Latest NewsInternational

കോവിഡ് മൂലം പ്രതിരോധശേഷി കുറഞ്ഞ കുട്ടികള്‍ക്ക് ലോകവ്യാപകമായി ഹെപ്പറ്റൈറ്റിസ് ബാധ: 169 കുട്ടികള്‍ക്ക് ഗുരുതരം

ലണ്ടന്‍: കോവിഡ് ബാധയ്ക്ക് ശേഷം ഹെപ്പറ്റൈറ്റിസിന്റെ ദുരൂഹമായ ഒരു വകഭേദം ബാധിച്ചതിനെ തുടര്‍ന്ന് ബ്രിട്ടനില്‍ രണ്ടു കുട്ടികള്‍ക്ക് കൂടി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. പത്തോളം കുട്ടികള്‍ ഇപ്പോള്‍ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പിലാണ്. 114 കുട്ടികളെ കൂടി ഈ വിചിത്രമായ രോഗം ബാധിച്ചിട്ടുണ്ടെന്നു മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്യുന്നു. അധികവും 5 വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് ഇത് ബാധിക്കുന്നത്.

അതിസാരവും ഛര്‍ദ്ദിയുമായിരിക്കും ആദ്യം ഉണ്ടാവുക. പിന്നീട് അത് മഞ്ഞപ്പിത്തമായി മാറും. ത്വക്കും കണ്ണുകളും മഞ്ഞ നിറമുള്ളതാകുക, മൂത്രത്തിന് കടുത്ത നിറം വരിക, ചൊറിച്ചില്‍, പേശീ വേദന പനി, വയറു വേദന, വിശപ്പില്ലായ്മ എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്. ഇതിലേതെങ്കിലും ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്ന് യു കെ ഏജന്‍സിയിലെ ക്ലിനിക്കല്‍ ആന്‍ഡ് എമേര്‍ജിങ് ഇന്‍ഫെക്ഷന്‍സ് വിഭാഗം ഡയറക്ടര്‍ ഡോ. മീര ചാന്ദ് ആവശ്യപ്പെട്ടു.

അമേരിക്ക, അയര്‍ലന്‍ഡ്, സ്പെയിന്‍ എന്നിവ ഉള്‍പ്പടെ 12 രാജ്യങ്ങളില്‍ കുട്ടികള്‍ക്കിടയില്‍ കണ്ടെത്തിയ ഈ ദുരൂഹ രോഗത്തെ കുറിച്ച്‌ മാതാപിതാക്കള്‍ കരുതലെടുക്കണമെന്ന് യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് ബാധിച്ച കുട്ടികള്‍ ആരും തന്നെ ബ്രിട്ടനില്‍ വാക്സിന്‍ അനുവദനീയമായ പ്രായത്തിലുള്ള കുട്ടികളല്ല. അതുകൊണ്ടു തന്നെ അവര്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുമില്ല.
ഈ പുതിയ രോഗത്തെക്കുറിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നുണ്ട്.

ജലദോഷം, തുമ്മല്‍ പോലുള്ളവയ്ക്ക് കാരണമാകുന്ന അഡെനൊവൈറസ് പോലുള്ള ഒരു വൈറസാണ് ഇതിന്റെ രോഗകാരി എന്നാണ് പ്രാഥമിക നിഗമനം. ലോക്ക്ഡൗണ്‍ കാലത്തെ ജീവിതം കുട്ടികളില്‍ സ്വാഭാവിക പ്രതിരോധശേഷി കുറച്ചിട്ടുണ്ടാകാം എന്നാണ് ശാസ്ത്രജ്ഞർ അനുമാനിക്കുന്നത്. കരളിനെ ബാധിക്കുന്ന രോഗമായതിനാല്‍ ഇത് മരണകാരണവും ആകാം. മറ്റൊരു കൂട്ടര്‍ ഇതിനെ ഒരു പുതിയ കോവിഡ് വകഭേദമായിട്ടാണ് കാണുന്നത്. അതല്ല, കോവിഡിനൊപ്പം അഡെനൊ വൈറസും ബാധിക്കുന്നതാണെന്നും അഭിപ്രായമുണ്ട്.

കോവിഡ് വാക്സിന്റെ പാര്‍ശ്വഫലമാകാം എന്നൊരു അഭ്യുഹം ഉണ്ടായിരുന്നെങ്കിലും അധികൃതര്‍ അത് പാടെ നിഷേധിച്ചിരിക്കുകയണ്. മാര്‍ച്ച്‌ അവസാനം സ്‌കോട്ട്ലാന്‍ഡില്‍ ഈ അജ്ഞാത രോഗത്തിന്റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം ഇതുവരെ ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 170 കേസുകളാണ്.

അസുഖം ബാധിച്ച 99 ശതമാനം പേരിലും മരുന്നുകള്‍ കൊണ്ടു തന്നെ കരളിനെ പുന:പ്രവര്‍ത്തനത്തിന് സജ്ജമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കരൾ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും മരണവുമെല്ലാം അപൂര്‍വ്വമാണെന്നുമാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നത്. അതുകൊണ്ടു തന്നെ, കൃത്യസമയത്ത് ചികിത്സിച്ചാല്‍ ഭേദമാകുന്ന രോഗം മാത്രമാണിതെന്നും അവര്‍ പറയുന്നു. ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയാല്‍ എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടിയാല്‍ ഭയക്കേണ്ടതില്ല എന്നും അവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button