Latest NewsIndia

ഇന്ത്യൻ ഹിസ്റ്ററി എന്ന പേരിൽ തലമുറകൾക്ക് പകർന്നു നൽകിയത്   കെട്ടിപ്പൊക്കിയ വൈദേശിക ചരിത്ര നിർമ്മിതികൾ മാത്രം – അഞ്ജു

അഞ്ജു പാർവതി പ്രഭീഷ്

ശരിക്കും ചരിത്രത്തെ തമസ്കരിച്ചത് ആരാണ്? പുകൾപ്പെറ്റ ചോളസാമ്രാജ്യത്തിലെ അധികാരചിഹ്നത്തിന് സ്വാതന്ത്ര്യ ഇന്ത്യയുടെ പിറവി ദിനത്തിൽ കിട്ടിയ അംഗീകാരത്തിനെ വിസ്‌മൃതിയുടെ ചവറ്റുകൊട്ടയിൽ വലിച്ചെറിഞ്ഞത് ആരാണ്? നമ്മുടെ പൈതൃകത്തിന്റെയും സംസ്കൃതിയുടെയും ഭാഗമായിരുന്ന മഹാജനപദങ്ങൾക്കും അതിൽ ഉണ്ടായിരുന്ന മഹാസാമ്രാജ്യങ്ങൾക്കും ഉള്ളതിനേക്കാൾ പ്രാധാന്യം വൈദേശികരുടെ സാമ്രാജ്യത്തിന് കല്പ്പിച്ചു നൽകിയ ചരിത്ര പാഠപുസ്തകളിലൂടെ നിങ്ങൾ മറച്ചു വച്ചത് യഥാർത്ഥ ഭാരതീയ ചരിത്രമാണ്. ഇന്ത്യൻ ഹിസ്റ്ററി എന്ന പേരിൽ തലമുറകൾക്ക് പകർന്നു നൽകിയത് യഥാർത്ഥ ഭാരതീയ ചരിത്രമായിരുന്നില്ല മറിച്ച്‌ കെട്ടിപ്പൊക്കിയ വൈദേശിക ചരിത്ര നിർമ്മിതികൾ മാത്രമായിരുന്നു..

ചരിത്രപരമായ രേഖകൾ അനുസരിച്ച്, ആഗസ്ത് 15 ന് അധികാര കൈമാറ്റത്തിന്റെ പ്രതീകമായി പിന്തുടരേണ്ട ചടങ്ങിനെക്കുറിച്ച് മൗണ്ട് ബാറ്റൺ നെഹ്‌റുജിയോട് ചോദിച്ചിരുന്നു എന്നത് ചരിത്രം!! ആ ദൗത്യം നെഹ്‌റുജി സി രാജഗോപാലാചാരിക്ക് ഏൽപ്പിച്ചുവെന്നതും ചരിത്രം! തമിഴ് നാട്ടിൽ നിന്നുള്ള ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറലായ രാജഗോപാലാചാരി ചോളന്മാരുടെ അധികാര കൈമാറ്റ രീതിയെ കുറിച്ചും അതിന് ഉപയോഗിക്കുന്ന “സെങ്കോൽ” നെ കുറിച്ചും നെഹ്‌റുവിനോട് നിർദ്ദേശിക്കുന്നു. അധികാര കൈമാറ്റം പ്രതീകാത്മകമായി അങ്ങനെ ചെയ്യാമെന്ന് തുടർന്ന് തീരുമാനിക്കപ്പെടുന്നു!

രാജഗോപാലാചാരി തമിഴ് നാട്ടിലെ പേരു കേട്ട ആത്മീയ സങ്കേതമായ തിരുവാടുതുറൈ ശൈവ മഠത്തിനെ സമീപിച്ചു ആവശ്യം അറിയിക്കുന്നു. തഞ്ചാവൂർ ജില്ലയിലെ നാല് ക്ഷേത്രങ്ങളുടെ പാരമ്പര്യ ട്രസ്റ്റിയായ അധീനം നൽകിയ ഉത്തരവിനെ തുടർന്ന് മദ്രാസിൽ നിന്നുള്ള സ്വർണ്ണപ്പണിക്കാരൻ, വുമ്മിടി ബങ്കാരു ചെട്ടി സെങ്കോൽ നിർമ്മിക്കുന്നു. ചരിത്രം!!

