Latest NewsNewsIndiaInternational

‘ചൗക്കിദാര്‍ ചോര്‍ ഹേ’: ഇമ്രാൻ ഖാന്റെ പടിയിറക്കത്തിന് പിന്നാലെ പാകിസ്ഥാനിലെ റാലിയില്‍ രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യം

ഇസ്‌ലമാബാദ്: പ്രധാനമന്ത്രി പദവി നഷ്ടപ്പെട്ട് പടിയിറങ്ങുന്ന ഇമ്രാൻ ഖാനെ പിന്തുണച്ചും സൈന്യത്തെ പരിഹസിച്ചും ജനക്കൂട്ടം. ‘ചൗക്കിദാര്‍ ചോര്‍ ഹേ’ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന മുദ്രാവാക്യം വിളിച്ചാണ് ജനക്കൂട്ടം പാകിസ്ഥാൻ സൈന്യത്തോടുള്ള തങ്ങളുടെ എതിർപ്പ് പ്രകടമാക്കിയത്. ഇമ്രാന്‍ ഖാനെ അനുകൂലിച്ച് നടത്തിയ റാലിയിലാണ് ജനങ്ങൾ പാക്കിസ്ഥാന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചത്.

‘ചൗക്കിദാര്‍ ചോര്‍ ഹേ’ എന്ന മുദ്രാവാക്യം ഇതിനു മുൻപ് ഇന്ത്യക്കാർ കേട്ടിട്ടുണ്ട്. റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ മുദ്രാവാക്യമായിരുന്നു ഇത്. ‘കാവല്‍ക്കാരന്‍ കള്ളനാണ്’ എന്ന രാഹുൽ ഗാന്ധിയുടെ മുദ്രാവാക്യം അന്ന് ഏറെ വിവാദമായിരുന്നു. ഇതേ മുദ്രാവാക്യമാണ് ഇമ്രാൻ അനുകൂലികൾ പാക് സൈന്യത്തിനെതിരെ പ്രയോഗിക്കുന്നത്.

Also Read:‘പേരിൽ ഗാന്ധി ഉണ്ടായാൽ മാത്രം പോരാ’: രാഹുലിനും കോൺഗ്രസിനും രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത

പഞ്ചാബ് പ്രവശ്യയിലെ ലാല്‍ ഹവേലിയില്‍ തടിച്ചുകൂടിയ ജനക്കൂട്ടം ഇമ്രാനെ ‘ജന നേതാവ്’ എന്ന് വിളിച്ചു. പാകിസ്ഥാൻ സൈന്യം, ഇമ്രാന്‍ ഖാന്റെ സ്ഥാനം തട്ടിയെടുത്തു എന്ന ആരോപണമാണ് ജനക്കൂട്ടം ഉയർത്തിയത്. മുന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് മുദ്രാവാക്യം വിളിക്കുന്നതില്‍ നിന്നും ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. തങ്ങൾ സമാധാനത്തോടെ പ്രതിഷേധം അറിയിക്കുമെന്നും, അക്രമാസക്തരാകില്ലെന്നും ജനക്കൂട്ടം അദ്ദേഹത്തെ അറിയിച്ചു.

അതേസമയം, ക്രിക്കറ്റിൽ കളിക്കുന്നത് പോലെ അവസാന പന്ത് വരെ താൻ പോരാടുമെന്ന് രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ചത് മുതൽ ഇമ്രാൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ശനിയാഴ്ച അർധരാത്രി കഴിഞ്ഞും നീണ്ട രാഷ്ട്രീയ നാടകത്തിനൊടുവിൽ നടന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ഇമ്രാൻ ഖാൻ പുറത്താവുകയായിരുന്നു. 342 അംഗങ്ങളുള്ള പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയില്‍ ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ 172 അംഗങ്ങളുടെ പിന്തുണയായിരുന്നു വേണ്ടത്. എന്നാല്‍, പ്രതിപക്ഷത്തിന് 174 അംഗങ്ങളുടെ പിന്തുണ ലഭിച്ചു. ഇതോടെ, പാകിസ്ഥാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 95 പ്രകാരം ഇമ്രാൻ ഖാൻ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്താവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button