KeralaCinemaMollywoodLatest NewsNewsEntertainment

‘വിജയ് ബാബു എന്ന ഇരപിടിയൻ, ആക്രമിക്കപ്പെട്ട സ്ത്രീയെ ‘വെടി’യാക്കുന്ന പൊതുബോധം’: ശ്രീജ നെയ്യാറ്റിൻകര

തിരുവനന്തപുരം: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ഉയർന്ന ബലാത്സംഗക്കേസിൽ പ്രതികരണവുമായി സാമൂഹിക പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര. പരാതിക്ക് പിന്നാലെ, ഫേസ്‌ബുക്ക് ലൈവിൽ വന്ന് നടിയുടെ പേര് വെളിപ്പെടുത്താനും മാത്രം ധൈര്യം വിജയ് ബാബുവിന് ലഭിച്ചത് എങ്ങിനെയെന്ന് പറയുകയാണ് ശ്രീജ. ആ ധൈര്യത്തിന്റെ പേരാണ് പുരുഷ പ്രിവിലേജ് അഥവാ ആണഹന്ത. ആ ആണഹന്തയ്ക്കാണ് അയാൾക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിർത്താതെ കൈയ്യടി ലഭിക്കുന്നതെന്നും ശ്രീജ പറയുന്നു.

‘ഈ ആണഹന്തയ്ക്ക് സമ്പത്തും അധികാരവും സെലിബ്രേറ്റി സ്റ്റാറ്റസും കൂടെ ഉണ്ടായാൽ പിന്നെ, ഇരയാക്കപ്പെട്ടതോ ആക്രമിക്കപ്പെട്ടതോ ആയ സ്ത്രീ ഒരു ‘വെടി’യാണ് പൊതുബോധത്തിന്. വിജയ് ബാബുമാർ ഓരോ പെണ്ണിന് ചുറ്റിലുമുണ്ട്. ചിലപ്പോൾ പ്രേമാഭ്യർത്ഥന നടത്തിക്കൊണ്ട്, ചിലപ്പോൾ തൊഴിലുടമയുടെ രക്ഷക വേഷത്തിൽ, ചിലപ്പോൾ നമ്മളെ വാനോളം പുകഴ്ത്തിക്കൊണ്ട്, ചിലപ്പോൾ ഭാര്യയ്ക്ക് തന്നോടുള്ള സ്നേഹക്കുറവ് പറഞ്ഞു കൊണ്ട്, ചിലപ്പോൾ താനും ഭാര്യയുമൊത്തുള്ള സമാനതകളില്ലാത്ത പ്രേമ ജീവിതം പറഞ്ഞു കൊണ്ട്’, ശ്രീജ നെയ്യാറ്റിൻകര വ്യക്തമാക്കി.

ശ്രീജയുടെ ഫസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഓരോ സ്ത്രീകൾക്ക് പിന്നാലെയുമുണ്ട് ഇന്നലെ നമ്മൾ ലൈവിൽ കണ്ട വിജയ് ബാബുമാർ … ഒരു സ്ത്രീയെ ലൈംഗിക ചൂഷണം നടത്തുകയും ആക്രമിക്കുകയും ചെയ്തവൻ യാതൊരു ഭയവുമില്ലാതെ ഫേസ് ബുക്ക് ലൈവിൽ വന്ന് നടത്തിയ വെല്ലുവിളി നമ്മൾ കണ്ടതാണ് .. നീതിന്യായ വ്യവസ്ഥയെ പോലും പുല്ലുവില കല്പിച്ചു കൊണ്ട് ഇരയുടെ പേരടക്കം വിളിച്ചു പറയാൻ വിജയ് ബാബു എന്ന സിനിമാ പ്രവർത്തകന് കിട്ടിയ ധൈര്യം എവിടെ നിന്നാണെന്നറിയാമോ … ആ ധൈര്യത്തിന്റ പേരാണ് പുരുഷ പ്രിവിലേജ് അഥവാ ആണഹന്ത ആ ആണഹന്തയ്ക്കാണ് അയാൾക്ക് സോഷ്യൽ മീഡിയയിൽ നിർത്താതെ കയ്യടി കിട്ടുന്നത് .. പരാതിക്കാരിയായ സ്ത്രീയെ സദാചാര വിചാരണയ്ക്ക് ഇരയാക്കുന്നതും ഇതേ ആണഹന്തയാണ് … ഈ ആണഹന്തയ്ക്ക് സമ്പത്തും അധികാരവും സെലിബ്രേറ്റി സ്റ്റാറ്റസും കൂടെ ഉണ്ടായാൽ പിന്നെ ഇരയാക്കപ്പെട്ട, ആക്രമിക്കപ്പെട്ട സ്ത്രീ ഒരു ‘വെടി’യാണ് പൊതുബോധത്തിന് …