ശേഷം ഗംഗാജലത്താൽ ശുദ്ധി ചെയ്ത ചെങ്കോൽ അഥവാ സെങ്കോൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൻ്റെ അർദ്ധരാത്രിയ്ക്ക് പതിനഞ്ച് മിനിട്ട് മുന്നേ അതായത് 1947 ആഗസ്ത് 14, 11.45 ന് ചടങ്ങുകളുടെ അകമ്പടിയോടെ നെഹ്റുവിനു കൈമാറുന്നു. തിരുവടുതുറൈ അധീനത്തിന്റെ മഹന്തിൽ നിന്ന് നെഹ്‌റു ചെങ്കോൽ സ്വീകരിച്ചു. കൈമാറ്റ വേളയിൽ ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശൈവ കവിയായ തിരുജ്ഞാന സംബന്ദരുടെ പതികത്തിലെ വരികൾ ചൊല്ലുന്നു. റിയൽ ചരിത്രം!!

അവിടെ തീരുന്നു ആ റിയൽ ചരിത്രവും അധികാരചിഹ്നത്തിന്റെ പുകളും!!അല്ല മനഃപൂർവ്വം തമസ്കരിക്കുന്നു. പിന്നീട് 1978 ഓഗസ്റ്റ് 15-ന് കാഞ്ചി മഠത്തിലെ ചന്ദ്രശേഖരേന്ദ്ര സരസ്വതി ഒരു സംഭാഷണത്തിൽ ഈ സംഭവം അനുസ്മരിക്കുന്നു.ഡോ.ബി.ആർ.സുബ്രഹ്‌മണ്യവുമായി ഇക്കാര്യം ചർച്ച ചെയ്യുകയും സുബ്രഹ്‌മണ്യം തന്റെ പുസ്തകത്തിലൂടെ ഈ ചർച്ചയ്ക്ക് ഇടം നൽകുകയും ചെയ്തെങ്കിലും അപനിർമ്മിതികൾക്ക് പ്രാധാന്യം നൽകുന്ന “sickularist “കൾ അത് പ്രാധാന്യം നൽകാതെ ചവറ്റു കൊട്ടയിൽ തള്ളുന്നു…

അതായത് അത്രമേൽ ചരിത്രപ്രധാനമായൊരു ചടങ്ങും ഒരു അധികാര ചിഹ്നവും നമുക്ക് ഉണ്ടായിരുന്നിട്ടും അതിനെ കുറിച്ചു നമ്മൾ അറിയുന്നതും കേൾക്കുന്നതും എഴുപത്തഞ്ചു ആണ്ടുകൾക്ക് ഇപ്പുറം എന്ന് തിരിച്ചറിയുന്നിടത്ത് ഓരോ പൗരനും സ്വയം തിരിച്ചറിയേണ്ട ഒരു വസ്തുത ഉണ്ട്. കേവലം ചരിത്ര പാഠപുസ്തകങ്ങൾ കൊണ്ട് നാം അറിഞ്ഞത് ഒന്നുമല്ല നമ്മുടെ യഥാർത്ഥ സംസ്കൃതിയും പൈതൃകവും. റോമില ഥാപ്പർ എഴുതിയ Ancient India മാത്രം അല്ല നമ്മുടെ പ്രാചീന ചരിത്രം.!

