ArticleLatest News

900-ലധികം അണുപരീക്ഷണങ്ങൾ : അമേരിക്കൻ മണ്ണിന്റെ യഥാർത്ഥ അവകാശികളെ ചുട്ടുകൊല്ലുന്ന യു.എസ് ഭരണകൂടം

ഒരു യഥാർത്ഥ രാജ്യസ്നേഹിയുടെ കടമ, തന്റെ രാജ്യത്തെ അവിടത്തെ ഭരണകൂടത്തിൽ നിന്നും സംരക്ഷിക്കുക എന്നതാണെന്ന് അമേരിക്കൻ തത്വചിന്തകനും രാഷ്ട്രീയപ്രവർത്തകനുമായിരുന്ന തോമസ് പെയിൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അതൊരു നടുക്കുന്ന സത്യമാണ്. കാരണം, ഒരു രാഷ്ട്രത്തിലെ ജനങ്ങളെ അടിച്ചമർത്താനും വേരോടെ നശിപ്പിക്കാനും അവിടത്തെ ഭരണകൂടത്തിന് കഴിയുന്നത് പോലെ ശത്രുകൾക്കു പോലും സാധിക്കുകയില്ല. ഇതിന്റെ ഉത്തമ ഉദാഹരണമാണ് യു.എസ്. ആഗോള പ്രഖ്യാപനങ്ങളിലും മുഖപ്രസംഗങ്ങളിലും മാനവികതയും ജനാധിപത്യവും നിറഞ്ഞു തുളുമ്പുമെങ്കിലും, ഭൂമിയിലെ ഏറ്റവും നികൃഷ്ടരായ ഭരണകൂടം അമേരിക്കയുടേതാണ്.

 

റഷ്യ-ഉക്രൈൻ യുദ്ധത്തിൽ, റഷ്യ അണുബോംബ് പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്ന് അവർ തന്നെ ചമച്ച ഭാഷ്യങ്ങളുടെ പേരിൽ നടന്ന അമേരിക്കൻ രാഷ്ട്രീയക്കാരുടെ പ്രകടനത്തിന് രണ്ട് ഓസ്കാർ വീതമെങ്കിലും കൊടുക്കേണ്ടതാണ്. അമേരിക്ക നടത്തിയത്ര ബോംബിങ്ങ്, ലോകത്ത് വേറെയാരും ചെയ്തിട്ടില്ല എന്നൊരു പ്രഖ്യാപനമാണ് ഇതിനു മറുപടിയായി ക്രെംലിൻ നടത്തിയത്.

ലോകം മുഴുവനും അമേരിക്കയുടെ എല്ലിൻ കഷണങ്ങൾ ഭക്ഷിക്കുന്ന മാധ്യമങ്ങൾ, അവരുടെ നേട്ടങ്ങൾ മാത്രം ഉയർത്തിപ്പിടിച്ച് ആ രാഷ്ട്രത്തെ പ്രശംസിക്കുമ്പോൾ, ആ പ്രശംസകൾക്കിടയിൽപ്പെട്ട് വീർപ്പുമുട്ടുന്ന ഒരു ജനത ഇപ്പോഴും ജീവിക്കുന്നുണ്ട് അമേരിക്കയിൽ. രാജ്യത്തിന്റെ ചില ‘നേട്ടങ്ങൾക്ക്‌’ സ്വന്തം ജീവൻ വിലയായി നൽകേണ്ടി വന്ന ഒരു കൂട്ടം ആളുകൾ. ഭൂമിയിലെ തന്നെ ഏറ്റവും അണുബോംബിട്ട രാഷ്ട്രം എന്ന നിസ്സഹായതയുടെ ലോകറെക്കോർഡും പേറി ജീവിക്കുന്ന, അമേരിക്കൻ മണ്ണിന്റെ യഥാർത്ഥ അവകാശികളായ, ഷോഷോണിയെന്ന അമേരിക്കൻ ഗോത്രവർഗ്ഗക്കാരാണ് ആ ഭാഗ്യഹീനർ. അമേരിക്കയുടെ അവകാശികളും തനത് വംശജരുമായവരെ യു.എസ് ഭരണകൂടം ആസൂത്രിതമായ വംശഹത്യയിലൂടെ തുടച്ചുനീക്കാൻ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. എങ്കിലും, ഒരുവിധം പിടിച്ചു നിൽക്കുന്ന, ബാക്കിവന്ന തദ്ദേശീയരിൽ ഒരു കൂട്ടരാണ് ഷോഷോണികൾ. ഷോഷോണികളുടെ ഭൂമി ഇന്ന് യുഎസ് ഭരണകൂടം ഒരു ആണവ പരീക്ഷണ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. കേൾക്കുമ്പോൾ വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടുള്ള ഒരു സത്യമാണത്. കാരണം അന്താരാഷ്ട്ര മാധ്യമങ്ങളൊന്നും ഈ കഥകൾ യുഎസിന്റെ അപ്രീതി ഭയന്ന് ചർച്ച ചെയ്യാറില്ല. ഇന്ന് ഷൊഷോൺ ജനത രോഗങ്ങളാൽ ബുദ്ധിമുട്ടുകയാണ്. അമേരിക്കൻ ഭരണകൂടം നടത്തുന്ന അണുപരീക്ഷണങ്ങളുടെ വികിരണങ്ങളേറ്റ് പതിറ്റാണ്ടുകളായി സങ്കൽപ്പിക്കാനാവാത്ത ഭീകരതകൾക്ക് വിധേയരാകേണ്ടി വന്നിട്ടുള്ള തദ്ദേശീയരായ അമേരിക്കക്കാരാണ് ഷോഷോണികൾ.

