KeralaLatest NewsNews

ഓപ്പറേഷൻ മത്സ്യ: വീണ്ടും ‘കേടായ’ മത്സ്യം, പരിശോധന ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷൻ മത്സ്യയിലൂടെ വീണ്ടും പഴകിയ മത്സ്യം പിടികൂടി. 1706.88 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം പരിശോധനയിൽ പിടിച്ചെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അ‌റിയിച്ചു. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി, പ്രധാന ചെക്ക് പോസ്റ്റുകൾ, ഹാർബറുകൾ മത്സ്യ വിതരണ കേന്ദ്രങ്ങൾ ഉൾപ്പെടെ 1070 പരിശോധനകളാണ് നടത്തിയത്. ഈ കേന്ദ്രങ്ങളിൽ നിന്നും ശേഖരിച്ച 809 സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചു. ഇതോടെ, ഈ കാലയളവിൽ 3631.88 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യമാണ് നശിപ്പിച്ചതെന്ന് വീണാ ജോർജ് വ്യക്തമാക്കി.

റാപ്പിഡ് ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തിയ 579 പരിശോധനയിൽ ആലുവ, തൊടുപുഴ, നെടുംങ്കണ്ടം, മലപ്പുറം എന്നിവിടങ്ങളിലെ 9 സാമ്പിളുകളിൽ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ഈ മത്സ്യം നശിപ്പിക്കുകയും കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിച്ചു വരികയും ചെയ്യുന്നുവെന്നും മന്ത്രി വ്യക്തമാക്കി. പരിശോധനയിൽ നൂനത കണ്ടെത്തിയ 53 പേർക്ക് നോട്ടീസുകൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ചെക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കുന്നതാണ്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷാ ഓഫീസർമാരടങ്ങുന്ന സ്പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ച് രാത്രിയും പകലുമായി പരിശോധനകൾ തുടരുകയാണ്.

മീനിൽ രാസവസ്തുക്കളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പുവരുത്തുവാനായി കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെകനോളജി വികസിപ്പിച്ചെടുത്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ചാണ് അമോണിയയുടെയും ഫോർമാലിന്റെയും സാന്നിദ്ധ്യം ഉണ്ടോ എന്ന് പരിശോധിക്കുന്നത്. അതോടൊപ്പം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലാബുകളിലും പരിശോധിക്കുന്നു. ഈ സംവിധാനത്തിലൂടെ സംസ്ഥാനത്തെ മത്സ്യവിപണനം രാസവസ്തു മുക്തമാണെന്ന് ഉറപ്പുവരുത്തുന്നു. മത്സ്യത്തിൽ രാസവസ്തു കലർത്തി വിൽപ്പന നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button