Latest NewsIndiaInternational

‘ടിബറ്റ് ചൈനയുടെ ഭാഗമാണെന്നു സമ്മതിച്ചു കൊടുക്കുകയാണ് അന്ന് നെഹ്‌റു ചെയ്തത്’ : മുൻ ടിബറ്റ് പ്രസിഡന്റ് പെന്‍പ സെറിങ്

അത്രമേല്‍ ആത്മബന്ധം ഉണ്ടായിരുന്ന ചൈനയുടെ അധിനിവേശം നെഹ്‌റുവിനെ തളര്‍ത്തിയെന്നും അദ്ദേഹത്തിന്റെ മരണത്തിന് ഇത് കാരണമായെന്നു വിശ്വസിക്കുന്നവരും ഉണ്ട്.

വാഷിങ്‌ടൺ : ചൈനയ്ക്ക് ഇന്ത്യയുമായുള്ള ശത്രുതയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് ടിബറ്റ് ആണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ഇന്ത്യയിലാണെന്നതാണ് അതിന് ഒരു കാരണം. ഇപ്പോഴും ആ ജനതയ്ക്കു മേല്‍ അദ്ദേഹത്തിന്റെ സ്വാധീനം ശക്തമാണ്. 1959ലാണ് ടിബറ്റന്‍ ആത്മീയാചാര്യനായ പതിനാലാം ദലൈലാമ അനുയായികള്‍ക്കൊപ്പം ഇന്ത്യയിലേക്കു പലായനം ചെയ്യുന്നത്. 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നതും ടിബറ്റന്‍ വിഷയമാണ്. അതിര്‍ത്തി പ്രശ്നങ്ങള്‍ രൂക്ഷമായതും രാഷ്ട്രീയ നിലപാടുകളില്‍ ഉള്ള ഭിന്ന അഭിപ്രായങ്ങളും യുദ്ധത്തില്‍ കലാശിക്കുകയായിരുന്നു.

അതേസമയം, വിഷയത്തിൽ പ്രതികരണവുമായി നാടുകടത്തപ്പെട്ട ടിബറ്റൻ പ്രസിഡന്റ് പെന്‍പ സെറിങ് രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. 1962 ല്‍ ചൈന ഇന്ത്യന്‍ പ്രദേശങ്ങളില്‍ കടന്നുകയറുന്നതുവരെ ചൈനയെ കണ്ണുംപൂട്ടി വിശ്വസിക്കുന്ന സമീപനമാണ് പ്രഥമ പ്രധാനമന്ത്രി, ജവാഹര്‍ലാല്‍ നെഹ്‌റു സ്വീകരിച്ചിരുന്നതെന്ന് പെന്‍പ സെറിങ് പറയുന്നു. എന്നാൽ, ടിബറ്റിന്റെ പരമാധികാരം സംബന്ധിച്ച്‌ നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്നില്ലെന്നും ഇത്തരം സാഹചര്യങ്ങളില്‍ ദേശീയ താല്‍പര്യമാണ് ഏത് രാജ്യത്തെയും മുന്നോട്ടു നയിക്കുന്നതെന്നും പെന്‍പ സെറിങ് പറഞ്ഞു.

‘ചൈനയുടെ പരമോന്നത നേതാവായിരുന്ന മാവോ സെദുങ്ങും നെഹ്‌റുവും തമ്മില്‍ 1959 ല്‍ നടന്ന കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ഇന്ത്യ ചൈന ഭായി – ഭായി എന്ന മുദ്രവാക്യം പിറവി കൊണ്ടത്. അത്രമേല്‍ ആത്മബന്ധം ഉണ്ടായിരുന്ന ചൈനയുടെ അധിനിവേശം നെഹ്‌റുവിനെ തളര്‍ത്തിയെന്നും അദ്ദേഹത്തിന്റെ മരണത്തിന് ഇത് കാരണമായെന്നു വിശ്വസിക്കുന്നവരും ഉണ്ട്. 2014 മുതല്‍, ടിബറ്റിനോടുള്ള ഇന്ത്യന്‍ കാഴ്ച്ചപ്പാടില്‍ മാറ്റം വന്നുവെന്നാണ് വിശ്വസിക്കുന്നത്’ പെന്‍പ സെറിങ് പറഞ്ഞു.

ടിബറ്റിന്റെ പരമാധികാരം സംബന്ധിച്ചുള്ള നെഹ്‌റുവിന്റെ കാഴ്ചപ്പാട് നയതന്ത്ര വീഴ്ചയായി പലരും വ്യാഖ്യാനിക്കുന്ന സാഹചര്യത്തിലാണ് പെന്‍പ സെറിങിന്റെ പ്രതികരണം. ‘ടിബറ്റ് ചൈനയുടെ ഭാഗമാണെന്നു സമ്മതിച്ചു കൊടുക്കുകയാണ് ഇന്ത്യ അന്ന് ചെയ്തത്. നെഹ്‌റു ചൈനയെ അത്രമേല്‍ വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ ലോകവീക്ഷണവും അതിനു കാരണമായിട്ടുണ്ടാകാം.’ യുഎസ് സന്ദര്‍ശനത്തിനിടെ വാഷിങ്‌ടണിൽ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സെറിങ് പറഞ്ഞു. ഇന്ത്യ മാത്രമല്ല ഭൂരിഭാഗം രാജ്യങ്ങളും ടിബറ്റിനു മേലുള്ള ചൈനീസ് അവകാശവാദത്തെ അംഗീകരിക്കുന്നവരാണെന്നും പെന്‍പ സെറിങ് പറഞ്ഞു.

അതേസമയം, പുറംലോകത്തുള്ള ടിബറ്റന്‍ അഭയാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ ടിബറ്റന്‍ പൗരന്മാര്‍ ചൈനയിലുണ്ട്. അവരില്‍ ചൈന അനുകൂല മനോഭാവം വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ടിബറ്റ് ചൈനയുടെ ഭാഗമാണെന്ന് ഇന്ത്യ അംഗീകരിച്ചിട്ടുണ്ടെങ്കിലും ചരിത്രപരമായിത്തന്നെ ടിബറ്റ് ചൈനയുടെ ഭാഗമായി അംഗീകരിക്കണമെന്നാണ് അവരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button