കിഴക്കൻ കാലിഫോർണിയയിലുള്ള മൊജാവേ മരുഭൂമിയിലെ ഡെത്ത് വാലി മുതൽ വ്യോമിംഗിലെ യെല്ലോസ്റ്റോൺ പാർക്ക് വരെയാണ്‌ ഷോഷോണികളുടെ ഭൂമി വ്യാപിച്ചു കിടക്കുന്നത്. 25,000 മുതൽ 30,000 വരെ ഷോഷോൺ വംശജർ ഇവിടെയുണ്ട്. റഷ്യ-യുഎസ് മത്സരത്തിന്റെ ആരംഭഘട്ടത്തിൽ, ആണവായുധത്തിൽ മേൽക്കൈ നേടിയത് അമേരിക്കയാണ്. പിന്നീടത് നിലനിർത്താൻ, അതിശക്തമായ അണുപരീക്ഷണങ്ങൾ നടത്തേണ്ടത് അനിവാര്യമായി വന്നു. ജനശ്രദ്ധ പതിയാത്ത സ്ഥലം ഇത്തരം പരീക്ഷണങ്ങൾക്ക് അത്യന്താപേക്ഷിതമായിരുന്നു. സമാധാനമായി വസിച്ചിരുന്ന ഷോഷോണികളുടെ മനോഹര ഭൂമിയിലാണ് യു.എസ് ഭരണകൂടത്തിന്റെ കഴുകൻ കണ്ണുകൾ പതിഞ്ഞത്.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, നാസികളിലെ മിടുക്കരായ ജർമൻ ശാസ്ത്രജ്ഞൻ, എൻജിനീയർമാർ, ടെക്നീഷ്യന്മാർ എന്നിവരെയെല്ലാം ജർമനിയിൽ നിന്നും യു.എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പൊക്കിയിരുന്നു. സോവിയറ്റ് യൂണിയനുമായി നടന്നിരുന്ന ശീതയുദ്ധത്തിന്റെ സമയമായിരുന്നതിനാൽ, ബൗദ്ധിക, സാങ്കേതിക മേൽകോയ്മ നേടേണ്ടത് യു.എസിന് അനിവാര്യമായിരുന്നു. ഇതിനു വേണ്ടി നടന്ന പേപ്പർ ക്ലിപ്പ് എന്ന രഹസ്യ ഓപ്പറേഷന്റെ ഭാഗമായാണ് മിടുക്കന്മാരായ ഈ തലകളെ യുഎസ് ആരുമറിയാതെ കടത്തിക്കൊണ്ടു വന്നത്.

1951-ൽ അമേരിക്ക പടിഞ്ഞാറൻ ഷോഷോൺ പ്രദേശത്ത് ആണവായുധങ്ങളുടെ പരീക്ഷണം ആരംഭിച്ചു. ഇപ്പോൾ നെവാഡ നാഷണൽ സെക്യൂരിറ്റി സൈറ്റ് എന്നറിയപ്പെടുന്ന അന്നത്തെ നെവാഡ പ്രൂവിംഗ് ഗ്രൗണ്ട്സിലായിരുന്നു അമേരിക്കയുടെ ആണവായുധ പരീക്ഷണം. അവിടെ വസിച്ചിരുന്ന ഗോത്രവർഗക്കാരുടെ ജീവന് പുല്ലുവില നൽകിക്കൊണ്ടാണ് അന്ന് അമേരിക്ക അത്തരത്തിലൊരു തീരുമാനം എടുത്തത്.
ഈ മണ്ണിൽ ആദ്യ അണുബോംബ് വീണത് 1951 ജനുവരി 27നായിരുന്നു. പിന്നീട്, ദശാബ്ദങ്ങളോളം അവിടം അക്ഷരാർത്ഥത്തിൽ, ഭൂമിയിലെ നരകമാക്കി മാറ്റുകയായിരുന്നു അമേരിക്ക.
ഇന്ന്, ഭൂമിയിൽ ഏറ്റവും കൂടുതൽ അണുബോംബ് സ്ഫോടനം നടന്നിട്ടുള്ള ദേശമാണ് ഷോഷോൺ. കഴിഞ്ഞ 40 വർഷത്തിനിടയിൽ, അവിടെ 928 ആണവായുധ പരീക്ഷണങ്ങളാണ് ഭരണകൂടം നടത്തിയത്. ഇതിൽ 100 അണുബോംബുകൾ അന്തരീക്ഷത്തിലും 800-ലധികം ഭൂമിക്കടിയിലുമാണ്‌ പരീക്ഷിച്ചത്.