ആർത്തവ സമയത്ത് സെക്സ് നിരസിച്ച സ്ത്രീയെ വയറ്റിൽ ചവിട്ടുകയും അവളുടെ മുഖത്തേക്ക് കഫം തുപ്പുകയും ചെയ്യുന്ന പുരുഷനെ ഒരു സ്ത്രീ പൊതുസമൂഹത്തിന് ചൂണ്ടിക്കാണിച്ചു കൊടുക്കുകയാണ് .. അങ്ങനെയുള്ള നിരവധി വിജയ് ബാബുമാർ നമുക്ക് ചുറ്റിലുമുണ്ട്.. അവരാണ് അഭിപ്രായം പറയുന്ന സ്ത്രീക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തുന്ന, സ്ത്രീ ശരീരത്തെ കേവല ലൈംഗിക വസ്തുവായി കാണുന്ന, അവസരം കിട്ടിയാൽ റേപ്പ് ചെയ്യാൻ സാധ്യതയുള്ള പൊട്ടൻഷ്യൽ റേപ്പിസ്റ്റുകൾ … അവർക്ക് അഭിപ്രായം പറയുന്ന സ്ത്രീകളെ ആർജ്ജവത്തോടെ സംസാരിക്കുന്ന സ്ത്രീകളെ സഹിക്കാനേ കഴിയില്ല.. ആൺ ഹൂങ്ക് മസ്‌തിഷ്കത്തിൽ നുരഞ്ഞു പതയുന്നവർ അവർക്ക് സ്ത്രീയെന്നാൽ ആണിനാൽ സംരക്ഷിക്കപ്പെടേണ്ട കേവല ശരീരം മാത്രമാണ് വെറുമൊരു ഭോഗവസ്തു … അത്തരക്കാർ പല രൂപങ്ങളിലും ഭാവങ്ങളിലും നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടും… അതിലൊരാളാണ് വിജയ് ബാബു ..

സ്ത്രീയെ, അവളുടെ വ്യക്തിത്വത്തെ ബഹുമാനിക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്തവർ ആണത്വത്തിൽ അഹങ്കരിക്കുന്നവർ അവരിൽ ഓരോരുത്തരിലും വിജയ് ബാബുമാർ ഒളിഞ്ഞിരിപ്പുണ്ട് അവസരം കിട്ടുമ്പോൾ മീശ പിരിക്കാൻ … താൻ ഒരാണാണ് എന്ന ഹൂങ്കിൽ ജീവിക്കുന്ന പുരുഷനുമായി പ്രേമത്തിലോ പ്രണയത്തിലോ രതിയിലോ എന്തിനേറെ സൗഹൃദത്തിലോ ഏർപ്പെടാൻ സ്വത്വ ബോധമുള്ള സ്ത്രീകൾക്ക് കഴിയില്ല .. ആണഹന്ത പേറുന്ന ഒരു പുരുഷനുമായി സെക്സിലേർപ്പെടുന്നത് പോലൊരു ദുരന്തം പെണ്ണിന് വേറെയുണ്ടാകില്ല അക്ഷരാർത്ഥത്തിൽ അതൊരു ബലാൽസംഗം തന്നെയായിരിക്കും .. അത്തരക്കാർക്ക് ഓരോ സ്ത്രീകളും തന്നെ ആനന്ദിപ്പിക്കാനുള്ള ശരീരങ്ങൾ മാത്രമാണ്
വിജയ് ബാബുവെന്ന ഇര പിടിയന്റെ മോഡസ് ഓപ്പറാണ്ടി നോക്കൂ…

