KeralaLatest NewsNews

വൈദ്യുതി ബോർഡ് ചെയർമാനും ഇടതുസംഘടനയും തമ്മിലുള്ള പ്രശ്‌നങ്ങൾക്കു പരിഹാരം

 

തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമായി. വൈദ്യുതി ബോർഡ് ചെയർമാൻ ബി അശോകും ഇടതു അനുകൂല സംഘടനയും തമ്മിലുള്ള പ്രശ്‌നങ്ങൾക്കു അ‌വസാനമായി. ഇടതു സംഘടനയായ കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്റെ മൂന്നു പ്രധാന നേതാക്കളെ സ്ഥലം മാറ്റിയ നടപടി പുനഃപരിശോധിക്കാൻ തീരുമാനിച്ചു. ഇതോടെ, സമരപരിപാടികളിൽ നിന്ന് പിൻമാറുകയാണെന്ന് സംഘടന യോഗത്തിൽ അറിയിച്ചു. ഊർജ പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ വിളിച്ച യോഗത്തിലാണ് തീരുമാനം.

സസ്‌പെൻഷൻ പിൻവലിച്ചതിനെ തുടർന്ന്, സ്ഥലം മാറ്റിയ 3 നേതാക്കളിൽ ജാസ്മിൻ ബാനുവിനെ തിരുവനന്തപുരത്തേക്കു മാറ്റും. അസോസിയേഷൻ പ്രസിഡന്റ് എം.ജി. സുരേഷ് കുമാർ, സെക്രട്ടറി ബി. ഹരികുമാർ എന്നിവർക്കെതിരെയുള്ള നടപടികൾ അവസാനിപ്പിച്ച് ഉചിതമായ സ്ഥലത്തു നിയമനം നൽകും. ഹരികുമാറിന്റെ തടഞ്ഞുവച്ച സ്ഥാനക്കയറ്റവും നൽകും. പ്രതിഷേധത്തിന്റെ ഭാഗമായി ബോർഡ് റൂമിലേക്കു തള്ളിക്കയറിവർക്കെതിരെ വലിയ നടപടികൾ ഉണ്ടാകില്ല. ഡയസ്‌നോൺ ഒഴിവാക്കുന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാനും തീരുമാനമായി.

സംഘടനാ പ്രവർത്തനത്തിനു സ്വാതന്ത്ര്യം ഉണ്ടാകുമെന്ന് സർക്കാർ ഉറപ്പു നൽകി. പരസ്യ പ്രതികരണത്തിനു മുൻപ് വൈദ്യുതി ബോർഡുമായി വിഷയം ചർച്ച ചെയ്യണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ മന്ത്രി കൃഷ്ണൻകുട്ടി സംഘടനാ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. ഇതനുസരിച്ചാണ് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഊർജ സെക്രട്ടറിയോട് നിർദേശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button