 

അണുബോംബുകൾ ഒരിക്കലും ക്ഷമിക്കാൻ കഴിയാത്ത ദുരന്തമാണ് മനുഷ്യരാശിയോട് ചെയ്യുക. ഓരോ അണുസ്ഫോടനം നടക്കുമ്പോഴും അന്തരീക്ഷത്തിൽ കിലോമീറ്ററുകളോളം ദൂരത്തിൽ നിക്ഷേപിക്കപ്പെടുന്ന ആണവ മാലിന്യങ്ങൾ, അഥവാ ന്യൂക്ലിയർ ഫാൾഔട്ട്, വരാൻ പോകുന്ന ഇളംതലമുറകളുടെ ആയുസ്സ് കൂടിയാണ് കരിച്ചു കളയുന്നത്.

620 കിലോ ടൺ ന്യൂക്ലിയർ ഫാൾഔട്ട്‌ ആണ്‌ ഉണ്ടായത് എന്ന് 2009 ലെ കണക്കുകൾ വിശദമാക്കുന്നു. 1945-ൽ ഹിരോഷിമയിൽ ബോംബാക്രമണം നടന്നപ്പോൾ 13 കിലോ ടൺ ന്യൂക്ലിയർ ഫാൾഔട്ട്‌ ആണ്‌ ഉണ്ടായത്. രണ്ടും വെച്ച് താരതമ്യം ചെയ്യുമ്പോൾ ഷോഷോണികളുടെ നാടിന്റെ ഭയാനകമായ ഇപ്പോഴത്തെ അവസ്ഥ ആർക്കും ഊഹിക്കാവുന്നതേ ഉള്ളൂ. ഈ ന്യൂകിയർ ഫാൾഔട്ട് അവിടുത്തെ ജനങ്ങളിൽ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ അതിഭീകരമാണ്.

1863-ലാണ് ഭൂമിയുടെ മേൽ അമേരിക്കയ്ക്ക് ചില അവകാശങ്ങൾ നൽകുന്ന റൂബി വാലി ഉടമ്പടിയിൽ ഷോഷോണികൾ ഒപ്പ് വെച്ചത്. അമേരിക്ക തങ്ങളുടെ ഭീകരത ആരംഭിച്ചതും അതിന് ശേഷമാണ്‌. ഗോത്രക്കാർ പറയുന്നതനുസരിച്ച്, വാഷിംഗ്ടണിലെ ടെസ്റ്റിംഗ് പ്രോഗ്രാം ആയിരക്കണക്കിന് ആളുകളെയാണ്‌ കൊന്നൊടുക്കിയത്. മാത്രമല്ല, പല തരം ക്യാൻസറുകളും രോഗങ്ങളും അതിന് ശേഷം ആ നാടിനെ വിഴുങ്ങി. ആണവ പരീക്ഷണങ്ങൾ നടത്തിയതിനെ തുടർന്ന് ഉണ്ടായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ഇതുവരെ അമേരിക്ക മെനക്കെട്ടിട്ടില്ല. ആ ഭൂമിയിൽ ജീവിക്കുന്നത് മജ്ജയും മാംസവുമുള്ള മനുഷ്യരാണ്‌ എന്ന് അംഗീകരിക്കാൻ പോലും അമേരിക്ക തയ്യാറായിട്ടില്ല എന്നതാണ് ഇതിന്റെയെല്ലാം അർത്ഥം. ഏത് തരത്തിലുള്ള അസുഖങ്ങളാണ് പടർന്ന് പിടിക്കുന്നത് എന്ന് കണ്ടെത്താൻ ഷോഷോണിയിൽ ആധുനിക മെഡിക്കൽ ഉപകരണങ്ങൾ ഒന്നും തന്നെയില്ല. അത് കൊണ്ട് തന്നെ, സംശയാസ്പദമായ രീതിയിൽ ആരെങ്കിലും മരണപ്പെട്ടാൽ അത്തരത്തിലുള്ള മരണങ്ങൾ എവിടെയും രേഖപ്പെടുത്താറുമില്ല. ഏറ്റവും മികച്ച വികസിത രാജ്യമെന്ന് സ്വയം പ്രഖ്യാപിക്കുന്ന അമേരിക്കയിലാണ് ഇതെല്ലാം നടക്കുന്നത് എന്ന് ഓർക്കണം.

