Latest NewsIndia

പണിമുടക്ക് ദിവസം വൃദ്ധനെ ബാങ്ക് ലോക്കറിനുള്ളിൽ പൂട്ടിയിട്ട് ജീവനക്കാർ: രക്ഷപ്പെടുത്തിയത് 18 മണിക്കൂറിന് ശേഷം

ലോക്കർ മുറി തുറന്നപ്പോൾ അതിനകത്ത് തളർന്ന് കിടക്കുന്ന രീതിയിൽ റെഡ്ഡിയെ കണ്ടെത്തുകയായിരുന്നു.

ഹൈദരാബാദ്: ദേശീയ പണിമുടക്ക് മറ്റു സംസ്ഥാനങ്ങളിൽ കാര്യമായി പ്രതിഫലിച്ചില്ല. അതുകൊണ്ടു തന്നെ, സർക്കാർ സ്ഥാപനങ്ങളും മറ്റും പതിവുപോലെ തുറന്നു പ്രവർത്തിക്കുകയും ചെയ്തു. ഇതിനിടെ, ഹൈദരാബാദിൽ നിന്നുള്ള ഒരു സംഭവമാണ് ഇപ്പോൾ വലിയ വർത്തയായിരിക്കുന്നത്. പണിമുടക്ക് ദിവസം, അകത്ത് ആളുണ്ടെന്നറിയാതെ ജീവനക്കാർ ലോക്കർ പൂട്ടിപ്പോയതോടെ 85കാരനായ വി. കൃഷ്ണ റെഡ്ഡി 18 മണിക്കൂറോളമാണ് അകത്ത് പെട്ടുപോയത്. ഒടുവിൽ, പോലീസെത്തിയാണ് രക്ഷപ്പെടുത്തിയത്.

തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഹൈദരാബാദ് ജൂബിലി ഹിൽസിൽ താമസിക്കുന്ന കൃഷ്ണ റെഡ്ഡി ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ എടുക്കാനാണ് തിങ്കളാഴ്ച വൈകുന്നേരം 4.30-ഓടെ ബഞ്ചാര ഹിൽസിലെ ബാങ്കിലെത്തിയത്. പരിശോധനകൾക്ക് ശേഷം അദ്ദേഹം ലോക്കറുകളുള്ള മുറിയിലേക്ക് കടന്നു. എന്നാൽ, ബാങ്ക് അടയ്ക്കാനുള്ള സമയമായെന്ന കാര്യം അദ്ദേഹം അറിഞ്ഞിരുന്നില്ല. സുരക്ഷാ ഉദ്യോഗസ്ഥൻ മുറിക്കുള്ളിൽ ആൾ ഉണ്ടെന്ന് അറിയാതെ പുറത്ത് നിന്ന് പൂട്ടി പോവുകയായിരുന്നു.

റെഡ്ഡിയെ കാണാതായതോടെ കുടുംബം പോലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന്, പോലീസ് അന്വേഷണം ആരംഭിച്ചു. കൃഷ്ണ റെഡ്ഡി ബാങ്കിലേക്ക് പോകുന്നത് സിസിടിവി പരിശോധനയിൽ വ്യക്തമായി. എന്നാൽ, പരിശോധനയിൽ അകത്ത് കയറിയ റെഡ്ഡി തിരികെ പോയതായി കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന്, ലോക്കർ മുറി തുറന്നപ്പോൾ അതിനകത്ത് തളർന്ന് കിടക്കുന്ന രീതിയിൽ റെഡ്ഡിയെ കണ്ടെത്തുകയായിരുന്നു.

വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അദ്ദേഹം മൊബൈൽ ഫോൺ എടുത്തിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് ബാങ്ക് തുറന്ന് കൃഷ്ണ റെഡ്ഡിയെ പുറത്തെത്തിച്ചത്. ഒരു രാത്രി മുഴുവൻ അടച്ചിട്ട മുറിക്കുള്ളിൽ കഴിയുകയായിരുന്ന അദ്ദേഹത്തെ പെട്ടെന്ന് തന്നെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button