നു

ഇവയിൽ ഏതു മീനിനാ ഡിമാൻ്റ് എന്ന് ചോദിച്ചാ കുഴങ്ങിയതു തന്നെ .എല്ലാറ്റിനും ഓരോ തരത്തിൽ ഡിമാൻറ് ഉണ്ടന്നേ..

നമുക്കാദ്യം പള്ളത്തീനെ പിടിച്ച് പോവാം .മീൻ കൂട്ടത്തിൽ ഇത്തിരി കുഞ്ഞൻ പള്ളത്തിയാ … പക്ഷേ ആള് ചില്ലറ കക്ഷിയല്ലാ
മിടുക്കനാ.. ബഹുമിടുക്കൻ…… കറുപ്പിലും മഞ്ഞയിലും പിന്നെ അവയുടെ സങ്കര നിറത്തിലും നിറയെ പുള്ളികളുമായി നല്ല ക്യൂട്ടായി നിൽക്കുന്ന ചെറിയ മീൻ … ചെറു കൂട്ടമായിട്ടേ ആൾ നിൽക്കു ..സിംഗിൾ ആയി നിക്കൂലാന്ന് . വലിയ പരാതിയൊന്നുമില്ലാ… വല കണ്ടാലും ചൂണ്ട കണ്ടാലും ചുമ്മാ അങ്ങ് കേറിക്കൊടുക്കും . അതിപ്പോ എഴുപതു വയസു കഴിഞ്ഞ അച്ചാച്ചനാണേലും ആറു വയസുള്ള കുട്ടിയാന്നേലും…. ഇവരിലാര് ചുണ്ടയിട്ടാലും അതിലങ്ങു കൊത്തിക്കൊടുക്കും.. അതിങ്ങനെ ചില സാദാ മീനുകളെപ്പോലെ കൊത്തി കൊത്തി ചൂണ്ടക്കാരനെ വെറുപ്പിക്കുന്ന പരിപാടിയൊന്നുമില്ലാന്നേ
ഒറ്റ കൊത്ത്…
ഒറ്റ ക്കടി …
പിന്നെന്നാ
ചൂണ്ട വലിച്ചൊരോട്ടമല്ലിയോ …
ചൂണ്ടക്കാരൻ്റെ കയിലെത്തിയാ പിന്നെ സമാധാനമായല്ലോ…
. അതിപ്പോ ചോറായാലും മൈദമാവിൻ്റെ ഉരുള ആയാലും ഉണക്ക ചെമ്മീനായാലും പള്ളത്തിയങ്ങു ചാടി കൊത്തുവല്ലോ.. കൊത്തിയാപ്പിന്നെ ചൂണ്ടക്കാരൻ്റെ കൂടിലോ ബക്കറ്റിലോ എത്തും .ചിലപ്പോ കോർമ്പലിലുമാകും..

ചില ചൂണ്ടക്കാരങ്ങനാ
ചട്ടീം കുട്ടീമൊന്നും എടുക്കുവേലാ.. മിനക്കേടാന്നേ
ചൂണ്ടയ്ക്കു പോകുമ്പോ ഇവ എന്നാത്തിനാ എടുക്കുന്നേ .പ്ലാസ്റ്റിക് നിരോധനമൊക്കെ ഉള്ള തല്ലിയോ. വേണേ ഒരു പരിസ്ഥിതി ഐക്യദാർഡ്യമായി കണ്ടാ മതി.. കോർമ്പൽ ആകുമ്പം പരിസ്ഥിതി സൗഹൃദപരമാകുമല്ലോ… പിന്നെ കോർമ്പലാണേൽ എവിടന്ന് വേണേലും ഉത്പാദിപ്പിക്കാമല്ലോ ? പോണ വഴിയിൽ നിക്കുന്ന തൈ തെങ്ങീന്നു നാലഞ്ച് ഓലക്കാലു കീറിയെടുത്തേച്ച് ഓലക്കാലു പറിച്ചു കളഞ്ഞേച്ച് ഈർക്കിൽ വൃത്തിയാക്കി തുമ്പുകൾ ചേർത്തു കെട്ടി തയ്യാറാക്കുന്ന സാധനമാണ് കോർ മ്പൽ .. മീൻ്റെ ചെകിള പൊളിച്ച് അതിലൂടെ ഈർക്കിൽ കയറ്റി വായിലൂടെ പുറത്തെടുത്താണ് കോർമ്പലിൽ അടുക്കുന്നേ.

ചില ചൂണ്ടക്കാരുടെ കോർമ്പൽ കാണാൻ തന്നെ ഭയങ്കര രസമാ….

പരലും പള്ളത്തീം കരിമീനും കോലാ മീനും കൂരിയും എല്ലാം കൂടി ചേർന്ന് ഒറ്റ കോർമ്പലിൽ…….. ഒരൊറ്റ പാക്കേജാ… കൊട്ടയിലും കൂടൂല്ല ചട്ടിയിലും കുടൂല്ല…. പല ജാതി മീനുകളെ ഒരുമിച്ച് കിട്ടിയിട്ട് എങ്ങനെ കറിവെയ്ക്കാനാ… ?
പള്ളത്തിയെ കിട്ടിയാ വറുക്കാം കറിവെക്കാം .. കൂടുതലുണ്ടേൽ ഉപ്പിലിട്ട് ഉണക്കാം …
ഉണക്കപ്പള്ളത്തി എണ്ണയിൽ വറുത്തു കോരി കൂടെ ഉണക്ക മാങ്ങാക്കറീം കൂട്ടി ചോറ് ഒരു പിടി പിടിച്ചാലേ സൂപ്പറാകുമേ….
പള്ളത്തിയാന്നേ എപ്പോ വേണേലും ചട്ടീലാകാൻ താൽപ്പര്യപ്പെട്ടു നിക്കുവാണേ
അല്ലാതെ മറ്റു ചില മീനെപ്പോലെ കുലസ്ത്രീ കുടുംബശ്രീ ശുദ്ധി വൃത്തിബോധങ്ങളൊന്നുമില്ലാന്നേ പള്ളത്തിക്ക്