അതുപോലെ തന്നെ ചിലർക്ക് തമസ്കരിക്കാനും , മറ്റു ചിലർക്ക് പ്രാദേശികവൽക്കരിക്കാനും വിട്ടുകൊടുക്കേണ്ട ഒന്നല്ല മഹത്തായ ചോള സാമ്രാജ്യവും ചരിത്രവും. കന്യാകുമാരി മുതൽ വടക്ക് ഗംഗാ സമതലം വരെയും കിഴക്ക് ചൈനയുടെയും ഓസ്‌ട്രേലിയയുടെയും അതിരുകൾ വരെയും പരന്നുകിടന്ന വലിയൊരു സാമ്രാജ്യം കെട്ടിപ്പടുത്തവരായിരുന്നു ചോളർ.ലോകത്തിലെ ആദ്യ ബ്ലൂ വാട്ടർ നാവികസേനയും ചോളരുടേതായിരുന്നു. അതായത് ദക്ഷിണ ഇന്ത്യൻ സമുദ്രം മുതൽ പസഫിക്കിലെ ദക്ഷിണ ചൈന കടൽ വരെ നിയന്ത്രിച്ചിരുന്ന സൂപ്പർ പവർ ആയിരുന്നു അവർ. പ്രാചീന ഭാരത ചരിത്രത്തിൽ ചോളരോട് കിടനിൽക്കുവാൻ തക്ക സൈനികവും സാമ്പത്തികവുമായ ശക്തി ആർജ്ജിച്ചിരുന്നത് മൗര്യ സാമ്രാജ്യവും ഗുപ്ത സാമ്രാജ്യവും മാത്രമായിരുന്നു.

ചോള സംസ്കാരത്തിനും സാമ്രാജ്യത്വത്തിനും ഇന്ത്യയുടെ ചരിത്രത്തിലും സാംസ്കാരിക പാരമ്പര്യത്തിലും അത്യുന്നതമായ സ്ഥാനമാണുള്ളത്. ആ സ്ഥാനമാണ് ഇന്ന് നമ്മുടെ രാജ്യം ലോകം മുഴുവൻ സാക്ഷിയാക്കി ആ മഹത്തായ സാമ്രാജ്യത്തിന് നൽകുന്നത്. തമസ്കരിക്കപ്പെട്ട യഥാർത്ഥ പൈതൃകവും സംസ്കൃതിയും ഇതാ ഫീനിക്സ് പക്ഷി കണക്കെ ചിറക് വിരിച്ചു നിൽക്കുന്നു.! ഈ സെങ്കോലിന്റെ ചരിത്രം, അനേകമനേകം ആണ്ടുകളുടെ വൈദേശിക അധിനിവേശത്തിൽ നിന്നും നമ്മുടെ ഭാരതം കൈവരിച്ച സ്വാതന്ത്ര്യത്തിന്റെ അടയാളപ്പെടുത്തലാണ്. ഒപ്പം അഖണ്ഡ ഭാരത സങ്കല്പത്തിൻ്റെ മുഖമുദ്രയായ സാംസ്കാരിക ഐക്യത്തിന്റെ ഊട്ടിയുറപ്പിക്കലും കൂടിയാണ്.

മൗര്യരും ഗുപ്തരും ശതവാഹനരും പല്ലവരും ചോളരും ചേരരും ഒക്കെ ചേർന്ന Ancient Classical Period നെ കുറിച്ച് പുതു തലമുറ അറിയട്ടെ, പഠിക്കട്ടെ!!
പിന്നെ ഒന്നും യാദൃശ്ചികമല്ല! ശൈവ വിധിപ്രകാരം നിർമ്മിക്കപ്പെട്ട, ശിവപാദകന്മാർ എന്ന് പുകൾപ്പെറ്റ ചോളന്മാരുടെ അധികാര ചിഹ്നത്തിന്റെ മുകളിൽ ഇരിക്കുന്ന നന്ദികേശൻ അങ്ങനെ വെറുതെ ഇരിക്കുന്നതല്ലല്ലോ…
ശിവം! ശിവമയം!

shortlink

Related Articles

Post Your Comments

Related Articles


Back to top button