KeralaLatest NewsNewsIndia

34 തവണ ‘തെരഞ്ഞെടുപ്പ് നിരീക്ഷണം’: റെക്കോര്‍ഡുമായി രാജു നാരായണ സ്വാമി

മുംബൈ: റെക്കോര്‍ഡുകള്‍ രാജു നാരായണസ്വാമിക്ക് പുത്തരിയല്ല. നേഴ്‌സറി മുതല്‍ സിവിള്‍ സര്‍വീസില്‍ വരെ പഠിച്ചിടത്തെല്ലാം ഒന്നാം റാങ്കുകാരനായിരുന്നു ഈ കേരള കേഡര്‍ ഐഎഎസുകാരന്‍. ഇപ്പോള്‍ വ്യത്യസ്ഥമായൊരു റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ് രാജു നാരായണ സ്വാമി. ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പുകള്‍ക്ക് നിരീക്ഷകനായി എന്നതാണത്. കേരളാ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമി മുപ്പത്തിനാലാമത്തെ തവണയും തെരഞ്ഞെടുപ്പ് നിരീക്ഷകനാവുകയാണ്. മഹാരാഷ്ട്ര കോൽഹാപ്പൂരിലെ ഉപതെരഞ്ഞെടുപ്പിലാണ് ഇത്തവണ നിരീക്ഷക കുപ്പായത്തി​ലെത്തുന്നത്. മൂന്നാം തവണയാണ് ഇദ്ദേഹം മഹാരാഷ്ട്രയിൽ നിരീക്ഷകനാകുന്നത്.

തെരഞ്ഞെടുപ്പു കമ്മീഷന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ നിരിക്ഷകനായിട്ടുള്ള ആളാണ് രാജു നാരായണ സ്വാമി. 2009 ല്‍ ബംഗാളിലെ കൂച്ച് ബെഹാര്‍ ലോകസഭാ തെരഞ്ഞെടുപ്പിലായിരുന്നു ആദ്യം നിരീക്ഷകനായി പോയത്. പിന്നീട് 16 സംസ്ഥാനങ്ങളില്‍ നിരീക്ഷണ ജോലി കിട്ടി. ജാര്‍ഘണ്ടില്‍ നെക്‌സല്‍ ഭീഷണി മേഖലയിലും സംസ്ഥാന വിഭജനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയില്‍ തെലുങ്കാനയിലും മികച്ച രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വാമിക്ക് പ്രത്യേക അനുമോദന കത്ത് നല്‍കിയിരുന്നു.

Also Read:പണപ്പെരുപ്പം: റിപ്പോ നിരക്ക് ഉയർത്തി ആർബിഐ

2018 ലെ സിംബാബ് വേ തെരെഞ്ഞെടുപ്പില്‍ അന്താരാഷ്ട്ര നിരീക്ഷകനായിരുന്നു അദ്ദേഹം. നിരീക്ഷണ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ‘കൂച്ച് ബെഹാര്‍ മുതല്‍ കൂല്‍ത്തളി വരെ’ എന്ന പുസ്തകവും അദ്ദേഹം എഴുതി. അദ്ദേഹമെഴുതിയ 30-മത്തെ പുസ്തകമാണത്. ‘ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയില്‍’ എന്ന യാത്രാവിതരണ ഗ്രന്ഥത്തിന് 2003 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. 200 ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സ്വാമി, ബൗദ്ധിക സ്വത്ത് അവകാശനിയമത്തിലെ ഗവേഷണങ്ങള്‍ക്ക് അമേരിക്കയിലെ ജോര്‍ജ് മസോണ്‍ യൂണിവേഴ്‌സിറ്റിയുടെ ലിയനാര്‍ഡോ ഡാവിഞ്ചി ഫെല്ലോഷിപ്പിനും അര്‍ഹനായി. സൈബര്‍ നിയമത്തില്‍ ഹോമി ഭാഭാ ഫെലോഷിപ്പും ലഭിച്ചു.

എസ്എല്‍സിക്കും പ്രീഡിഗ്രിക്കും ഡിഗ്രിക്കും എല്ലാം ഒന്നാം റാങ്കുകാരനായിരുന്ന രാജു നാരായണ സ്വാമി, ബാംഗ്ലൂര്‍ നാഷണല്‍ ലോ സ്‌കൂളില്‍ നിന്നും ഒന്നാം റാങ്കോടെ പിജി ഡിപ്ലോമയും എന്‍ എല്‍ യു ഡല്‍ഹിയില്‍ നിന്നും ഗോള്‍ഡ് മെഡലോടെ എല്‍ എല്‍ എം ഉം നേടിയിട്ടുണ്ട്. 1991 ബാച്ചിലെ ഉദ്യോഗസ്ഥനായ സ്വാമി നിലവില്‍ പാര്‍ലമെന്ററി കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആണ്. അഞ്ചു ജില്ലകളില്‍ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, കാര്‍ഷികോല്പാദന കമ്മീഷണര്‍, കേന്ദ്ര നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഴിമതിക്കെതിരെ ഉള്ള പോരാട്ടത്തിന് ഐ ഐ ടി കാണ്‍പൂര്‍ അദ്ദേഹത്തിന് 2018 ല്‍ സത്യേന്ദ്രദുബേ മെമ്മോറിയല്‍ അവാര്‍ഡ് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button