.ചിലർക്കാന്നേ ഒടുക്കത്തെ ഡിമാൻ്റാ അതിനേക്കാൾ വലിയ ജാഡയാ..
ചൂണ്ടലിലെ ഇര കണ്ടാൽ പുച്ഛമാ

ഹും…

ചോറോ ?
മണ്ണിരയോ..?
എന്നാത്തിനാ
ഞങ്ങള് നോക്കൂലാന്നേ
വേണേ പോയി വല്ല കപ്പേം കൊണ്ടുവാ….. കപ്പേന്നു പറഞ്ഞാ ആമ്പക്കാടൻ ,ആനക്കൊമ്പൻ തൊടലി മുള്ളൻ ,രാമൻ കപ്പ ,വേലൻ കിഴങ്ങ് ,കാരി മുള്ളൻ ,എന്നു തുടങ്ങി യേതുമാകാമേ
ഇവയിലേതേലുമാന്നേ പരിഗണിക്കാം എന്ന മട്ടിലല്ലിയോ കരിമീൻ്റെ നിൽപ്പ് … കാര്യം ആള് സംസ്ഥാന മൽസ്യമൊക്കെയാ… ഇനി അതിൻ്റെ നെഗളിപ്പ് വല്ലോമാന്നോ ? വേവാത്ത ചോറ് , കണ്ടാൽ ലുക്കില്ലാത്ത മണ്ണിര ഇതൊക്കെയാന്നോ ഞങ്ങൾക്കു തരുന്നേയെന്ന ഭാവം കരിമീനുണ്ട്.. അതൊക്കെയങ്ങ് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള പള്ളത്തിക്കോ പരലിനോ ഒക്കെ ആവാം
ഒരു മാതിരി ശുദ്ധീം വ്യത്തീം പിടിച്ച രൂപത്തിൽ .കപ്പതരണം.. കപ്പയാന്നേൽ കാണാൻ നല്ല വെളുത്ത് സുന്ദരമായി ,നല്ല ചതുരക്കട്ട കണക്കേയാണല്ലോ ചൂണ്ടലിൽ ഇറങ്ങി ചെല്ലുന്നേ .. അപ്പോഴാന്ന് വക്കു പൊട്ടിയ ചോറും പള്ള പൊട്ടിയ മണ്ണീരേം

ഛേ…. മോശം മോശം … ഒന്നൂല്ലേലും കാണാൻ ലുക്ക് ഉള്ള മീനല്ലായോ കരിമീനേ….

സംസ്ഥാന മൽസ്യത്തോടാന്നോ കളി… നെട്ടൂരാനോടാണോടാ നിൻ്റെ കളി….

കപ്പയിട്ട് തന്നാപ്പോലും കുറേ നേരം കഴിഞ്ഞേ തിന്നാൻ നോക്കൂ.. അതു വരെ ചൂണ്ടക്കാരനെ വെറുതേ ഇരുത്തും… ബോറടിപ്പിച്ചിട്ട്..

വെറുതേ കപ്പ തീറ്റയിൽ നക്കി നക്കി …. ചൂണ്ടക്കാരനൊരു പ്രതീക്ഷ കൊടുത്ത് പൊങ്ങ് ഇടയ്ക്കൊക്കെ അനക്കിക്കൊടുത്ത് …. ഇപ്പക്കിട്ടും ഇപ്പ കിട്ടും എന്ന പ്രതീക്ഷയിൽ ചൂണ്ടക്കാരനിരിക്കുമ്പോൾ താഴെ വെള്ളത്തിൽ കപ്പത്തുണ്ടിൽ നക്കി തലോടി അതിൻ്റെ സൗന്ദര്യ ശാസ്ത്രം അന്വേഷിക്കുകയായിരിക്കും കരിമീൻ …. അല്ലേൽ ചൂണ്ടക്കൊളുത്തിൻ്റെ വളവ് എങ്ങിനെ വന്നൂന്ന് ഗവേഷണം നടത്തുകയാവും……. ഒടുക്കം പൊട്ടിയടർന്ന കപ്പത്തുണ്ടുമായി കരിമീൻ അടുത്ത ചാലുപിടിക്കുമ്പോ ചൂണ്ടക്കാരൻ ആരായി?

ആരായി…

ടെയ്ൽ എൻഡ്….
പള്ളത്തീം കരിമീനും കോട്ടയത്തിൻ്റെ കേരള കോൺഗ്രസ് രാഷ്ട്രീയ ചരിത്ര രേഖകളിലുണ്ടേ…. ഒന്നു മുങ്ങിത്തപ്പിയാ കണ്ടെത്താമേ …..

രശ്മി അനിൽ കുമാർ (തുടരും)

shortlink

Related Articles

Post Your Comments

Related Articles


Back to top button