1962 മുതൽ ഭൂമിക്കടിയിലാണ് ആണവ പരീക്ഷണങ്ങൾ നടന്നിരുന്നതെങ്കിലും, അതും സുരക്ഷിതമായിരുന്നില്ല. ആ പരീക്ഷണത്തിലൂടെ പുറന്തള്ളപ്പെട്ട ന്യൂകിയർ ഫാൾഔട്ട് എവിടേക്കാണ് പോയത് എന്ന് കണ്ടെത്താൻ ആരും മെനക്കെട്ടില്ല എന്നതാണ് സത്യം. ഭൂഗർഭ പരീക്ഷണങ്ങളാണ് നടക്കുന്നത് എങ്കിലും, അതും അന്തരീക്ഷത്തിൽ പരീക്ഷണം നടത്തുന്നത് പോലെ വിനാശകരമാണെന്ന് തെളിയിക്കപ്പെട്ടത് മൈറ്റി ഓക്ക് എന്ന അണുപരീക്ഷണത്തിൽ നടന്ന പാളിച്ചകൾ പുറംലോകം അറിഞ്ഞതിനു ശേഷമാണ്.

ആണവ പരീക്ഷണം നടത്തിയിട്ടുള്ള ഒരേയൊരു രാജ്യം യുഎസ് മാത്രമല്ല. യുണൈറ്റഡ് കിംഗ്ഡം 24 തവണ ആണവ പരീക്ഷണം നടത്താൻ വെസ്റ്റേൺ ഷോഷോൺ ഭൂമി ഉപയോഗിച്ചിട്ടുണ്ട്. 1960 മുതൽ 1996 വരെ അൾജീരിയയിലും ദക്ഷിണ പസഫിക്കിലുമായി ഫ്രാൻസും 210 ആണവ പരീക്ഷണങ്ങൾ പൂർത്തിയാക്കിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം, സോവിയറ്റ് യൂണിയൻ ആണവ പരീക്ഷണങ്ങൾ നടത്താൻ 1989 വരെ കസാക്കിസ്ഥാനിലെ സെമിപലാറ്റിൻസ്ക് സൈറ്റാണ്‌ ഉപയോഗിച്ചിരുന്നത്.

ഇന്നും ഷോഷോൺ ലാൻഡിൽ ധാരാളം രഹസ്യ പ്രവർത്തനങ്ങൾ തുടരുന്നുണ്ട്. 1987-ൽ ആദ്യം ആസൂത്രണം ചെയ്തതും പിന്നീട് ഒബാമ ഭരണകൂടം അംഗീകരിച്ചതുമായ യുക്ക മൗണ്ടൻ ആണവ മാലിന്യ സംഭരണിയുടെ തർക്കവിഷയവും ഒരിക്കൽ ഷോഷോണിയിൽ നിലനിന്നിരുന്നു. ഉയർന്ന തലത്തിലുള്ള റേഡിയോ ആക്ടീവ് മാലിന്യങ്ങൾ സംഭരിക്കാനുള്ളതായിരുന്നു യുക്ക മൗണ്ടൻ ആണവ മാലിന്യ സംഭരണി. ഒന്ന് വിശദമായി അന്വേഷിച്ചാൽ ആ ജനത നേരിടുന്ന നിരവധി പ്രശ്നങ്ങൾ കണ്ടെത്താൻ സാധിക്കുമെന്നത് ഉറപ്പാണ്.

സ്വന്തം മണ്ണിന്റെ അവകാശികളല്ലാതായിത്തീരുക, ഭരണകൂടത്തിന്റെ കൈകളാൽ തന്നെ എരിഞ്ഞടങ്ങുക എന്നതിനേക്കാൾ വലിയ ദുരന്തമൊന്നും ഇനി ഷോഷോണികളെ കാത്തിരിക്കാനില്ല. ഒരു നാടിനെയും അവിടെ വസിക്കുന്നവരെയും എത്ര ക്രൂരമായി ഉന്മൂലനം ചെയ്യാമെന്നാണ് ഇപ്പോൾ അമേരിക്ക കാണിച്ചു തന്നിരിക്കുന്നത്. സംരക്ഷിക്കേണ്ട കൈകൾ തന്നെ നശിപ്പിക്കാനൊരുങ്ങുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ഇന്ന് ഷോഷോൺ ഗോത്ര സമൂഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button