ThrissurLatest NewsKeralaNewsEntertainment

തൃശ്ശൂർ പൂര പ്രദർശനത്തിൽ തുടർച്ചയായി ജി.എസ്‌.ടി. റെയ്‌ഡ്: അടിയന്തര യോഗം ചേർന്ന് ദേവസ്വങ്ങൾ

 

തൃശൂര്‍:പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ പൂരത്തിനു മുന്നോടിയായുള്ള ഉന്നതതല പോലീസ് ആലോചന യോഗം ബഹിഷ്‌ക്കരിച്ചു. പൂരം പ്രദര്‍ശനത്തില്‍ തുടര്‍ച്ചയായി ജി.എസ്.ടി. റെയ്ഡ് നടത്തിയതിനെത്തുടര്‍ന്നാണ് യോഗം ബഹിഷ്‌കരിച്ചത്. ദേവസ്വങ്ങള്‍ അടിയന്തര യോഗം ചേര്‍ന്നു. ജി.എസ്.ടിയുടെ പേരില്‍ പൂരം കച്ചവടക്കാര്‍ക്ക് തുടര്‍ച്ചയായി വലിയ പിഴ ചുമത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ദേവസ്വങ്ങള്‍ വ്യക്തമാക്കി. പ്രദര്‍ശനത്തിലെ ലാഭംകൊണ്ടാണു പൂരം നടത്തുന്നത്. ഈ സമയത്തുള്ള വേട്ടയാടല്‍ അംഗീകരിക്കാനാകില്ല. പൂരം നടത്തേണ്ടതു തങ്ങളുടെ മാത്രം ബാധ്യതയല്ലെന്നും ദേവസ്വങ്ങള്‍ ചൂണ്ടിക്കാട്ടി.

രണ്ടു ദിവസമായി കലക്ടര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും ആരോപണമുണ്ട്. ബാരിക്കേഡുകള്‍ ഉണ്ടാക്കേണ്ട ബാധ്യതപോലും ദേവസ്വം വഹിക്കണമെന്നാണു പറയുന്നത്. ക്ഷേത്രത്തിലെ നടവരവുപോലും വളരെ കുറഞ്ഞിരിക്കുന്നതോടെ പ്രയാസമാണെന്നറിയിച്ചപ്പോള്‍, കലക്ടര്‍ എന്നാല്‍ പൂരം വേണ്ടെന്ന നിലപാടു വരെ സ്വീകരിച്ചു. ഇങ്ങനെ അവഗണന സഹിച്ചുകൊണ്ടു ഇപ്പോഴത്തെ സാഹചര്യത്തില്‍ മുന്നോട്ടു പോകാനാകില്ല.

സര്‍ക്കാര്‍ സ്വീകരിച്ച ക്രിയാത്മക നിലപാട് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ഇതുവരെ ഒരു യോഗത്തിനു പോലും കലക്ടര്‍ സ്ഥലം എംഎല്‍എ പി.ബാലചന്ദ്രനെ വിളിച്ചിട്ടില്ലെന്ന് ദേവസ്വങ്ങള്‍ ചൂണ്ടിക്കാട്ടി. പൂരത്തേക്കുറിച്ചു ഒന്നുമറിയാത്തവര്‍ എടുക്കുന്ന തീരുമാനം അടിച്ചേല്‍പ്പിക്കാനാണു നോക്കുന്നത്. യോഗത്തില്‍നിന്നു വിട്ടുനില്‍ക്കുന്നതു പോലീസുമായുള്ള പ്രശ്‌നം കൊണ്ടല്ല. പോലീസുമായി മികച്ച സഹകരണമാണു തുടരുന്നതെന്നും ദേവസ്വങ്ങള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button