KeralaLatest News

നീന പ്രസാദിന്റെ മോഹിനിയാട്ട വിവാദം: മുദ്രാവാക്യങ്ങള്‍ വേദനിപ്പിച്ചു, അഭിഭാഷകരുടെ സമരത്തെ വിമർശിച്ച് ജഡ്ജി കലാം പാഷ

ജില്ലാ ജഡ്ജി കലാം പാഷയുടെ നിർദ്ദേശമനുസരിച്ചാണ് നൃത്തം തടഞ്ഞതെന്ന ആരോപണവുമായി നീന ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു.

പാലക്കാട്: ഡോ. നീന പ്രസാദിന്റെ മോഹിനിയാട്ടം തടസപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് കോടതിയിലെ അഭിഭാഷകരുടെ സമരത്തെ വിമർശിച്ച് പാലക്കാട് ജഡ്ജി കലാം പാഷ. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് കോടതി വളപ്പിൽ നടന്നത്. വേദനിപ്പിക്കുന്ന മുദ്രാവാക്യങ്ങളുമായാണ് അഭിഭാഷകർ തനിക്കെതിരെ പ്രകടനം നടത്തിയത്. താൻ സകല കലകളെയും ബഹുമാനിക്കുന്ന ആളാണ്. അടിസ്ഥാനമില്ലാത്ത കാര്യത്തിനായിരുന്നു കോടതി വളപ്പിലും പുറത്തുമുള്ള പ്രതിഷേധം.

അഭിഭാഷകർ സ്വയം ആത്മ പരിശോധന നടത്തണമെന്നും കലാം പാഷ പറഞ്ഞു. നിയമ വിദ്യാർഥികൾക്കായി ബാർ കൗൺസിൽ സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നിയമപ്രകാരം കളക്ടറെയും എസ്പിയെയും ഉപയോഗിച്ച് കോടതിയിലെ സമരത്തിനെതിരെ നടപടി എടുപ്പിക്കാമായിരുന്നു. അങ്ങനെ ചെയ്തിരുന്നാൽ ഏറ്റവും വേദനിക്കുന്നത് ഞാനായിരുന്നു’- കലാം പാഷ പറഞ്ഞു.

പ്രശസ്ത നർത്തകി ഡോ. നീന പ്രസാദിന്റെ നൃത്തം തടഞ്ഞതിനെതിരെ പാലക്കാട് കോടതിക്ക് മുന്നിൽ, ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പാലക്കാട് ഗവ.മോയൻ എൽ.പി.സ്‌കൂളിൽ നടന്ന നൃത്ത പരിപാടിയാണ് വിവാദമായത്. ജില്ലാ ജഡ്ജി കലാം പാഷയുടെ നിർദ്ദേശമനുസരിച്ചാണ് നൃത്തം തടഞ്ഞതെന്ന ആരോപണവുമായി നീന ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. നടപടി ജനാധിപത്യ വിരുദ്ധമാണെന്നായിരുന്നു അഭിഭാഷകരുടെ ആരോപണം.

പിന്നാലെ, നൃത്തം തടസപ്പെടുത്തിയ സംഭവത്തിൽ പങ്കില്ലെന്ന് പറഞ്ഞ് കലാം പാഷ രംഗത്തുവന്നു. ബാർ അസോസിയേഷന് അയച്ച കത്തിലാണ് ജഡ്ജി ഇക്കാര്യം വ്യക്തമാക്കിയത്. ‘തന്റെ ജീവനക്കാരൻ പാട്ടിന്റെ ശബ്ദം കുറയ്ക്കാൻ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടിരുന്നു. മതപരമായ കാരണങ്ങളാലാണ്, നൃത്തം തടസ്സപ്പെടുത്തിയതെന്ന അടിസ്ഥാന രഹിതമായ ആരോപണം വല്ലാതെ വേദനിപ്പിക്കുന്നതാണ്.’

‘ആറു വർഷം കർണാടക സംഗീതം അഭ്യസിച്ചിട്ടുള്ളയാളാണ് ഞാൻ. ഭരതനാട്യത്തിൽ അരങ്ങേറ്റവും നടത്തിയിട്ടുണ്ട്. കോടതി വളപ്പിലെ പ്രതിഷേധം ശരിയായ നടപടിയല്ല.’ കോടതിയിലെ അഭിഭാഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് വലിയ വിമർശനമാണ് അദ്ദേഹം കത്തിൽ ഉന്നയിക്കുന്നത്.

shortlink

Post Your Comments


Back to top button