സിനിമാ രംഗത്ത് വളരെ ആഗ്രഹത്തോടെ, പ്രതീക്ഷയോടെ തൊഴിൽ തേടി എത്തിയ പുതുമുഖമായ സ്ത്രീയോട് സൗഹൃദം സ്ഥാപിക്കുക , അതിന് ശേഷം അവളോട് വളരെ മാന്യമായി പെരുമാറി വിശ്വാസം നേടിയെടുക്കുക,ഒരു പുതുമുഖമെന്ന നിലയിൽ അവൾക്ക് വേണ്ട മാർഗനിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുക,ഒരു രക്ഷകനായി തോന്നിപ്പിക്കും വിധത്തിൽ പെരുമാറുക .. കാമുകനാകുക ,ലൈംഗിക ചൂഷണം നടത്തുക പ്രതിഷേധങ്ങൾക്ക് വില കൽപിക്കാതെ മദ്യം നൽകി അയാളുടെ ലൈംഗികാസക്തിക്ക് ആ സ്ത്രീ ശരീരത്തെ ഉപയോഗിക്കുക അതിനിടയിൽ വിവാഹ വാഗ്ദാനം നൽകുക … നോക്കൂ എത്ര കൃത്യമായാണ് അയാൾ ആ സ്ത്രീയെ ചൂഷണം ചെയ്തിരിക്കുന്നത് എന്തെങ്കിലും ഒരു സത്യസന്ധത ആ ബന്ധത്തോട് അയാൾ കാണിച്ചിട്ടുണ്ടോ.. എന്നാൽ ആ സ്ത്രീയുടെ വിശ്വാസത്തെ അയാൾ നേടിയെടുക്കുകയും ചെയ്തു .. ഇങ്ങനെയൊക്കെയാണ് ഇത്തരക്കാർ ലൈംഗിക ബന്ധത്തിനുള്ള കൺസെന്റ് നേടിയെടുക്കുന്നത്… തനിക്ക് മടുക്കുന്നത് വരെ അയാൾക്ക് ആ ബന്ധം തുടരണം അതിന് ശേഷം അയാൾക്കത് വലിച്ചെറിയാം .അതിന് വേണ്ടി അയാൾ സ്നേഹവും പ്രണയവുമെല്ലാം അഭിനയിക്കും നിന്നേക്കാൾ വലുതായി എനിക്കൊന്നുമില്ലെന്ന് ആയിരം വട്ടം പറഞ്ഞവളുടെ വിശ്വാസം നേടിയെടുക്കും.. ഈ ലോകത്ത് നിന്നെയല്ലാതെ മറ്റാരേയും പ്രേമിച്ചിട്ടില്ലെന്ന് ആണയിട്ട് പറയും .. വാക്കുകൾക്ക് യാതൊരു ആത്മാർഥതയുമില്ലാതെ എന്താണോ വേട്ടക്കാരൻ ലക്ഷ്യം വയ്ക്കുന്നത് അത് അവളിൽ നിന്നയാൾ മതിയാവോളം നേടിയെടുക്കും .. അതിനയാൾ എന്തഭിനയവും നടത്തും ഫെമിനിസത്തെ കുറിച്ച് പോലും പെണ്ണിന് മുന്നിൽ വാചാലയാകുന്ന എത്രയോ മെയിൽ ഷോവനിസ്റ്റുകളെ കണ്ടിരിക്കുന്നു …

ഇനി ഏതെങ്കിലും കാലത്ത് തന്നിൽ നിന്ന് പീഡനം ഉണ്ടായെന്നവൾ പറഞ്ഞാൽ ഉഭയസമ്മതമായിരുന്നു എന്നതിന് അവൻ തെളിവുണ്ടാക്കി വച്ചിട്ടുണ്ടാകും … തീർന്നില്ല അവൾക്കെതിരെ ആളെ കൂട്ടി സദാചാര വിചാരണ നടത്താൻ മെയിൽ ഷോവനിസ്റ്റിന്റെ ഒരു ഇരവാദ കുറിപ്പോ ലൈവോ മതി സംഗതി ശുഭം…വിജയ് ബാബുമാർ ഓരോ പെണ്ണിന് ചുറ്റിലുമുണ്ട്… ചിലപ്പോൾ പ്രേമാഭ്യർത്ഥന നടത്തിക്കൊണ്ട്, ചിലപ്പോൾ തൊഴിലുടമയുടെ രക്ഷക വേഷത്തിൽ, ചിലപ്പോൾ നമ്മളെ വാനോളം പുകഴ്ത്തിക്കൊണ്ട്, ചിലപ്പോൾ ഭാര്യയ്ക്ക് തന്നോടുള്ള സ്നേഹക്കുറവ് പറഞ്ഞു കൊണ്ട്, ചിലപ്പോൾ താനും ഭാര്യയുമൊത്തുള്ള സമാനതകളില്ലാത്ത പ്രേമ ജീവിതം പറഞ്ഞു കൊണ്ട് .. പല വേഷത്തിൽ പല ഭാവത്തിൽ പല രൂപത്തിൽ അതൊക്കേയും ആണഹന്തയുടെ ചിലന്തി വലകൾ തന്നെയാണ് ഇവറ്റകളെ തുറന്നു കാട്ടുക മാത്രേയുള്ളൂ അതിജീവിക്കുക മാത്രേയുള്ളൂ വഴി …

shortlink

Related Articles

Post Your Comments


Back to top button