Latest NewsNewsIndia

കോടതി വിധി പാലിച്ചില്ല, ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ അധ്യാപകർ പരീക്ഷ എഴുതാൻ അനുവദിച്ചു: കൂട്ട സസ്പെൻഷനുമായി കർണാടക

ബംഗളൂരു: ഹിജാബ് നിരോധനത്തെ അനുകൂലിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി പാലിക്കാതെ, വിദ്യാർത്ഥിനികളെ ഹിജാബ് ധരിച്ച് കൊണ്ട് പരീക്ഷയെഴുതാൻ അനുവദിച്ച അധ്യാപകരെ കൂട്ടമായി സസ്‌പെൻഡ് ചെയ്ത് കർണാടക. ഹൈക്കോടതി വിധി തെറ്റിച്ച ഏഴോളം അധ്യാപകരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് ആണ് അധ്യാപകരെ സസ്‌പെൻഡ് ചെയ്ത വിവരം അറിയിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവിനെ ഹൈക്കോടതി അനുകൂലിച്ചിരുന്നു. ഈ വിധി നിലനിൽക്കെയാണ്, അധ്യാപകർ കുട്ടികളെ പരീക്ഷയ്ക്ക് ഹിജാബ് ധരിച്ച് കൊണ്ട് കയറാൻ അനുവദിച്ചത്.

‘ഹൈക്കോടതിയുടെ നിയമവും ചട്ടവും അനുസരിച്ചാണ് സർക്കാർ നിർദ്ദേശം നൽകിയത്. സ്‌കൂളുകളിൽ ഹിജാബ് വേണ്ട എന്ന് ഹൈക്കോടതി വിധി ഉള്ളതാണ്. കുട്ടികൾക്ക് മാത്രമല്ല, അധ്യാപികമാർക്കും അത് ബാധകമാണ്. ഹൈക്കോടതി വിധി എല്ലാ സർക്കാർ ജീവനക്കാരും പാലിക്കണം. പാലിച്ചില്ലെങ്കിൽ, ഇത്തരക്കാർക്കെതിരെ തീർച്ചയായും നടപടികളുണ്ടാകും. നിർദ്ദേശങ്ങൾ എന്തുകൊണ്ട് പാലിച്ചില്ല എന്നത് സംബംന്ധിച്ച് കൃത്യമായ വിശദീകരണം നൽകിയില്ലെങ്കിൽ, അവർക്കെതിരെ നടപടിയുണ്ടാകും. ഈ അധ്യാപകർ നിർദ്ദേശങ്ങളോ ഹൈക്കോടതി വിധിയോ പാലിച്ചില്ല. അതിനാലാണ് അവരെ താൽക്കാലികമായി സസ്‌പെൻഡ് ചെയ്തിരിക്കുന്നത്’, വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Also Read:ഇങ്ങനെ വേണം പെൺകുട്ടികളായാൽ, ആരതി ഒരു’ത്തീ’ ആണെന്ന് നവ്യ നായർ

നിരവധി വിദ്യാർത്ഥിനികൾക്ക് ഹിജാബ് ധരിച്ച് കൊണ്ട് പരീക്ഷയെഴുതാൻ കഴിയാതെ തിരിച്ച് പോകേണ്ട സാഹചര്യമുള്ളപ്പോഴാണ്, ചിലയിടങ്ങളിൽ അധ്യാപകർ മുസ്ലിം വിദ്യാർഥിനികൾക്ക് ഹിജാബ് ധരിച്ച് കൊണ്ട് പരീക്ഷയെഴുതാൻ അനുവാദം കൊടുത്തത്. ഈ സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ. കലബുർഗി ജില്ലയിലെ ജെവർഗിയിൽ, വിദ്യാർത്ഥിനികളെ ഹിജാബ് ധരിക്കാൻ അനുവദിച്ചതിന് മുഹമ്മദ് അലി എന്ന ഉറുദു സ്കൂൾ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു.

‘ഹിജാബ് അനുവദിക്കുന്ന ചില സ്കൂളുകളുണ്ട്. എന്നാൽ, ഇപ്പോൾ ഇവർ വീഡിയോകൾ പകർത്തുകയും നടപടി ആവശ്യപ്പെടുകയും ചെയ്യുന്നു. വിദ്യാർത്ഥികളുടെ താൽപ്പര്യാർത്ഥം ഹിജാബ് അനുവദിച്ച അധ്യാപകർ പോലും പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു’, വിദ്യാഭ്യാസ വൃത്തം അറിയിച്ചു. കലബുറഗി ജില്ലയിലാണ് ഏറ്റവും അധികം വിദ്യാർത്ഥികൾ പരീക്ഷയെഴുതാതിരുന്നത്.

Also Read:‘ഹിജാബ് അവരുടെ ചോയ്‌സ് ആണ്, അവരെ ജീവിക്കാന്‍ അനുവദിക്കൂ’: മിസ് യൂനിവേഴ്‌സ് ഹര്‍നാസ് സന്ധു

അതേസമയം, പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാണെന്ന്, മാർച്ച് 25 ന് പുറത്തിറക്കിയ സർക്കുലറിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾ സംസ്ഥാന സർക്കാർ നിർദേശിക്കുന്ന യൂണിഫോമിൽ തന്നെ പരീക്ഷ എഴുതണമെന്നായിരുന്നു, വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ നിർദ്ദേശിച്ചിരുന്നത്. സ്വകാര്യ (എയ്ഡഡ്, അൺ എയ്ഡഡ്) സ്കൂളുകളുടെ കാര്യത്തിൽ, വിദ്യാർത്ഥികൾ അതത് സ്കൂൾ മാനേജ്മെന്റ് നിർദ്ദേശിക്കുന്ന യൂണിഫോം ധരിക്കണമെന്നും സർക്കുലറിൽ നിർദ്ദേശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button